In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ജനാധിപത്രം

Monday, October 26, 2009

(ഇന്നത്തെ ഹിന്ദുവിലെ ശ്രീ സായിനാഥിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം)
പയ്യന്‍ : "പത്രക്കാരന്‍ സണ്ണി മരിച്ചു " എന്നാണ് കേട്ടിരുന്നത്...
പത്രക്കാരന്‍ സണ്ണി : ശരിയാണ്. പത്രക്കാരന്‍ സണ്ണി ഇപ്പോളില്ല. ഇപ്പോള്‍ ഞാന്‍ പത്ര കണ്‍സല്‍ട്ടന്റ്റ്‌ സണ്ണിയാണ്.
പയ്യന്‍ : മനസ്സിലായില്ല.
പ. സ : അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പത്രങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കും ഉപദേശം നല്‍കി ജീവിക്കുന്നു.
പയ്യന്‍ : അപ്പോള്‍ ഭാരിച്ച ജോലിയായിരിക്കും.
പ. സ : അങ്ങനെയില്ല. പണ്ട് പത്രം മൊത്തമായും ചില്ലറയായും വില്പനയായിരുന്നു. ഇപ്പോള്‍ പത്ര താളുകളിലെ കോളങ്ങള്‍ വില്‍ക്കുന്നു.
പയ്യന്‍ : വീണ്ടും മനസ്സിലായില്ല. എഡിറ്റര്‍ ആണോ?
പ. സ : ഡേയ് പയ്യന്‍, താനേത് ലോകത്തിലാണ് ജീവിക്കുന്നത്  ?എന്റെ പട്ടി ആകും എഡിറ്റര്‍ ... ഐ ആം എ കണ്‍സല്‍ട്ടന്റ്റ്‌‌...ഏതു വാര്‍ത്തകള്‍, ആരുടെ പേരുകള്‍, ആരെക്കുറിച്ചുള്ള ഫീച്ചറുകള്‍, അവക്കുള്ള വിലയെത്ര ഇതെല്ലാം തീരുമാനിക്കുന്നവര്‍ക്ക് ഞാന്‍ ഉപദേശം നല്‍കുന്നു...
പയ്യന്‍ : വിലയോ? ഇതെന്താ മീന്‍ ചന്തയോ?
പ. സ :  അങ്ങനെ പറയാന്‍ പറ്റില്ല . ചാകരയില്ലെങ്കില്‍ മീന്‍കാര്‍ക്ക് ബുദ്ധിമുട്ടാണ് . പക്ഷെ നമുക്ക്‌ എന്നും ചാകര തന്നെ.
പയ്യന്‍ : അപ്പോള്‍ പത്രങ്ങളുടെ സാമൂഹിക പ്രതിബദ്ധത?
പ. സ : മുടക്കുമുതലിന് മുകളില്‍ ലാഭം ഉണ്ടാക്കുക എന്നതാണ് എല്ലാ സ്ഥാപനങ്ങളും ചെയ്യേണ്ടത്. കയ്യില്‍ ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ലാഭം പരമാവധി വര്‍ധിപ്പിക്കുക. അതാണ്‌ മുതലാളിത്ത വ്യവസ്ഥയുടെ ഒരേയൊരു നിയമം. അങ്ങനെ ലാഭം കൂടുമ്പോള്‍ സമൂഹം താനേ അഭിവൃദ്ധിപ്പെടും. ഇതൊക്കെ ഇനി താന്‍ എന്ന് പഠിക്കും?
പയ്യന്‍ : എന്നാലും ചരിത്രം നിങ്ങളെ എങ്ങനെ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?
പ. സ : എടൊ, ചരിത്രം സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ചരിത്രത്തിലെ കഥാപാത്രങ്ങളുടെ റോള്‍ മാത്രമേ ഉള്ളു സമൂഹത്തിനു.
പയ്യന്‍ : ശരിയാണ്. അബദ്ധമാണ് ചരിത്രം എന്നു പ്രൊഫ ടോയെന്‍ബിയുടെ ശിഷ്യനായ സര്‍ ചാത്തു പറഞ്ഞിട്ടുണ്ട്.
പ. സ : കാലയവനികയില്‍ കാലു തട്ടി വീണു കഴിഞ്ഞയാളാണ് ചാത്തവന്‍. വീണവര്‍ക്ക് വോയിസ്‌ ഇല്ല.
പയ്യന്‍ : എന്നാലും?
പ. സ : സീ മിസ്റ്റര്‍ പയ്യന്‍...ഇതാണ് ശരി. ഉദാഹരണത്തിന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഒരു സേവനം ചെയ്തിട്ടാണ് ഞാന്‍ ഇപ്പൊ തിരിച്ചു എത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തില്‍ നിന്ന്.
പയ്യന്‍ : എങ്ങനെ?
പ. സ : തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവരുടെ പണി എളുപ്പമാക്കി കൊടുക്കുക എന്ന മഹത്തായ പത്രധര്‍മം. പത്രത്തില്‍ കോളങ്ങള്‍ വാങ്ങി സ്വന്തം വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നവനാണ് ഏറ്റവും കാശുള്ളവന്‍ എന്നു മനസ്സിലാക്കാന്‍ വായിക്കുന്നവന് വലിയ ബുദ്ധിയൊന്നും വേണ്ട. കാശുള്ളവനെ ജയിപ്പിക്കാതെ ഒരുത്തനും ഗതി പിടിക്കില്ല. അങ്ങനെ കാശുള്ളവനെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിനെ സഹായിക്കുക എന്നതാണ് ഇന്ന് പത്രങ്ങള്‍ ചെയ്യുന്നത്.
പയ്യന്‍ : അപ്പൊ പിന്നെ പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമെന്ത്?
പ. സ : ഒരു വ്യത്യാസവുമില്ല. ഉത്സവക്കാലത്ത് രണ്ടും കൂടുതല്‍ ആയിരിക്കുകയും ചെയ്യും.
പയ്യന്‍ : അപ്പൊ കേരളത്തിലും ഇനി ഇങ്ങനെ ആകുമോ കാര്യങ്ങള്‍?
പ. സ : ഇനി എന്താവാന്‍? കൂലിക്ക് എഴുത്ത് ഇവിടെ ഇപ്പോളെ ഉണ്ടല്ലോ... ഇതിനെ ഒന്ന് തേച്ചുമിനുക്കി എടുത്താല്‍ മതി. കൂടെ കൂടുന്നോ?
പയ്യന്‍ : പൈംപീക വൃത്തി ചെയ്യേണ്ട ഗതികേട് വന്നിട്ടില്ല. വരാതിരിക്കട്ടെ എന്ന് പ്രാര്ഥിക്കുന്നു. ആള്‍ ദി ബെസ്റ്റ്

ബ്ലോഗുധര്‍മ്മം!!

Thursday, October 22, 2009

മണലില്‍ എഴുതുന്നവനുമായി രണ്ടാഴ്ച മുമ്പ് നടന്ന ഒരു തര്‍ക്കം ഓര്‍മയില്‍ നിന്ന് മായും മുമ്പെയാണ് ഈ പോസ്റ്റു കാണുവാനിടയായത്. ഇത് എഴുതിയ ആളെയോ എഴുതാനുണ്ടായ സാഹചര്യമോ എനിക്കറിയില്ല. അറിയാന്‍ താല്പര്യവുമില്ല. എന്നാല്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് വിഷയം എന്നത് കൊണ്ട് എന്റേതായ ചില ചിന്തകള്‍ കുറിച്ചിടുന്നു എന്നുമാത്രം. ഇത് ഒന്നിനോടുമുള്ള പ്രതികരണമല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമാണ് ഒരു ബ്ലോഗ്‌ എന്ന മണലന്റെ  പരാമര്‍ശത്തില്‍ നിന്നാണ് ഞങ്ങളുടെ തര്‍ക്കം ചൂട് പിടിച്ചത്. ജനാധിപത്യത്തോടല്ല, അരാജകത്വത്തോടാണ് ബ്ലോഗിന് അടുപ്പം കൂടുതല്‍ എന്നാണു എന്റെ അഭിപ്രായം.അതിരുകളില്ലാത്ത സ്വാതന്ത്ര്യം കല്പിച്ചു കൊടുക്കുന്ന ഒരു മാധ്യമത്തെ ജനാധിപത്യപരമായ രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ നടത്തേണ്ട വിട്ടു വീഴ്ചകള്‍ ഒരു ബ്ലോഗിന്റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിനെതിരാനു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗ്‌ നിലനില്‍ക്കുന്നത് എഴുത്തുകാരന് വേണ്ടി മാത്രമാണ്. വായനക്കാരന്‍  ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കില്‍ അയാളുടെ അഭിപ്രായമെന്ത് എന്നീ വിഷയങ്ങള്‍ ബ്ലോഗിനെയും ബ്ലോഗറെയും സംബന്ധിച്ച് അപ്രസക്തമാണ്. മറ്റു മാദ്ധ്യമങ്ങളില്‍ നിന്ന് ബ്ലോഗിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാകണം. എനിക്ക് തോന്നുന്നതെന്തും (അത് പൊതുവായ ചുരുക്കം ചില നിയമങ്ങള്‍ക്കനുസരിച്ച് ആയിരിക്കുന്നിടത്തോളം കാലം) വാക്കിലൂടെയും വരകളിലൂടെയും, വീഡിയോയിലൂടെയും പ്രദര്ഷിപ്പികാനുള്ള സ്വാതന്ത്ര്യം മറ്റൊരു മാധ്യമവും നല്‍കില്ല. ഈ പറഞ്ഞ നിയമങ്ങള്‍ മറ്റു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കര്‍ക്കശവും എണ്ണമറ്റവയുമാണ്. മാത്രമല്ല അവയെ നിയന്ത്രിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളുടെ എണ്ണവും ശക്തിയും പോലും അധികമാണ്.

ഒരു ബ്ലോഗ്‌ (ഒരാളുടെ മാത്രം എന്നു അനുമാനം) ഒരു വ്യക്തിയുടെ മാത്രം താല്‍പര്യങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രകടനമാണ്. അതിനു പിന്നില്‍ ഒരു community / combined effort ഇല്ല. മാറിയ കാലത്തിനനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങളും മാറുമ്പോഴും അവയുടെ സാമൂഹിക പ്രാധാന്യം നഷ്ടമാകാതിരിക്കുനതിന്റെ ഒരു പ്രധാന കാരണം അവയുടെ പിന്നിലുള്ള ഈയൊരു അറിയപ്പെടുന്ന കൂട്ടായ്മയാണ് എന്നു ഞാന്‍ വാദിക്കും. ആലോചിച്ചു നോക്കൂ , വീരേന്ദ്രകുമാറിന്റെ മാത്രം ലേഖനങ്ങളും അദ്ദേഹം തിരഞ്ഞെടുക്കുന്ന വാര്‍ത്തകളും മാത്രം വരുന്ന ഒരു മാതൃഭൂമി, അത് എത്ര കുറഞ്ഞ വിലയില്‍ ആണെങ്കിലും, ആളുകള്‍ വായിക്കുമോ? മുതലാളി ആരായാലും, അറിയപ്പെടുന്ന ഒരു സംഘം ആളുകളുടെ കൂട്ടായ പ്രയത്നത്തില്‍ നിന്നുണ്ടാകുന്ന പത്രം വാങ്ങുന്ന വായനക്കാരന്‍ വിശ്വസിക്കുന്നത് ആ കൂട്ടായ്മയുടെ നന്മയിലാണ്. (നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്നു നൂറു ശതമാനം ബോധ്യം ഉള്ളപ്പോഴും ആളുകള്‍ നമ്മുടെ നാട്ടില്‍ പത്രം വാങ്ങുന്നില്ലേ?) അത് കൊണ്ട് തന്നെയാണ് ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാമൂഹിക പ്രതിബധത കല്പിച്ചു കിട്ടുന്നതും.

സമൂഹത്തില്‍ വളരെ ഭൌതികമായി തൊട്ടറിയാന്‍ സാധിക്കുന്ന ഈ സാന്നിധ്യത്തിന് ലഭിക്കുന്ന പ്രാധാന്യം ഒരു പുകമറക്കു പിന്നില്‍ അജ്ഞാതനായി നിന്ന് പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍ക്ക് ലഭിക്കില്ല. അത് കൊണ്ട് തന്നെ ബ്ലോഗുകളില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നീ തീരുമാനങ്ങള്‍ തികച്ചും അപ്രസക്തമായി തീരുന്നു. ബ്ലോഗറുടെ സ്വാഭിപ്രായത്തില്‍ മാത്രം ഊന്നി നില്‍ക്കുന്ന ഒന്നാണ് അത്. നര്‍മ്മം എഴുതണം എന്നുള്ളയാള്‍ക്ക് അതും, സമൂഹത്തിനോട് പ്രതികരിക്കണം എന്നുള്ളയാള്‍ക്ക് അതും ചെയ്യാന്‍ ഒരൊറ്റ ബ്ലോഗ്‌ മതി. ഇന്നിന്റെ മാധ്യമം ആണു ബ്ലോഗ്‌. ഈ നിമിഷത്തിന്റെ മാധ്യമം. തോന്നിവാസത്തിന്റെയും  അരാജകത്വത്തിന്റെയും മാധ്യമം. അത് കൊണ്ട് തന്നെയാണ് ബെര്‍ളിയെ പോലെയുള്ളവര്‍ ഏറ്റവും വായിക്കപ്പെടുന്നവരാക്കുന്നതും.

സമൂഹത്തിനെ നേര്‍വഴിക്കു നടത്താനും അത് പോലെ തന്നെ വഴി തെറ്റിക്കാനും ഒരു ബ്ലോഗര്‍ക്ക് അവകാശമുണ്ട്‌. കാരണം നേര്‍വഴിയേത് തെറ്റായ വഴിയേത് എന്നുള്ള കാഴ്ചപ്പാടുകള്‍ തികച്ചും വ്യക്തിപരമാണ് എന്നതാണ് ഓരോ ബ്ലോഗിന്റെയും അടിസ്ഥാനശില.
[ അതുകൊണ്ടു തന്നെയാണ് ഇതെങ്ങാനും വായിക്കുന്നവരുടെ ഗതിയോര്‍ത്ത് ലേശം പോലും ദുഖമില്ലാതെ ഇത്രയും എഴുതാന്‍ എനിക്ക് സാധിക്കുന്നതും :) ]

സായാഹ്നം

Saturday, October 17, 2009


ആന്ധ്രയിലെ തട റെയില്‍വേ സ്റ്റേഷനിലെ ഒരു സായാഹ്നം

ചായക്കോപ്പയിലെ വിപ്ലവം

Friday, October 16, 2009

കേരള ചരിത്രത്തിലെ എല്ലാ സുപ്രധാന ഇടതു മുന്നേറ്റങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തിയാണ് ചായ. ദിനേശ് ബീഡി, പരിപ്പ് വട, പ്രത്യയശാസ്ത്രം മുതലായ കാറ്റലിസ്റ്റുകള്‍ ചായയുടെ കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് വിപ്ലവത്തിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇടതു പ്രസ്ഥാനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പാനീയമില്ല (മദ്യം ഒരു പ്രസ്ഥാനമായതിനാല്‍ കണക്കില്‍ പെടില്ല). ഇപ്രകാരമുള്ള "പ്രമാദമാന" ചായയിലൂടെ തന്നെ ഇടതു പക്ഷത്തെ കുളം തോണ്ടാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ കമ്മ്യൂനിസ്ടുകാര്‍ നോക്കി നില്‍ക്കുമോ?

കാര്യം യുവരാജാവൊക്കെ ആണെങ്കിലും, ചായക്കടയിലൊക്കെ തൊട്ടാല്‍ കളി മാറും. അതൊക്കെ ഇടതു പക്ഷത്തിന്റെ കുത്തകയാണ് കേരളത്തില്‍ . ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പോലും റോഡ്‌ സൈഡില്‍ നിന്ന് ചായ കുടിച്ചതായി കേട്ടുകേള്‍വിയില്ല. ധൈര്യമില്ല അവര്‍ക്കൊന്നും. അപ്പൊ പിന്നെ എങ്ങാണ്ട് നിന്നും വന്ന ഒരു പയ്യന്‍ ചായക്കടയില്‍ കേറി ചായ ചോദിക്കുക! ചായക്കടക്കാരന്‍ ഉടനെ ചായ കൊടുക്കുക! പാളയത്തില്‍ തന്നെ പടയോ? ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നഗ്നമായ ലംഘനം. അത് കണ്ടു കൊണ്ടിരിക്കാന്‍ പിണറായി നയിക്കുന്ന അച്ചടക്കമുള്ള പാര്‍ടിക്ക് പറ്റില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൂട്ടിക്കുക തന്നെ. കേസ് പിന്നാലെ വന്നോളും. അതുണ്ടാക്കാനാണോ പാട്. 

ഇതൊരു ശക്തമായ താക്കീതാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. പണക്കാരന്‍ പണക്കാരനെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ പാവങ്ങളും പണക്കാരനും തമ്മില്‍ എന്ത് വ്യത്യാസം? വര്‍ഗ സമരം നടക്കണമെങ്കില്‍ വര്‍ഗം വേണം. അതു നിലനിര്‍ത്താന്‍ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍ ? ദശാബ്ദങ്ങളായി കേരളത്തില്‍ സമാധാനപരമായി നിലനില്‍ക്കുന്ന  ഇടതു കക്ഷികള്‍ പിന്നെ എന്തിനു വേണ്ടി ശബ്ദമുയര്‍ത്തും? ജീവിക്കാന്‍ ലക്‌ഷ്യം ഇല്ലാതാകുന്ന കമ്മ്യൂനിസ്ടുകാര്‍ പിന്നെ കാശിക്കു പോകേണ്ടി വരും. അതു കൊണ്ട് "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്". അവിടെ നിന്നോളണം. ചായ കുടിക്കാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ വല്ല യു. പീയിലോ ബീഹാറിലോ പോയി ദളിതരെ തപ്പി കണ്ടു പിടിക്കണം. ഈ ഏരിയയില്‍ കണ്ടു പോകരുത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഇവിടെ അങ്ങനെ ആര്‍ക്കെങ്കിലും ചായ കൊടുക്കാന്‍ ഞങ്ങള് സമ്മതിക്കുകേല.

(എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഹാരം കഴിച്ച ഹോട്ടല്‍ അടച്ചുപൂട്ടിയത് സര്‍ക്കാരിനും, സിപി.എമ്മിനും അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

രാഹുല്‍ ഗാന്ധി ടാറ്റാ സഫാരി കാര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ടാറ്റായെ പോലും ബംഗാളില്‍ നിന്നും തുരത്തിയത്. പിന്നാണ് ഒരു ചായക്കട...) 

ആറാമിന്ദ്രിയം

Tuesday, October 13, 2009

ടെക്നോളജി-യില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വ്യവസായങ്ങള്‍ മാറേണ്ടി വരും എന്നുള്ളതിന്‌ എന്റെ പ്രൊഫസര്‍ കാണിച്ചു തന്ന ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്നത്‌.എപ്പടി? ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്-ഇല്‍ ഷെയര്‍ വാങ്ങി തീരുമായിരുന്ന നല്ല ഒന്നാന്തരം ഗുജറാത്തി ബുദ്ധിയാണ് ഇതിന്റെ പിന്നില്‍ . പയ്യന്റെ പേര് പ്രണവ് മിസ്ത്രി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും ബോംബെ IIT-യിലും ഇപ്പോള്‍ MIT-യിലും എത്തി നില്‍ക്കുകയാണ്‌ കക്ഷി. സിക്സ്ത് സെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഇപ്പോളും ശൈശവ ദശയില്‍ മാത്രമാണ്. ഇതുപോലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളില്‍ എത്തിച്ചാല്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ആലോചിക്കാന്‍ പോലും വയ്യ. അനന്തം, അജ്ഞാതം, അവര്‍ണനീയം എന്നുതന്നെ പറയേണ്ടി വരും.

(ഈ വീഡിയോക്ക്  കുറഞ്ഞത് ആറു മാസമെങ്കിലും പഴക്കമുണ്ട്.)

പ്രണവ് മിസ്ത്രിയുടെ ഹോം പേജ്

പേര് = പൊന്ന്

Monday, October 12, 2009അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. എല്ലാത്തിനോടും ഒരു പുച്ഛം. രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും വോട്ട് കൊടുക്കും ). പത്രക്കാരോട് പുച്ഛം (എന്നാലും വാങ്ങി വായിക്കും). സ്വാമിമാരോടും സ്വാമിനിമാരോടും പുച്ഛം (എന്നാലെന്താ അനുസരണയോടെ Q വരെ നില്‍ക്കും "ദിവ്യ" ദര്‍ശനം കിട്ടാന്‍). എന്തിനു പേരുകളോട് പോലും പുച്ഛം.  മക്കള്‍ക്ക്‌ പേരിടാന്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചാല്‍  പേരൊന്നും കിട്ടിയില്ലെങ്കിലും "ഒരു പേരിലെന്തിരിക്കുന്നു" എന്ന ഒരു ഡയലോഗ് തീര്‍ച്ചയായും കിട്ടും.

അതിനൊക്കെ തമിഴന്മാരെ കണ്ടു പഠിക്കണം. പേരിടാന്‍ അവരെ കഴിഞ്ഞേ ഉള്ളു. "ഉടനടി തലം വഴിപ്പതിവ് തിട്ടം" എന്ന് ബസ്‌ ടിക്കറ്റില്‍ അടിച്ചു കണ്ടതിന്റെ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം എടുത്ത അനുഭവത്തില്‍ പറയുകയാണ്‌ (Online Ticket Reservation System എന്നതിന് മലയാളം പരിഭാഷയുണ്ടോ? ഉണ്ടോ? ഉണ്ടോ? ).  ഇപ്പൊ ദാ ഇംഗ്ലിഷ് മുതലായ ഭാഷകളെ ബോര്‍ഡുകളില്‍  നിന്ന് മാത്രമല്ല, നാട്ടില്‍ നിന്ന് തന്നെ ഇല്ലായ്മ ചെയ്യാന്‍ ഉള്ള പുതിയ പദ്ധതി വരുന്നു. (ഉറവിടം : ഇന്നത്തെ ടൈംസ്‌ )സംഭവം ചെന്നൈയില്‍ ആണ്. അടുത്ത ഒരു കൊല്ലം ചെന്നൈയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സിക്കല്‍ തമിഴ്‌ പേരുകളിടാന്‍ വീട്ടുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ മേയറുടെ ബുദ്ധി. തമിഴ്‌ പേര് വീഴുന്ന പിള്ളേര്‍ക്കെല്ലാം ഓരോ 1 ഗ്രാം സ്വര്‍ണ്ണ മോതിരം!! ഇതിനായി സ്വര്‍ണകടക്കാരില്‍ നിന്നും ഒക്ടോബര്‍ 23 മുതല്‍ ടെണ്ടര്‍ വരെ വിളിച്ചു കഴിഞ്ഞു. വെറും വാക്കല്ല എന്ന് മനസ്സിലായില്ലേ. മോതിരത്തില്‍ che ma (ചെന്നൈ മാനഗരാട്ചി) എന്നും എഴുതിയിരിക്കും (അതെന്തിനാണ് എന്ന് മനസ്സിലായില്ല. ഇതെന്താ കോര്‍പറേഷന്‍ വക വണ്ടിയോ?). മോതിരം 916 ആയിരിക്കും എന്നും ഉറപ്പ്. പിള്ളേര് വളരുന്നതനുസരിച്ച്‌ മോതിരവും പുതുക്കി കൊടുക്കുമോ എന്നറിയില്ല. പേര് മാറ്റും എന്ന് വിരട്ടിയാല്‍ ചിലപ്പോ കിട്ടുമായിരിക്കും. എന്തായാലും പേരിനെന്തു വില എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാ റെഡി.

(കോര്‍പ്പറേഷന്‍, സ്വര്‍ണകടക്കാരന്‍ എന്നിവര്‍ എടുത്ത ശേഷം 916-il ബാക്കി എത്ര ഉണ്ടാകുമോ ആവോ. ആ ബാക്കിയും വല്ല TASMAC കടയിലും തീരാന്‍ ആണ് സാധ്യത. അതാണല്ലോ സോഷ്യലിസം.)

ന്റെ ചങ്ങായീ... ങ്ങള് ആരാണ്??

Sunday, October 11, 2009രാഹുല്‍ ഗാന്ധി ആരാണ് എന്ന് തീരുമാനിക്കേണ്ട കാലമായിരിക്കുന്നു. ചങ്ങാതിയല്ല എന്ന് കോഴിക്കോട്ടു വെച്ച് തീരുമാനമായി. അപ്പൊ ശത്രുവാണോ എന്ന് ചോദിച്ചാല്‍ പിന്നെ അത് മതി നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ ചരിത്രവും പൊക്കി പിടിച്ചു യൂത്ത് കോണ്‍ഗ്രസ്‌ ജാഥ നടത്താന്‍. അപ്പൊ യുവരാജാവ് ആണല്ലേ എന്ന് ചോദിച്ചാല്‍ (ലക്ഷപ്രഭു കടലിലാണോ കിടക്കുന്നത് എന്ന പഞ്ചാബി ഹൌസ് ചോദ്യം പോലെ)  യുവരാജാവ് കുടിലിലാണോ കിടക്കുന്നത് എന്ന് വിവരമില്ലാത്ത നാട്ടുകാര്‍ ചോദിക്കും. പ്രത്യേകിച്ച് പോകുന്നിടത്തൊക്കെ ventilator വരെ ഒഴിച്ചിടുമ്പോള്‍ . എന്നാല്‍ ഒരു സാധാരണ പാര്‍ലമന്റ്‌ മെമ്പര്‍ ആണ് എന്ന് വിനീതമായി മൊഴിഞ്ഞാല്‍ , കാറും തൂക്കി പിറകെ നടക്കുന്ന വ്യോമസേനക്ക് പിന്നെ പീതാംബരകുറുപ്പിന്റെ പിന്നാലെ വരെ പോകേണ്ടി വന്നെന്നിരിക്കും. ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാണ് എന്ന് പറഞ്ഞാല്‍ ഗൂഗിളും വിക്കിപീടികയുമൊക്കെ തല്ലിന് വരും (ഓര് പറയാണ്‌ ബാല്യത്തിനും പ്രായപൂര്‍ത്തിക്കുമിടയില്‍ ഉള്ള പ്രായമാണ് യൌവനം എന്ന്. യൂത്തന്മാര് കേള്‍ക്കണ്ട). സമുന്നതനായ രാഷ്ട്രീയ നേതാവാണ്‌ എന്ന് പറഞ്ഞാല്‍ ക്ലാസ്സ്‌ മുടക്കി അച്ചന്മാര് അനുവാദം കൊടുത്തത് രാഷ്ട്രീയ കവലപ്രസംഗത്തിനാണോ എന്ന് ക്ഷുദ്രജീവികളായ  കമ്മ്യൂണിസ്റ്റുകാര്‍ ചോദിക്കും. (കാര്യം കാണാന്‍ അച്ചന്മാര്‍ക്ക് അറിയുന്നത് പോലെ അവറ്റകള്ക്കുണ്ടോ  അറിയുന്നു.) ചുരുക്കത്തില്‍ ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്നതാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. കുറ്റം പറയുന്നവര്‍ ഇത് വല്ലതും അറിയുന്നുണ്ടോ...

ഒബാമ പേച്ച് (Obama's Acceptance Speech)

Friday, October 9, 2009

ലോകത്തിലെ പരമോന്നത ബഹുമതികളിലൊന്നായ നോബല്‍ സമ്മാനത്തിന് താന്‍ യോഗ്യനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. എങ്കിലും ഇത് സ്വീകരിക്കുകയാണ്.  തന്നെക്കാളും യോഗ്യരായവര്‍ ലിസ്റ്റിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
(ഇത്രയും സത്യം)


പ്രത്യാശാ വ്യവസായത്തില്‍ താന്‍ ഒരു പുതുമുഖം ആണെന്നും തന്റെ ആദര്‍ശപുരുഷനായ ഗാന്ധിജിയുടെ നാട്ടിലേക്കാണ്‌ പ്രത്യാശക്കുള്ള സമാധാനത്തിനുള്ള നോബല്‍ പോകേണ്ടിയിരുന്നത്‌ എന്നും ഒബാമ അഭിപ്രായപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പയ്യന്‍ ടൈംസ്‌- ഇന് റിപ്പോര്‍ട്ട്‌ ചെയ്തു. കടമെടുത്തു ആഡംബര ജീവിതം നയിക്കുന്ന അമേരിക്കയിലെ പട്ടിണി പാവങ്ങള്‍ക്ക് ആശ കൊടുക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്, ഇന്ത്യയിലെ കോടിക്കണക്കിനു മണ്ടന്മാര്‍ക്കു അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ പ്രകടന പത്രിക കൊടുക്കുന്നത്. സ്തുത്യര്‍ഹമായ രീതിയില്‍ 60 കൊല്ലങ്ങളായി  ഇത് ചെയ്തു പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ മുമ്പില്‍ താന്‍ വെറുമൊരു ശിശുവാണെന്നും ഒബാമ പറയുകയുണ്ടായി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ പ്രവര്‍ത്തന രീതി പഠിച്ച ശേഷമാണ് താന്‍ പ്രത്യാശാവ്യവസായത്തിലേക്ക് ഇറങ്ങിയത്‌ എന്നും പറഞ്ഞ ഒബാമ, കാണ്ടഹാര്‍  പ്രവിശ്യയിലെ ദരിദ്ര താലിബാന്‍ കുടുംബങ്ങള്‍ക്കൊപ്പം ഒരു രാത്രി ചെലവിടാന്‍ താന്‍ ആലോചിക്കുന്നതായി പറഞ്ഞു. തന്റെ ഇപ്പോളത്തെ കേസ് സ്റ്റഡി ശ്രീമതി മായാവതി ആണ് എന്നും ഒബാമ സൂചിപ്പിച്ചു. ആന കൊടുത്താലും ആശ കൊടുക്കരുത്‌ എന്ന ചൊല്ല് തിരുത്തി, ആനക്ക് കൊടുത്താലെ ആശക്ക്‌ വഴിയുള്ളൂ എന്ന് തെളിയിച്ച ശ്രീമതി മായാവതി, നൂറുകണക്കിന് പ്രതിമകളിലൂടെ നല്ലൊരു നാളെയുടെ വര്‍ണചിത്രങ്ങള്‍ ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുകയാണെന്നും ഒബാമ പറഞ്ഞു. മൈകില്‍ ജാക്ക്സണ്‍, മൈകില്‍ ജോര്‍ദാന്‍ തുടങ്ങിയവരുടെ പ്രതിമകളുടെ ഫീസിബിലിട്ടി സ്റ്റഡി അമേരിക്കയില്‍ ഉടനെ നടത്തും. മറ്റുള്ളവരുടെ പ്രതിമകള്‍ അമേരിക്കകാര്‍ തിരിച്ചറിയാന്‍ സാധ്യതയില്ല. പ്രത്യാശ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ശ്രീ ഒബാമ "ഇപ്പൊ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞ ശ്രീ കുതിരവട്ടം പപ്പുവിനെ ഉദാഹരണമായി ചൂണ്ടി കാണിക്കുകയും ചെയ്തു. 

ഒബാമയോ?

ചെയ്യുന്നതിന് മാത്രം അല്ല, ചെയ്യും എന്ന് പറയുന്നതിനും കൊടുക്കാവുന്ന ഒന്നാണ് നോബല്‍ സമ്മാനം എന്ന് ഇനിമുതല്‍ പറയാം. സ്വന്തം നാട്ടിലെ ഹെല്‍ത്ത്‌ കെയര്‍ ലോബ്ബിയോടും, ബാങ്കിംഗ് മേഖലയിലെ താപ്പാനകളോടും കൊട്ടും കുരവയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടെങ്കിലെന്തു? നാട് മുഴുവന്‍ ഓടി നടന്നു ചില്ലറ ചില്ലറ (change change) എന്ന് പ്രസംഗിച്ചു ജനങ്ങളുടെ മനസ്സില്‍ സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്ത ആ വലിയ മനസ്സിന് നോബല്‍ സമ്മാനം കൊടുത്തു തന്നെ ആകണം. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നടക്കുന്ന ബോംബുവര്‍ഷങ്ങള്‍ക്കും അണഞ്ഞു തീരുന്ന മനുഷ്യ ജീവനുകള്‍ക്കും ലഭികാവുന്ന ഏറ്റവും മികച്ച അംഗീകാരം ഇത് തന്നെ. (യുദ്ധം തുടങ്ങിയതാരായാലും അവിടെ കൂടുതല്‍ സേനാ വിന്ന്യാസം നടത്തിയതും collateral damage-ഇല്‍ വര്‍ധന ഉണ്ടായതും ഒബാമയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. )

മണലില്‍ എഴുതുന്നവന്‍ ഇന്നലെ ചോദിച്ചിരുന്നു ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ എന്ത് തോന്നുന്നു എന്ന്.  നന്നായി എന്നുതന്നെ തോന്നുന്നു.ഇല്ലെങ്കില്‍ ഇങ്ങനെ ഒരു സമ്മാനമാണല്ലോ ഗാന്ധിജിക്ക് കിട്ടിയത് എന്ന് ഓര്‍ത്തു നമ്മള്‍ വിഷമിച്ചേനെ.

ഹെര്‍ത്ത മുള്ളര്‍

Thursday, October 8, 2009ചരിത്രത്തിന്റെ പാഠപുസ്തകങ്ങളില്‍ ഒന്നും തന്നെ  റുമാനിയ എന്ന രാജ്യത്തെക്കുറിച്ചോ സുസേസ്ക്യു എന്ന ഭരണാധികാരിയെ കുറിച്ചോ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. സ്വര്‍ണമോ സുഗന്ധദ്രവ്യങ്ങലോ എണ്ണയോ ഒന്നും ഇല്ലാത്ത ഒരു രാജ്യത്തിനെ ചരിത്രത്തിനു പോലും വേണ്ടല്ലോ.
(സുസേസ്ക്യുവിനെക്കുറിച്ച്  ഇവിടെ വായിക്കാം. )
പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവാര്‍ഡുകളുടെ പ്രസക്തിയെ പറ്റി. ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയാ അംഗീകാരം ജനങ്ങളുടെ ആദരവാണ് എന്ന് നിസ്സംശയം പറയാമെന്നിരിക്കെ അതിനു മുകളില്‍ ഒരു ഷാള് പുതപ്പിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഹെര്‍ത്ത മുള്ളറുടെ നോബല്‍ സമ്മാനത്തില്‍ നിന്നും ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അവാര്‍ഡുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ കലാകാരന്റെ സര്‍ഗശേഷിയെക്കുറിച്ച്  മാത്രമല്ല, ആ കലാസൃഷ്ടിയിലേക്ക് നയിച്ച മനുഷ്യ നിര്‍മിതമായ സാഹചര്യങ്ങളെക്കുറിച്ചും കൂടെയാണ്. പലപ്പോഴും നാമറിയാതെ പോവുകയോ ശ്രദ്ധിക്കാതെ പോവുകയോ ചെയ്ത ചരിത്രം, അത് നല്‍കുന്ന പാഠങ്ങള്‍ ഇവയെ വീണ്ടും നമ്മുടെ മുന്നിലേക്ക് കൊണ്ട് വരിക കൂടി ചെയ്യുന്നുണ്ട് ഓരോ സാഹിത്യ പുരസ്കാരവും. എത്രമാത്രം അപവാദങ്ങളും ചര്‍ച്ചകളും അകമ്പടി വന്നാലും പുരസ്കാരങ്ങളുടെ ഈയൊരു പ്രാധാന്യം അംഗീകരിക്കപ്പെടെണ്ടത്  തന്നെയാണ്. ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദത്തിനു ലഭിക്കുന്ന ഉചിതമായ അംഗീകാരം തന്നെയാണ് മുള്ളര്‍ക്ക് ലഭിച്ച നോബല്‍ പുരസ്കാരം. ആ ഒരൊറ്റ കാരണം കൊണ്ട് - അവരുടെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും - ഞാന്‍ സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. 

കേബിളിനുള്ളിലെ കേബിള്‍ !!

Wednesday, October 7, 2009

സ്റ്റോക്കോം: ബ്രിട്ടീഷുകാരനായ ചാള്‍സ് കാവോ, അമേരിക്കക്കാരായ വില്യാര്‍ഡ് ബോയല്‍, ജോര്‍ജ് സ്മിത്ത് എന്നിവര്‍ക്ക് ഊര്‍ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ടെലിഫോണ്‍ കേബിളുകള്‍ കടത്തി വിടാവുന്ന രീതിയിലുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ കണ്ടുപിടിത്തമാണ് ചാള്‍സ് കാവോയെ നൊബേലിന് അര്‍ഹനാക്കിയത്.

ഉറവിടം :മലയാള മനോരമ

ഇന്ന് കിട്ടിയ ഒരു ചെയിന്‍ മെയില്‍ ആണ് ഈ ലിങ്കില്‍ കൊണ്ടെത്തിച്ചത്. പറയുന്നത് നമ്മുടെ സ്വന്തം മനോരമ. എന്ത് കൊണ്ട് ഒപ്ടിക് ഫൈബര്‍ കേബിളിന്റെ ഉള്ളില്‍ ടെലിഫോണ്‍ കേബിള്‍ കുത്തിതിരുകണം എന്നാ ചോദ്യത്തിനൊന്നും പ്രസക്തിയില്ല. സംഗതി നോബല്‍ ആണല്ലോ. വലിയ എന്തോ സംഭവം. അപ്പൊ പിന്നെ കോമണ്‍ സെന്‍സ് അപ്ലൈ ചെയ്യണ്ട ആവശ്യമില്ല. എന്തായാലും ചാള്‍സ് കാവോ പോലും ഞെട്ടി പോകുന്ന കണ്ടുപിടിത്തം നടത്തിയ മനോരമക്ക് അഭിനന്ദനങ്ങള്‍. :D

ബാര്‍ പാര്‍ക്ക്‌ !!


ചെന്നൈ അഡയാറില്‍ നിന്നും ഒരു ദൃശ്യം

തിരുവനന്തപുരം - ചെന്നൈ ഭാഗം - 2

Monday, October 5, 2009

04.10.09

2.30 pm - ചെന്നൈയിലേക്കുള്ള SETC ബസ്‌ തിരുവനന്തപുരം സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്നു

3.30 pm - കേരള അതിര്‍ത്തി എത്തുന്നതിനു മുമ്പേ  ഡ്രൈവറെ തെറിയഭിഷേകം നടത്തി കൊണ്ട് മൂന്നു ബൈക്കുകളില്‍ ഒരു സെറ്റ് പയ്യന്മാര്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്തു പോകുന്നു. തെറിയെന്നു പറഞ്ഞാല്‍ കിടന്നുറക്കം പിടിച്ചു വന്ന യാത്രക്കാരെല്ലാം ഞെട്ടി എഴുന്നേറ്റു പോയി. ആ സൈസ് തെറി. ബസ്‌ ഡ്രൈവര്‍ നമ്പറുകള്‍ നോട്ട് ചെയ്തു വെക്കുന്നു.

4.00 pm - തമിഴ്നാട്‌ കയറിയ ഉടനെ, നേരത്തെ പോയതില്‍ രണ്ടു ബൈക്കുകള്‍ ഒരു ചായക്കടയുടെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ട ഡ്രൈവര്‍ ബസ്‌ കുറുകെ നിര്‍ത്തുന്നു. കണ്ടക്ടറും ഡ്രൈവറും പുറത്തിറങ്ങി ആളുകളെ വിളിച്ചു കൂട്ടി പയ്യന്മാരെ വളയുന്നു. പോലീസിനെ വിളിക്കുന്നു. വീരശൂര പരാക്രമികളുടെ "ഗ്യാസ്" പോകുന്നു.

4.10 pm - തമിഴ്നാട്‌ പോലീസ് വന്നു മൂന്നു പയ്യന്മാരെയും പോക്കുന്നു. പടക്കം പൊട്ടുന്നത് പോലെ നടുറോഡില്‍ മൂന്നു അടി ശബ്ദവും കേള്‍ക്കുന്നു.

4.30 pm - തക്കല പോലീസ് സ്റ്റേഷന്‍. പയ്യന്മാരെല്ലാം കള്‍സ് അടിച്ചിട്ടുണ്ടെന്നു തെളിയുന്നു. ചോദിച്ചപ്പോള്‍ വണ്ടിക്കു ബുക്കുമില്ല പേപ്പറും ഇല്ല. ഒരുത്തന്റെയും കയ്യില്‍ ലൈസന്‍സും ഇല്ല. പട്ടി മോങ്ങുന്നത് പോലെ ഉള്ള ശബ്ദം മാത്രം സ്റ്റേഷനില്‍ നിന്നും കേള്‍ക്കാം.

4.40 pm - കംപ്ലൈന്റ്റ്‌ നല്‍കിയ ശേഷം ഡ്രൈവറും കണ്ടക്ടറും തിരികെ വന്നു ബസ്‌ എടുക്കുന്നു. കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്നു വന്നു മോഷണം നടത്തുന്ന സംഘം ആണോ എന്ന് പോലീസുകാര്‍ക്ക് സംശയം ഉണ്ടെന്നാണ് അവര്‍ പറയുന്നത് .

ബസ്‌ യാത്ര തുടരുന്നു.

ഇന്നലെ ഞാന്‍ വന്ന ബസില്‍ സംഭവിച്ച കാര്യങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. പിള്ളേരെ കണ്ടിട്ട് കള്ളന്മാര്‍ ആണെന്നൊന്നും തോന്നുന്നില്ല. പക്ഷെ കാണിച്ച ചെറ്റതരത്തിനുള്ള പണി എന്തായാലും കിട്ടി. എന്നുമാത്രമല്ല, ഏറ്റവും മുമ്പില്‍ പോയ, ഏറ്റവും കൂടുതല്‍ തെറി വിളിച്ച പയ്യന്മാരെ കിട്ടിയതുമില്ല. അവര്‍ക്കുള്ളതും കൂടെ പിറകെ വന്നവന്മാരുടെ തലയില്‍ വീണു. (ഇപ്പോള്‍ തന്നെ എന്തൊക്കെ വീണു കാണുമോ ആവോ...)

KL 20 A നമ്പര്‍ പുത്തന്‍ പള്‍സര്‍ അടക്കമുള്ള വണ്ടികളില്‍ RC ബുക്കോ ലൈസെന്‍സോ ഇല്ലാതെ വെള്ളമടിച്ചു വണ്ടി ഓടിച്ചു വഴിയില്‍ കാണുന്നവരെയൊക്കെ തെറിയും വിളിച്ചു ഇന്റര്‍ സ്റ്റേറ്റ് ഓടി തമിഴ്നാട്ടില്‍ വന്നു പണി വാങ്ങിച്ച മലയാളിയുടെ "അതിസാഹസികത"യുടെ മുമ്പില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. :)

തിരുവനന്തപുരം - ചെന്നൈ ഭാഗം - 1

Sunday, October 4, 2009സൂര്യാസ്തമയം - തിരുനെല്‍വേലി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ദൃശ്യം

റോബിന്‍ ഹൂഡ്

Saturday, October 3, 2009ആഡംബരവും വര്‍ണപ്പൊലിമയുമ് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ജോഷി ചിത്രങ്ങളില്‍ നിന്നും ശരാശരി മലയാളികള്‍ പ്രതീക്ഷിക്കുന്നത്. ആ നിലക്ക് റോബിന്‍ ഹൂഡ് തെറ്റില്ലാത്ത ഒരു ചിത്രമാണെന്ന് തന്നെ പറയാം. മേല്‍പറഞ്ഞ സ്ഥിരം ഫോര്‍മുലകളെ കാലത്തിനൊത്ത് മാറിയ സിനിമ സാധ്യതകളുപയോഗിച്ചു വീണ്ടും വീണ്ടും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നു എന്നതാണ് ജോഷിയിലെ മുഖ്യധാരാ സംവിധായകന്റെ വിജയം. കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിലെ ജോഷി ചിത്രങ്ങളില്‍ വെറും നാലേ നാല് നായകന്മാര്‍ മാത്രം!! (മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് - എല്ലാം സൂപ്പര്‍ താരങ്ങളായ ശേഷം മാത്രം!!‍) പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് നുകരുന്നത് എന്ന് തിരിച്ചറിഞ്ഞ പുതിയ മലയാളി പ്രേക്ഷകന് അത് കൊണ്ട് തന്നെ ജോഷി പ്രിയങ്കരനാകുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് വേഗതയുടെയും ആഡംബരത്തിന്റെയും ഭ്രമിപ്പിക്കുന്ന, തങ്ങളുടെ എത്താപ്പിടിയില്‍ നില്‍കുന്ന ലോകങ്ങളിലേക്ക് കൂട് മാറാന്‍ കൊതിക്കുന്ന സാധാരണക്കാരനെ, പ്രത്യേകിച്ച് യുവാക്കളെ റോബിന്‍ ഹൂഡ് നിരാശപ്പെടുത്തില്ല. തകര്‍പ്പന്‍ ടൈറ്റില്‍ ഗ്രാഫിക്സോടുകൂടി തുടങ്ങുന്ന ചിത്രം  പ്രിത്വിരജിന്റെ സൂപ്പര്‍ പദവിയിലേക്കുള്ള ഉയര്‍ച്ചയെ വിളിച്ചറിയിക്കുന്ന ഏറ്റവും പുതിയ കൊമ്പുവിളിയായി മാറുന്നു. റോബിന്‍ ഹൂഡ് പക്ഷെ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ആരുടേയും മനസ്സില്‍ തിരിച്ചു വരാന്‍ സാധ്യതയില്ല. സംവ്രത, ഭാവന തുടങ്ങിയ ആള്‍രൂപങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങി. നരേന്റെ തെറ്റില്ലാത്ത പ്രകടനവും ജയസൂര്യയുടെ കാക്കിയും ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല. ഒടുവില്‍ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ അവ്യക്തമായ കടും നിറങ്ങള്‍ മാത്രം ബാക്കി വെച്ചുകൊണ്ട് മറ്റൊരു ജോഷി സിനിമ കൂടി കടന്നു പോകുന്നു.

ലൗഡ് സ്പീക്കര്‍

ഇന്നത്തെ മലയാള സിനിമ സംവിധായകരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജയരാജ്‌. ദൈവനാമത്തില്‍,4 ദി പീപ്പിള്‍, ഹൈവേ എന്നീ ചിത്രങ്ങള്‍ എല്ലാം ഒരാള്‍ തന്നെയാണ് സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ട്. അത് കൊണ്ടു തന്നെ മനസ്സു പരമാവധി സ്വതന്ത്രമാക്കി വെച്ചു കൊണ്ടാണ് ഇന്നലെ ലൗഡ് സ്പീക്കര്‍ കാണാന്‍ കയറിയത്. എന്നാല്‍ ചിത്രം കഴിഞ്ഞപ്പോള്‍ തോന്നിയത് നിരാശ തന്നെ.മികച്ചതാക്കാന്‍ കഴിയുമായിരുന്ന ഒരു കഥയെ കച്ചവട നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി വികലമാക്കിയില്ലേ എന്നതാണ് ലൗഡ് സ്പീക്കര്‍ നമ്മുടെ മനസ്സില്‍ ബാക്കി വെക്കുന്ന ചിന്ത. മൈക്ക് എന്ന കഥാപാത്രതിനോട് മമ്മൂട്ടി നീതി പുലര്‍ത്തിയിരിക്കുന്നു. ശശികുമാര്‍ ശരാശരി മാത്രം. മേനോന്‍ എന്ന കഥാപാത്രം ചെയ്യാന്‍ കുറച്ചു കൂടി തഴക്കം വന്ന ആരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. മികച്ച ഛായാഗ്രഹണം എടുത്തു പറയേണ്ടിയിര്‍ക്കുന്നു. എന്നാല്‍ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ശക്തിയും ദൌര്‍ബല്യവും. ചിലയിടങ്ങളില്‍ സുന്ദരവും ചിലയിടങ്ങളില്‍ ബോറും ആണ് ജയരാജിന്റെ ആഖ്യാനശൈലി. എല്ലാവരെയും ആകര്‍ഷിക്കാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും നല്‍കണം എന്ന പിടിവാശിയില്‍ നിര്‍മിക്കപ്പെട്ടത് പോലെ ആണ് ഈ ചിത്രം പലപ്പോഴും നീങ്ങുന്നത്‌. അരോചകമായ പ്ലേ സ്കൂള്‍ സീക്വെന്സുകള്‍, പുതുമയുള്ള ഒരു കഥാതന്തുവിനെ വീണ്ടും ഉത്രാളിക്കാവ് മുതലായ ക്ലീഷെകളിലേക്ക് കൊണ്ട് പോക്ക്, ആവശ്യത്തിലധികം ഗാനങ്ങളും കഥാപാത്രങ്ങളും (ഉദാ: ജഗതി)... ലളിതവും മനോഹരവുമായ രീതിയില്‍ പറഞ്ഞു പോകാന്‍ കഴിയുമായിരുന്ന ഒരു കഥയെ ആവശ്യത്തിലധികം അതിഭാവുകത്വം നിറച്ചു ഒരു കമ്പ്ലീറ്റ്‌ പാക്കേജ് ആക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. സിനിമ ഒരു വ്യവസായം ആണെന്ന് മനസ്സിലാക്കുന്ന സംവിധായകര്‍ മലയാളത്തിനു ആവശ്യം ആണ്. സംശയമില്ല. പക്ഷെ "A friend of everybody is a friend of nobody" എന്ന കാര്യം സംവിധായകന്‍ ഓര്‍ക്കണമായിരുന്നു.

പലപ്പോഴും മികവിന്റെ പടിവാതില്‍ വരെ ചെന്ന ശേഷം ഒടുവില്‍ ഒരു ശരാശരി സിനിമയായി ലൗഡ് സ്പീക്കര്‍ തീര്‍ന്നു പോയി എന്ന് ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു.