In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ദില്‍ മാംഗേ മോര്‍ !!!

Monday, February 15, 2010


ചെന്നൈ വണ്ടലൂരിലെ മൃഗശാലയില്‍ നിന്നും ഒരു ദൃശ്യം....

മൈ ഡ്രീം വാലന്‍ന്റൈന്‍...

Saturday, February 13, 2010

ഞായറാഴ്ച.


ഉറക്കം തെളിയുന്നില്ല.


കട്ടിലില്‍ നിന്നും എഴുന്നെല്‍ക്കാന്‍ വയ്യ. ഭയങ്കര മടി.


ഒഴിക്കാന്‍ തോന്നുന്നു. എന്നാലും എഴുന്നേല്‍ക്കാന്‍ വയ്യ. മടി.


മുറിക്കുള്ളില്‍ ചിക്കന്‍ കറിയുടെ പഴകിയ മണം സിഗരറ്റു പുകയുടെ മണവുമായി കെട്ടിപ്പിണഞ്ഞു മൂക്കിലേക്ക് കുത്തി കയറുന്നു.
ജനല്‍ തുറന്നാല്‍ കൊള്ളാമെന്നുണ്ട്.


മടി.


താഴെ നിലത്ത്, ചിതറി കിടക്കുന്ന കുറ്റികള്‍ക്കിടയില്‍ ഒരുത്തന്‍ സുഖമായുറങ്ങുന്നു. തലക്കടുത്തു ആഷ് ട്രെയും വെച്ച്.


ആഷ് ട്രേ മാറ്റി വെക്കണം. തട്ടിക്കഴിഞ്ഞാല്‍ മെനക്കെടാണ്.


വയ്യ. മടി.


ലാപ്ടോപ്പില്‍ നിന്നും പാട്ടു കേള്‍ക്കാം. ഏതോ ഇംഗ്ലീഷ് പാട്ട്... ഇന്നലെ രാത്രി മറ്റവന്‍ ഇട്ടതാണ്...


പക്ഷെ ലാപ്ടോപ്പ് കാണുന്നില്ല.


മുഷിഞ്ഞ തുണികളുടെ അപ്പുറത്തുണ്ടെന്നു തോന്നുന്നു. ആ കൂമ്പാരത്തിന്റെ അപ്പുറത്തെ മൂലയില്‍ നിന്നാണ് പാട്ടു കേള്‍ക്കുന്നത്. വയറും പോകുന്നുണ്ട്...


തുണി കഴുകണം. ഇനിയും ഇട്ടാല്‍ ആക്സിനു പോലും സഹിക്കില്ല...


പക്ഷെ...


തല വേദനിക്കുന്നു. വെള്ളം...


വെളളത്തിന്റെ കുപ്പി കാലിയാണ്. കട്ടിലിന്റെ താഴെ കിടപ്പുണ്ട്. കാണാം.


ഇനി വെള്ളം എടുക്കാനും പോകണമോ... മ@#^...


(ഹോസ്റ്റലില്‍ ഒറ്റമുറിയില്‍ ഒറ്റയ്ക്ക് താമസം. എന്നിട്ടാണ് ഇത്രയും പണി.)


ജനലിന്റെ തിട്ടില്‍ വയസ്സനായ ഒരു നാവികന്‍ ഇരുന്നു ചിരിക്കുന്നു...


സമയം...


പത്തര... മൊബൈല്‍ തലയണയുടെ അടിയിലുണ്ട്..


വിശക്കുന്നുമുണ്ട്... പക്ഷെ ഇനി രണ്ടു മണിക്കൂര്‍ കൂടി കഴിയാതെ ഉച്ച ഭക്ഷണം കിട്ടി തുടങ്ങില്ല...


മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടക്കുന്നു...


"ഹാപ്പി വാലന്‍ന്റൈന്‍സ് ഡേ..."


മനസ്സു ഡിഗ്രീ കാലത്തേക്ക് പറക്കുന്നു...ഓര്‍മകളുടെ വേലിയേറ്റം...


മെസ്സേജ് അയച്ചിരിക്കുന്നത് വോഡഫോണ്...


പറന്നു പോയവരൊക്കെ തിരിച്ചെത്തി... വേലിയിറങ്ങി...


നാവികാ... താനിതു വരെ പോയില്ലേ... ഇന്നത്തെ ദിവസം നശിപ്പിക്കുമോ...


തിരിഞ്ഞു കിടന്നു... കുറച്ചു നേരം കൂടെ...


പഴയ വാലന്‍ന്റൈന്‍സ് ദിനങ്ങളെക്കുറിച്ചോര്‍ക്കാതെ...


മടി പിടിച്ചു കിടക്കാം...




(വാലന്‍ന്റൈന്‍സ് ഡേക്ക് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം മാത്രം. All stunts have been performed by professionals and should not be imitated unless you are living alone / in a men's hostel.)

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire."

അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ അത്യാഗ്രഹിക്കാം എന്ന് നമ്മുടെ താരങ്ങളും ഉപതാരങ്ങളും സംവിധായകരും പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഊര് വിലക്ക്, കത്തെഴുത്ത്, ചേരിപ്പോര്, അവാര്‍ഡ്‌ ദുരന്തം, അതിനിടയില്‍ കുറെ ഫാന്‍സ്‌.. ആഹാ..

മലയാള സിനിമ ഇങ്ങനെ ഉന്നതങ്ങളിലേക്ക് കയറുമ്പോള്‍ തൊട്ടപ്പുറത്തെ തമിഴകത്തില്‍ അടുത്ത കാലത്ത് പുറത്തു വന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടു പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെത്തി - വെങ്കട്ട് പ്രഭുവിന്റെ ഗോവയും പുതുമുഖ സംവിധായകന്‍ സി എസ് അമുദത്തിന്റെ തമിഴ്‌ പടവും. മുക്കിനും മൂലക്കും ഫാന്‍സ്‌ അസ്സോസിയേഷനുകള്‍  ഉള്ള, താരാരാധനയില്‍ അധിഷ്ഠിതമായ, തമിഴ്‌ നാട്ടിലെ സിനിമാ സംസ്കാരത്തെ മുഖമടച്ചു പുച്ച്ചിക്കുന്ന സിനിമകളാണ് ഇവ രണ്ടും - പ്രതേകിച്ചു "തമിഴ്‌ പടം". താരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിയുകയും അവരുടെ പാര്‍ടികള്‍ക്ക് വോട്ടു കുത്തുകയും ചെയ്യുന്ന സ്വന്തം സംസ്കാരത്തെ നോക്കി ചിരിക്കാന്‍ ഉള്ള പക്വത തമിഴ്‌ സിനിമയ്ക്കു വന്നു കഴിഞ്ഞു. താരങ്ങളെ കളിയാക്കിയതിന് ആരും പോസ്റ്റര്‍ കീറിയതായിട്ടോ തീയേറ്റര്‍ കത്തിച്ചതായിട്ടോ കേട്ടില്ല. നേരെ മറിച്ചു ഈ സിനിമകള്‍ കണ്ട നടന്‍ അജിത്‌ തന്റെ പുതിയ സിനിമയുടെ ടൈറ്റിലില്‍ നിന്നും ultimate superstar എന്ന പ്രയോഗം എടുത്തു കളഞ്ഞതായും വായിച്ചു.

ചിത്രങ്ങളുടെ നിലവാരം എന്ത് തന്നെ ആയാലും, വളരെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും അവയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികച്ചതാകാനും ഉള്ള ഒരു പ്രഫഷണല്‍ ത്വര തമിഴ്‌ സിനിമയില്‍ അടുത്ത കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ തയ്യാറായുള്ള നിര്‍മാതാക്കളും, കൂടുതല്‍ ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കാണുന്ന കൂടുതല്‍ ആളുകളും തമിഴ്നാടിലുണ്ടാകാം. നിരാകരിക്കുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ നടത്താന്‍ തയാറുള്ള സംവിധായകര്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. പുതിയ രീതികളും പുതിയ ഇതിവൃത്തങ്ങളും ഉണ്ടായാല്‍ കാണാന്‍ ആളുകളും ഉണ്ടാകും.  "തമിഴ്‌ പടം" തകര്‍ത്തോടുന്നത് മള്‍ട്ടിപ്ലെക്സുകളില്‍ മാത്രമല്ല. ഇരുപതു രൂപ ടിക്കെട്ടുകളുള്ള ചെറിയ തീയെറ്റരുകളിലും അത്ര തന്നെ ആളുകള്‍ ഇരച്ചു കയറുന്നു. ( ഇവര്‍ക്കൊന്നും ഫാന്‍സ്‌ വികാരങ്ങളില്ലേ? ) അങ്ങനെ പുതുമകളില്‍ നിന്നും പുതുമകളിലേക്ക് നീങ്ങുന്ന തമിഴ്‌ (ബോളിവുഡില്‍  പോലും... ) സിനിമയുടെ അണിയറകളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്കു ടെക്നിഷ്യന്മാര്‍ മലയാളികളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകര്‍. കൂടുതല്‍ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണോ ഇവരെല്ലാം മലയാളത്തില്‍ നിന്നും പോയത്? അതോ നല്ല സംരംഭങ്ങള്‍ ലഭിക്കാത്തത് കൊണ്ടും കൂടിയോ?

എവിടെ വെച്ചാണ് മലയാള സിനിമയ്ക്കു ദിശാബോധം നഷ്ടപ്പെട്ടത്? surrogate pregnancy ഏറ്റെടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനോ വ്യഥകള്‍ (ദശരഥം - 1989) പോലെയുള്ള സീരിയസ് ആയ വിഷയങ്ങളെപ്പറ്റി  20 കൊല്ലം മുമ്പ് തന്നെ സിനിമ ചെയ്ത ഒരു മുഖ്യധാരാ സിനിമ പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടായിരുന്നു. നിര്‍മാതാവിന്റെയും പ്രേക്ഷകന്റെയും വികാരങ്ങളെ ഒരേ പോലെ കണക്കിലെടുത്തു കൊണ്ട് തന്നെ നല്ല കുടുംബ സിനിമകളും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്ന ഒരു പ്രസ്ഥാനം. ആ സ്ഥിതിയില്‍ നിന്നും (ഒരു പ്രശസ്ത നിരൂപകന്റെ വാക്കുകളില്‍ പറഞ്ഞാല്‍) സൂപ്പര്‍ താരങ്ങളുടെ വെറും ശരീരാരാധനയിലെക്കും സ്റ്റീരിയോടൈപ്പ് കഥകളിലെക്കും അഭിനേതാക്കളുടെ ഊര് വിലക്കിലേക്കും തരം താഴാന്‍ മാത്രം എവിടെയാണ് പിഴച്ചത്?  ടി വി യുടെ വരവോടെ ആളുകള്‍ക്ക് സിനിമ മതിയായോ? (എങ്കില്‍ എങ്ങനെ ബാക്കി സിനിമ വുഡ്സ് ഇപ്പോളും പണം വാരുന്നു?) അതോ വരേണ്യ ബ്രാഹ്മണ്യത്തിന്റെ മഹദ്‌വല്ക്കരണത്തിനെതിരെ വിദ്യാസമ്പന്നനായ മലയാളി മുഖം തിരിച്ചതാണോ? (തേങ്ങാക്കൊലയാണ്...) അതോ ഒരു വ്യവസായത്തിന്റെ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങള്‍ മറന്നു പോയത് കൊണ്ടോ? താരങ്ങള്‍ ഫാന്‍സുകാരെ വളര്‍ത്തിയത് കൊണ്ടോ? അതോ തിരക്കഥയില്ലാത്തത് കൊണ്ടോ? (കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കൊണ്ട് കള്ളനോട്ടടിക്കുന്ന ഒരു നായക കഥാപാത്രത്തെ ഇയ്യിടെ ഒരു സിനിമയില്‍ കണ്ടു!!!) മുതിര്‍ന്ന സൂപ്പറുകള്‍ വഴി മാറാത്തത് കൊണ്ടോ? യൂണിയനുകളുടെ ഇടപെടലുകള്‍ കൊണ്ടോ? അതോ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് സര്‍വീസ് നടത്തുന്നത് കൊണ്ടോ? അതോ പ്രേക്ഷകരുടെ മാറിയ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടോ?

പത്തു പതിനഞ്ചു കൊല്ലം കൊണ്ട് സംഭവിച്ച അപചയത്തിന്റെ കണക്ക് നോക്കുമ്പോള്‍ പിശകുകള്‍ ഒരുപാട് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഏറ്റവും വേദനാജനകമായ വസ്തുത പാഠങ്ങള്‍ പഠിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ്. (പ്രേക്ഷകര്‍ ഒഴികെ... അവര്‍ പാഠം പഠിച്ചു കഴിഞ്ഞു) ഈ ബഹളം മുഴുവന്‍ വെക്കുന്ന ശ്രീ തിലകന്‍ തന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നാ സിനിമയില്‍ വിളിച്ചിട്ട് പിന്നീട് പിന്‍വാങ്ങി എന്ന് പറയുന്നു. ജോഷി ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. മലയാള സിനിമയുടെ ഈ ഗതിക്ക് കൈയ്യയച്ചു സഹായം ചെയ്ത ഒരു സംവിധായകന്‍. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ വെറും അഞ്ചു സൂപ്പര്‍ താരങ്ങളെ (പൃഥ്വിരാജ് ഉള്‍പ്പെടെ) നായകരാക്കി വെച്ചു മാത്രം സിനിമ ചെയ്തയാള്‍. (ഏതു സിനിമ എന്നതിലുപരി തെറ്റിനെതിരെ ഉള്ള യുദ്ധമാണിത് എന്ന് ശ്രീ തിലകന്‍ പറയുമായിരിക്കും. സമ്മതിക്കുന്നു.) ഇനി അഥവാ അദ്ദേഹത്തെ തിരിച്ചെടുത്താലും സിനിമയോ കഥാപാത്രമോ മികച്ചതായിരിക്കും എന്ന് തോന്നുന്നുണ്ടോ? (എനിക്ക് ഒരു പ്രതീക്ഷയുമില്ല.) കുറെ ഫോറിന്‍ കാറുകള്‍, ചെറിയ ഫ്രോക്കും ടോപ്പുമിട്ട നായികമാര്‍, അമാനുഷരായ നായകര്‍, ചാവാന്‍ വിധിക്കപ്പെട്ട എതെങ്കിലും ഒരു സഹചാരി, വഞ്ചന - പ്രതികാരം, ബിജുക്കുട്ടന്‍ and/or സുരാജ് and/or സലിംകുമാര്‍...

ഇതൊക്കെ തന്നെയല്ലേ പ്രശ്നങ്ങളും. ഈ വക സാധനങ്ങള്‍ കാണാന്‍ പ്രേക്ഷകന് മലയാള സിനിമയ്ക്കു പോകേണ്ട ആവശ്യമില്ല. ഇതിലും ചെറിയ ഫ്രോക്കും വലിയ കാറുകളും കൊണ്ട് തമിഴും തെലുന്കുമൊക്കെ ക്യു നില്‍പ്പുണ്ട്. മലയാള സിനിമയുടെ യു എസ് പി ഇതൊന്നും ആയിരുന്നില്ല. ശക്തമായ കഥകളും, കാമ്പുള്ള കഥാപാത്രങ്ങളും, സരസവും ഒരളവു വരെ ശുദ്ധവുമായ നര്‍മ്മവും ഒക്കെയായിരുന്നു മലയാളികളെ കൊട്ടകകളില്‍ എത്തിച്ചിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ കാണുവാന്‍ മലയാളികള്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ അഭിരുചികള്‍ മാറിയിട്ടുണ്ടാകും. പക്ഷെ ആ മാറ്റത്തിന് ഒരു കാരണം നല്ല സിനിമകളുടെ അഭാവം കൂടിയായിരുന്നു. സ്വന്തം വീട്ടില്‍ നല്ലത് ലഭിക്കാതാകുകയും പുറത്തു നിന്ന് പലവക സാധനങ്ങള്‍ കൂടുതല്‍ കിട്ടി തുടങ്ങുകയും ചെയ്തപ്പോള്‍ ‍(ഇന്റര്‍നെറ്റ്‌, ഡി വി ഡികള്‍), നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ പതുക്കെ മലയാള സിനിമയെ വിട്ടു പോയി. പുതിയ ഇഷ്ടങ്ങളുമായി പഴയ തലമുറ പോവുകയും, പുതിയ തലമുറയുടെ അഭിരുചികളെ സ്വാധീനിക്കാന്‍ തക്കവിധം സ്വയം മാറാന്‍ കഴിയാതാവുകയും ചെയ്തതോടെ മലയാള സിനിമയുടെ ശനിദശ പൂര്‍ത്തിയായി. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇനി സാധിക്കില്ല. പുതിയ തലമുറയെ ഒട്ടു സ്വാധീനിക്കാനും പറ്റുന്നില്ല. അങ്ങനെ ടി വിയിലെ പരസ്യങ്ങളിലൂടെയും "പുതിയ സിനിമ" പരിപാടികളിലൂടെയും ആളുകളെ തീയേട്ടരുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദയനീയാവസ്ഥയിലേക്ക് നമ്മുടെ സിനിമ എത്തി ചേര്‍ന്നിരിക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ തീയെറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കു ഇനി കഴിയുമോ? എനിക്ക് സംശയമുണ്ട്. മലയാള സിനിമയുടെ "പുതിയ മുഖം" അന്യ ഭാഷാ ചിത്രങ്ങളുടെ പഴകി ദ്രവിച്ച പഴയ മുഖംമൂടികളുടെ മിനുക്കു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു.
 

എങ്കിലും പ്രതീക്ഷിക്കുന്നു ഞാനിപ്പോളും. നാട്ടുമാടമ്പിമാരെ തിരശീലയിലേക്ക്‌ തുറന്നുവിട്ട രഞ്ജിത്തിലും, ബ്ലെസ്സിയിലും ഒക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു... പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

(ക്രിസ്മസ് രാത്രിയില്‍ തിരുവനന്തപുരത്തെ അജന്ത തീയേറ്ററില്‍ ചട്ടമ്പിനാട് കാണാന്‍ കയറി. ആദ്യ ദിവസം. തീയെറ്റരില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിനു ശേഷം രണ്ടാഴ്ച മുമ്പ് ഒരാവശ്യത്തിന് നാട്ടില്‍ ചെന്നപ്പോള്‍ ടി വിയില്‍ ഏതോ പെങ്കൊച്ച് ചട്ടമ്പി നാടിനെ പറ്റി കഷ്ടപ്പെട്ട് പൊക്കി പറയുന്നു. ദയനീയം.)