In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ബയോഡിസ്കും അക്ഷയതൃതീയയും പിന്നെ ഞമ്മളും...

Wednesday, May 12, 2010

നാട്ടിലെത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയത്. അത്യാവശ്യം റെയികി പരിപാടികളൊക്കെ ഉള്ളയാളാണ് കക്ഷി. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി. വര്‍ത്തമാനത്തിനിടയില്‍ പുള്ളി ബയോഡിസ്ക് എന്ന സംഭവത്തെക്കുറിച്ചും അതുകൊണ്ട് വെള്ളത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതു ശരീരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇതു പോലെയുള്ള സാധനങ്ങളെപ്പറ്റി അതുവരെ ശ്രദ്ധിക്കാത്തത് കൊണ്ടും, പഠിപ്പിനും ജോലിക്കും ഇടയിലുള്ള ത്രിശങ്കു സ്വര്‍ഗത്തില്‍ ആയത് കൊണ്ടും ഈ ഐറ്റത്തെപ്പറ്റി ഒന്ന് തപ്പാന്‍ തന്നെ തീരുമാനിച്ചാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്.


നെറ്റില്‍ തപ്പിത്തുടങ്ങിയപ്പോഴേ ഒരു കാര്യം പിടി കിട്ടി. ഇതു തുടങ്ങിയിട്ടു കുറച്ചു കാലം ആയി. എന്ന് വെച്ചാല്‍ ഇവന്‍ കേരളത്തില്‍ എത്തിയിട്ടു തന്നെ മൂന്നു കൊല്ലമെങ്കിലും ആയിട്ടുണ്ട്‌. എന്നിട്ട് ഇപ്പോളും ആളുകള്‍ ഇതും പറഞ്ഞു നടക്കുന്നല്ലോ എന്ന് ആശ്ചര്യം തോന്നി. കൂടുതല്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ ഇവന്‍ സ്യൂഡോ സയന്‍സ് വിഭാഗത്തില്‍ പെട്ടവനാണെന്നും മണം അടിച്ചു തുടങ്ങി. ഇതു ആദ്യം ഇറക്കിയ കമ്പനിയെ വലിച്ചു കീറിയ ഒരു പോസ്റ്റും അതിന്റെ ചുവട്ടില്‍ കുറെ കമന്‍റുകളും കണ്ടു. സാധനം ഫലപ്രദമാണ് എന്നതിന് ഒരു തെളിവുമില്ല, കുറെ യൂട്യൂബ് വീഡിയോകളല്ലാതെ. തപ്പിയ എല്ലായിടത്തും അവസാനത്തെ അടവ് പഴയത് തന്നെ: "ഇതു സയന്‍സ് ആണ്, ഇയാള്‍ക്ക് വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന്!"


എന്നിട്ടും മതിയായില്ല. പിന്നെയും മാന്തി നോക്കിയപ്പോള്‍ സ്കേലാര്‍ എനര്‍ജി എന്നൊരു സാധനം പുറത്തു വന്നു. ഇതെന്താണെന്ന് വിക്കിപ്പീടികയില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. പീടികയില്‍ നിന്നും ആ സാധനം നീക്കം ചെയ്തിരിക്കുന്നു, യാതൊരു അടിസ്ഥാനവുമില്ല എന്നും പറഞ്ഞ് !!! എന്നാല്‍ വെറുതെ സ്കേലാര്‍ എനര്‍ജി ഗൂഗിള്‍ ചെയ്യ്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഇഷ്ടം പോലെ പരസ്യങ്ങള്‍ വരുന്നു!! അതിലൊന്നില്‍ ക്ലിക്കിയപ്പോള്‍ ഈ സൈറ്റില്‍ എത്തി. അതിലും അവസാനത്തെ അടവ് പഴയത് തന്നെ. പക്ഷെ മാക്സ്വെല്ലിന്റെ ഇക്വേഷനോക്കെ വെച്ചാണ് കളി. ആ ഇക്വെഷനോക്കെ എഴുതിയപ്പോള്‍ എന്തൊക്കെയോ വഴിയില്‍ കളഞ്ഞു പോയെന്നോക്കെയാണ് പറയുന്നത്. പകുതി കാര്യങ്ങളും മനസിലായില്ല.


ആകെ ടെന്‍ഷന്‍. ഇനി ഇതെങ്ങാനും സത്യമാണോ? പത്തു നൂറ്റമ്പതു കൊല്ലമായി ആരും കാണാതെ കിടക്കുന്ന സാധനങ്ങളൊക്കെ ഭൌതിക ശാസ്ത്രത്തില്‍ ഉണ്ടോ? ഒരു ബ്രേക്ക്‌ എടുക്കാന്‍ പത്രം എടുത്തു നിവര്‍ത്തി. അവസാന പേജ് സ്വര്‍ണ കടക്കാര്‍ക്കാണ്. അക്ഷയതൃതീയ എന്ന ആഘോഷത്തിന്റെ ബില്‍ഡ്‌ അപ്പ്‌.


എല്ലാ പ്രശ്നങ്ങളുടെ ഉത്തരവും ആ പേജില്‍ നിന്ന് കിട്ടി. ശരിക്കു പറഞ്ഞാല്‍ ഒരു (കാമുകനെ ഊ..ച്ച് തിരിച്ചു വീട്ടില്‍ പോയ പെണ്ണിന്‍റെ) സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നിന്ന്. (ഒരു citi moment of success എന്ന് തന്നെ പറയാം)


വിശ്വാസം. അതല്ലേ എല്ലാം.


ബയോ ഡിസ്കായാലും അക്ഷയ തൃതീയയായാലും.


അതു കൊണ്ട് നമുക്ക് അധികം ചിന്തിക്കണ്ട. പോയി സ്വര്‍ണവും ഡിസ്കും വാങ്ങാം. അതാണ്‌ നല്ലത്.


ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?


വാള്‍ : (വെച്ച വാള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.)
വാല്‍ ‍: മനോരമ പറയുന്നു, "ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണു വിശ്വാസം."


എന്നിട്ട് എന്താ ആരും അന്ന് അരി വാങ്ങണം എന്ന് പറയാത്തെ? പോട്ടെ, നമ്മള്‍ മലയാളികളല്ലേ... ഒരു ഫുള്ളെങ്കിലും അന്ന് വാങ്ങേണ്ടതല്ലേ? പിന്നെ വര്‍ഷം മുഴുവന്‍ സാധനം നമ്മളെ തേടി വരില്ലേ! (പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ കുറെ ഒന്നാം തീയതികള്‍ വേസ്റ്റ് ആകില്ലായിരുന്നു. :P)