In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...

എട്ടു കോടിയുടെ പെലിക്കന്‍

Sunday, November 15, 2009ഇത് പെലിക്കന്‍ (കൊക്കോ കുളക്കോഴിയോ പോലെ ഉണ്ട് കാണാന്‍. പയ്യന്‍ പക്ഷി ശാസ്ത്രത്തില്‍ വിദഗ്ധന്‍ അല്ല. അതു കൊണ്ടു കൂടുതല്‍ അറിയില്ല. എന്തായാലും ലവന്‍ തിരോന്തരം മൃഗശാലയില്‍ ഉണ്ട്.)

ഒരു മാതിരി എല്ലായിടത്തും കാണാന്‍ കിട്ടും എന്നു വിക്കിപീടിക പറയുന്നു.

ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി നാശനഷ്ടം?
ഇത് ബ്യുഗാറ്റി  വേറോണ്‍ 

വില എട്ടു കോടി. 987 ബി എച്ച് പി എഞ്ചിന്‍.  മണിക്കൂറില്‍ 400 കിലോമീറ്ററില്‍ അധികം വേഗതയില്‍ പോകാനുള്ള ശേഷി.

ലോകത്തെ ഏറ്റവും എക്സോട്ടിക് കാറുകളില്‍ ഒന്ന്.

ആകെ നിര്‍മ്മിച്ചിട്ടുള്ളത് വെറും മുന്നൂറെണ്ണം.

അമേരിക്കയില്‍ ആകെയുള്ളത് പതിനഞ്ചെണ്ണം.

അതിലൊരെണ്ണം കൊണ്ടിടാന്‍ കണ്ട സ്ഥലമോ?വണ്ടി ഓടിക്കുന്നതിന്റെ ഇടയില്‍ ഒരു പെലിക്കന്‍ എങ്ങാണ്ട് പെട്ടെന്ന് മുമ്പില്‍ വന്നു എന്നും അപ്പോള്‍ വണ്ടി വെട്ടിച്ചു എന്നും അപ്പോള്‍ കയ്യില്‍ നിന്നും തെന്നിപ്പോയ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞപ്പോളാണ് വണ്ടി തോട്ടില്‍ പോയത് എന്നും ആണ് ഓടിച്ച ചങ്ങായി പറയുന്നത് (കൊക്കിനെയൊന്നും വീഡിയോയില്‍ കണ്ടില്ല. പേല വന്നപ്പോള്‍ ഊരാന്‍ പറഞ്ഞതായിരിക്കും ). എന്തായാലും അണ്ണന് പണി കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ടയര്‍ മാറ്റാന്‍ മാത്രം $10000 ചിലവുള്ള ഒരു സാധനം ആണ് ഇത്. ഫസ്റ്റ് സര്‍വീസ് മാത്രം $20000 ആണ് എന്നു പറയുമ്പോള്‍ ആലോചിച്ചു നോക്കണം...) എങ്ങാനും മൊത്തം സെറ്റപ്പ് ആക്കി തിരിച്ചുകിട്ടിയാല്‍ തന്നെ വണ്ടി ഇനി അണ്ണന്‍ റോട്ടില്‍ ഇറക്കുമെന്ന് തോന്നുന്നില്ല. ഒരു കോഴിയെങ്ങാനും മുമ്പില്‍ ചാടിയാല്‍ തീര്‍ന്നില്ലേ...

ഉറവിടങ്ങള്‍ ഇവിടെയും ഇവിടെയും

ക്യാപിറ്റലിസം : എ ലവ് സ്റ്റോറി

Thursday, November 12, 2009ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം" വിജയിക്കുന്നുണ്ട്. അമേരിക്കയുടെ ഭരണത്തില്‍പ്പോലും ഗോള്‍ഡ്‌മാന്‍ സാക്സ് പോലെയുള്ള സ്ഥാപനങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ മൂര്‍ പുറത്തുകൊണ്ടുവരുന്നു. അതിവൈകാരികതയുടെ അംശങ്ങളുണ്ടോ എന്നു ചിലപ്പോളെങ്കിലും തോന്നുമെങ്കിലും, പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു ലോകത്ത് ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഈ രീതിയില്‍ തന്നെ കാര്യങ്ങള്‍ പറയണം എന്നു സംവിധായകന്‍ കരുതുന്നുണ്ടാകും. മുതലാളിത്ത അമേരിക്കയിലും ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുണ്ട് എന്നും മൂര്‍ കാണിച്ചു തരുന്നു. ( ബാങ്കുകാര്‍ വീടൊഴിപ്പിക്കാന്‍ വന്നാല്‍ നിങ്ങള്‍ വീടൊഴിയരുത് എന്നു സെനറ്റില്‍ പ്രഖ്യാപിച്ച ഒരു അംഗം ഉണ്ടായിരുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു.) ഒബാമയുടെ പ്രസിഡന്റ്‌ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുമ്പോളും മുതലാളിത്ത ശക്തികള്‍ക്കെതിരെ പിടിച്ചു നില്ക്കാന്‍ ഒബാമക്ക് സാധിക്കുമോ എന്നു പരോക്ഷമായെങ്കിലും മൂര്‍ വ്യാകുലപ്പെടുന്നു.

"ക്യാപിറ്റലിസം : എ ലവ് സ്റ്റോറി" ഒരു സംഭവമാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ചില വസ്തുതകളെപ്പറ്റി വിക്കിപീടികയില്‍ സംശയങ്ങളും രേഖപ്പെടുത്തി കണ്ടു. പക്ഷെ അതില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്ന കട ബാധ്യതകളെയും അതില്‍ നിന്നും പല തരത്തില്‍ ലാഭം ഊറ്റി കുടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയും പറ്റിയുള്ള നടുക്കുന്ന പല ചിത്രങ്ങളും "ക്യാപിറ്റലിസം" നമുക്ക് തരുന്നുണ്ട്. മാത്രമല്ല, മുതലാളിത്തത്തിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം ജനാധിപത്യം ആണെന്നും മൂര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ജീവിത രീതികളില്‍ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം എന്ത് കൊണ്ടു ജാഗരൂകരായിരിക്കണം എന്നതിന്റെ തെളിവാണ് "ക്യാപിറ്റലിസം" നമുക്ക് കാണിച്ചു തരുന്നത്. ഇന്നു നാം ശ്രദ്ധിച്ചില്ലെങ്കില്‍ നാളത്തെ ഡോകുമെന്ററികളിലെ കഥാപാത്രങ്ങള്‍ നമ്മളായിരിക്കും. (അപ്പോളേക്കും ഇങ്ങനെയുള്ള ഡോകുമെന്ററികള്‍ പോലും പുറത്തു വരാത്ത തരത്തില്‍ മുതലാളിത്തത്തിന്റെ ഉരുക്കുമുഷ്ടി നമ്മളെയൊന്നാകെ  വരിഞ്ഞു മുറുക്കി കഴിഞ്ഞിരിക്കും. )

ജ്വാല...

Monday, November 9, 2009

വയനാട്ടിലെ ഒരു ക്യാമ്പ്‌ ഫയര്‍ ആയിരുന്നു ഇത്

സര്‍ ... ഒരു സംശയം...

Sunday, November 8, 2009

ചാക്ക് കണക്കിന് അരി കത്തിച്ചത് കൊണ്ടു ബ്രിട്ടീഷ്‌ മഹാറാണിയുടെ കൈയ്യില്‍ നിന്നും സര്‍ സ്ഥാനം കിട്ടിയ ഒരാളെ പറ്റി പണ്ടൊരു തിരുവില്വാമലക്കാരന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ (ലേലം സിനിമയിലെ സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) സര്‍ സ്ഥാനത്തോട് "അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം..." എന്നായിരുന്നു ലൈന്‍. അതു കൊണ്ടു ഈയൊരു പരസ്യം ഇന്നലെ ഒരു വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് സര്‍ ചാത്തുവിനെ ഓര്‍ത്തുള്ള ചിരി തന്നെയാണ്. പക്ഷെ ആ ചിരി ഉടനെ തന്നെ പയ്യന്‍ അടക്കി. നമ്മള്‍ മലയാളികള്‍ക്കൊക്കെ അഭിമാനിക്കാവുന്ന തരത്തില്‍ നമ്മളില്‍ ഒരാള്‍ക്ക്‌ ഒരു ബഹുമതി കിട്ടിയാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?


പിന്നെ എന്ത് കൊണ്ടു ഇങ്ങനെ ഒരു വാര്‍ത്ത കണ്ടതായി എനിക്ക് ഓര്‍മയില്ല? പയ്യന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല. എന്നാല്‍ വിശ്വസിക്കുന്നവരെ നിരുല്സാഹപ്പെടുത്താറുമില്ല. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ഉള്ള അവകാശം ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ് എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടെ.താല്പര്യമില്ലാത്ത വിഷയം ആയതു കൊണ്ടു ജ്യോതിഷ സംബന്ധിയായ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല. അങ്ങനെ മിസ്സ്‌ ആയതാകും എന്നു കരുതി ആദ്യം.  ഇത്ര വലിയ ഒരു വാര്‍ത്ത എങ്ങനെ ഞാന്‍ കാണാതെ പോയി എന്നു ദുഃഖിച്ചു കൊണ്ടു നേരെ വിട്ടു ഗൂഗിളിലേക്ക്‌. ഓര്‍മ്മപ്പിശക്‌ തന്നെ ആയിരിക്കും. ഞാന്‍ മറന്നാലും അങ്ങനെ ഒരു വാര്‍ത്ത ഉണ്ടെങ്കില്‍ ഗൂഗിള്‍ മറക്കില്ലല്ലോ.

 (ഈ ചിത്രത്തിന്റെ ഉറവിടം)

പക്ഷെ പത്തിരുപതു മിനിറ്റ് പൊരിഞ്ഞു ഗൂഗിള്‍ ചെയ്തിട്ടും ഒരു ഫുള്‍ ആര്‍ട്ടിക്കിള്‍ പോലും കാണാനില്ല. ആകെ കിട്ടിയ ഒരു ലിങ്കില്‍ ഒന്നും പൂര്‍ണമായി കൊടുത്തിട്ടുമില്ല. മാതൃഭൂമി, മനോരമ എന്നീ സൈറുകളിലും ഒന്നുമില്ല. നൈറ്റ്‌ ഓഫ് ചാരിറ്റി എന്ന ബഹുമതിയെ പറ്റിയും ഒന്നും കാണാനില്ല (വിക്കി പീടികയില്‍ പോലും കിട്ടിയില്ല...) നാണക്കേട്‌. ഗൂഗിള്‍ ആണത്രേ  ഗൂഗിള്‍.  പേജ് റാങ്ക് പോലും പേജ് റാങ്ക്. ജ്യോതിഷിയുടെ സ്വന്തം വെബ്സൈറ്റ് ആണെങ്കില്‍ ഡൌണ്‍ .

ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല.  ഇത്ര വലിയ ഒരു സംഭവത്തെ പറ്റി ഒന്നും കണ്ടു പിടിക്കാന്‍ എനിക്ക് പറ്റാത്തതെന്ത് കൊണ്ട്? എന്തായാലും ഗൂഗിളിന്റെ പുറത്തുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാത്രമല്ല എന്റെ ഗൂഗിള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ എന്നും ഞാന്‍ ഭയക്കുന്നു. ആകെമൊത്തം ഒരു അങ്കലാപ്പ്. വല്ല രക്ഷയും വാങ്ങി കെട്ടി നോക്കട്ടെ. എന്തെങ്കിലും തുമ്പ് കിട്ടുകയാണെങ്കില്‍ ഒരു ലിങ്ക് ഇട്ടു തരണേ...

(വീണ്ടും പറയുന്നു, വിശ്വസിക്കുന്നവരെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ സര്‍ സ്ഥാനത്തിന്റെ വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു. സത്യം അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം. ഒരു വ്യക്തിയെയും മോശം ആയി ചിത്രീകരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌. കമന്റ്‌ ഇടുന്നുണ്ടെങ്കില്‍ താങ്കളും അതു ശ്രദ്ധിക്കുമല്ലോ. നന്ദി.)

അമ്മൂമ്മയുടെ ലൈസെന്‍സ്

Friday, November 6, 2009

"മുട്ടുവിന്‍ തുറക്കപ്പെടും" എന്നു ബൈബിളില്‍ പറയുന്നുണ്ട്. പക്ഷെ അതു പറഞ്ഞയാള്‍ പോലും ഇത്രയും വിചാരിച്ചിട്ടുണ്ടാകില്ല.  കൊറിയയിലെ ഒരു മുത്തശ്ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. വാര്‍ത്തയുടെ ഉറവിടം ഇവിടെ: http://news.bbc.co.uk/2/hi/asia-pacific/8347164.stm


 950 പ്രാവശ്യം ടെസ്റ്റ്‌ എഴുതി പോലും... അതും പോരാഞ്ഞു ഇനി ഒരു പ്രാക്ടിക്കല്‍ വേറെയും ഉണ്ടത്രേ... 68 വയസായവരെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തിയവനെ കുനിച്ചു നിര്‍ത്തി ഇടിക്കണം... വല്ല പത്തോ നൂറോ വാങ്ങിച്ചു പാസ്സ്‌ ആക്കി വിടുന്നതിനു പകരം ആളെ മിനക്കെടുത്തുന്നോ... ഏറ്റവും കഷ്ടം, ജീവിക്കാന്‍ വേണ്ടി പച്ചക്കറി വില്‍ക്കാന്‍ ആണ് ഇവര്‍ ഈ ലൈസെന്‍സ് എടുക്കാന്‍ പാട് പെടുന്നത് എന്നുള്ളതാണ്...അവര് ചെലവാക്കിയ കാശിനു ഇന്ത്യയില്‍ വന്നു ഒരു ലൈസെന്‍സ്  എടുത്തിട്ട് പോകാന്‍ പറ്റും എന്നു തോന്നുന്നു...

(ഈ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ വന്നത് പ്രീ ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരുത്തനെ ആണ്. പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ അവന്റെ അമ്മാവന്‍ അവനു ആന്ധ്രയില്‍ എവിടെയോ നിന്ന് ഒരു 2 വീലര്‍ ലൈസെന്‍സ് എടുത്തു തപാലില്‍ അയച്ചു കൊടുത്തു!! കേരളം വിട്ടു പുറത്തു പോകാത്തവന്‍ അതിനു ശേഷം കോളേജില്‍ വന്നു കൊണ്ടിരുന്നത് ഒരു സ്കൂട്ടറില്‍!! ഇതെങ്ങാനും ആ കൊറിയന്‍ മുത്തശ്ശി അറിഞ്ഞാല്‍ ആത്മഹത്യ തന്നെ...)