In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...
Showing posts with label movies. Show all posts
Showing posts with label movies. Show all posts

റോബിന്‍ ഹൂഡ്

Saturday, October 3, 2009



ആഡംബരവും വര്‍ണപ്പൊലിമയുമ് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ജോഷി ചിത്രങ്ങളില്‍ നിന്നും ശരാശരി മലയാളികള്‍ പ്രതീക്ഷിക്കുന്നത്. ആ നിലക്ക് റോബിന്‍ ഹൂഡ് തെറ്റില്ലാത്ത ഒരു ചിത്രമാണെന്ന് തന്നെ പറയാം. മേല്‍പറഞ്ഞ സ്ഥിരം ഫോര്‍മുലകളെ കാലത്തിനൊത്ത് മാറിയ സിനിമ സാധ്യതകളുപയോഗിച്ചു വീണ്ടും വീണ്ടും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നു എന്നതാണ് ജോഷിയിലെ മുഖ്യധാരാ സംവിധായകന്റെ വിജയം. കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിലെ ജോഷി ചിത്രങ്ങളില്‍ വെറും നാലേ നാല് നായകന്മാര്‍ മാത്രം!! (മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് - എല്ലാം സൂപ്പര്‍ താരങ്ങളായ ശേഷം മാത്രം!!‍) പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് നുകരുന്നത് എന്ന് തിരിച്ചറിഞ്ഞ പുതിയ മലയാളി പ്രേക്ഷകന് അത് കൊണ്ട് തന്നെ ജോഷി പ്രിയങ്കരനാകുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് വേഗതയുടെയും ആഡംബരത്തിന്റെയും ഭ്രമിപ്പിക്കുന്ന, തങ്ങളുടെ എത്താപ്പിടിയില്‍ നില്‍കുന്ന ലോകങ്ങളിലേക്ക് കൂട് മാറാന്‍ കൊതിക്കുന്ന സാധാരണക്കാരനെ, പ്രത്യേകിച്ച് യുവാക്കളെ റോബിന്‍ ഹൂഡ് നിരാശപ്പെടുത്തില്ല. തകര്‍പ്പന്‍ ടൈറ്റില്‍ ഗ്രാഫിക്സോടുകൂടി തുടങ്ങുന്ന ചിത്രം  പ്രിത്വിരജിന്റെ സൂപ്പര്‍ പദവിയിലേക്കുള്ള ഉയര്‍ച്ചയെ വിളിച്ചറിയിക്കുന്ന ഏറ്റവും പുതിയ കൊമ്പുവിളിയായി മാറുന്നു. റോബിന്‍ ഹൂഡ് പക്ഷെ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ആരുടേയും മനസ്സില്‍ തിരിച്ചു വരാന്‍ സാധ്യതയില്ല. സംവ്രത, ഭാവന തുടങ്ങിയ ആള്‍രൂപങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങി. നരേന്റെ തെറ്റില്ലാത്ത പ്രകടനവും ജയസൂര്യയുടെ കാക്കിയും ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല. ഒടുവില്‍ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ അവ്യക്തമായ കടും നിറങ്ങള്‍ മാത്രം ബാക്കി വെച്ചുകൊണ്ട് മറ്റൊരു ജോഷി സിനിമ കൂടി കടന്നു പോകുന്നു.

ലൗഡ് സ്പീക്കര്‍

ഇന്നത്തെ മലയാള സിനിമ സംവിധായകരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജയരാജ്‌. ദൈവനാമത്തില്‍,4 ദി പീപ്പിള്‍, ഹൈവേ എന്നീ ചിത്രങ്ങള്‍ എല്ലാം ഒരാള്‍ തന്നെയാണ് സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ട്. അത് കൊണ്ടു തന്നെ മനസ്സു പരമാവധി സ്വതന്ത്രമാക്കി വെച്ചു കൊണ്ടാണ് ഇന്നലെ ലൗഡ് സ്പീക്കര്‍ കാണാന്‍ കയറിയത്. എന്നാല്‍ ചിത്രം കഴിഞ്ഞപ്പോള്‍ തോന്നിയത് നിരാശ തന്നെ.



മികച്ചതാക്കാന്‍ കഴിയുമായിരുന്ന ഒരു കഥയെ കച്ചവട നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി വികലമാക്കിയില്ലേ എന്നതാണ് ലൗഡ് സ്പീക്കര്‍ നമ്മുടെ മനസ്സില്‍ ബാക്കി വെക്കുന്ന ചിന്ത. മൈക്ക് എന്ന കഥാപാത്രതിനോട് മമ്മൂട്ടി നീതി പുലര്‍ത്തിയിരിക്കുന്നു. ശശികുമാര്‍ ശരാശരി മാത്രം. മേനോന്‍ എന്ന കഥാപാത്രം ചെയ്യാന്‍ കുറച്ചു കൂടി തഴക്കം വന്ന ആരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. മികച്ച ഛായാഗ്രഹണം എടുത്തു പറയേണ്ടിയിര്‍ക്കുന്നു. എന്നാല്‍ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ശക്തിയും ദൌര്‍ബല്യവും. ചിലയിടങ്ങളില്‍ സുന്ദരവും ചിലയിടങ്ങളില്‍ ബോറും ആണ് ജയരാജിന്റെ ആഖ്യാനശൈലി. എല്ലാവരെയും ആകര്‍ഷിക്കാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും നല്‍കണം എന്ന പിടിവാശിയില്‍ നിര്‍മിക്കപ്പെട്ടത് പോലെ ആണ് ഈ ചിത്രം പലപ്പോഴും നീങ്ങുന്നത്‌. അരോചകമായ പ്ലേ സ്കൂള്‍ സീക്വെന്സുകള്‍, പുതുമയുള്ള ഒരു കഥാതന്തുവിനെ വീണ്ടും ഉത്രാളിക്കാവ് മുതലായ ക്ലീഷെകളിലേക്ക് കൊണ്ട് പോക്ക്, ആവശ്യത്തിലധികം ഗാനങ്ങളും കഥാപാത്രങ്ങളും (ഉദാ: ജഗതി)... ലളിതവും മനോഹരവുമായ രീതിയില്‍ പറഞ്ഞു പോകാന്‍ കഴിയുമായിരുന്ന ഒരു കഥയെ ആവശ്യത്തിലധികം അതിഭാവുകത്വം നിറച്ചു ഒരു കമ്പ്ലീറ്റ്‌ പാക്കേജ് ആക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. സിനിമ ഒരു വ്യവസായം ആണെന്ന് മനസ്സിലാക്കുന്ന സംവിധായകര്‍ മലയാളത്തിനു ആവശ്യം ആണ്. സംശയമില്ല. പക്ഷെ "A friend of everybody is a friend of nobody" എന്ന കാര്യം സംവിധായകന്‍ ഓര്‍ക്കണമായിരുന്നു.

പലപ്പോഴും മികവിന്റെ പടിവാതില്‍ വരെ ചെന്ന ശേഷം ഒടുവില്‍ ഒരു ശരാശരി സിനിമയായി ലൗഡ് സ്പീക്കര്‍ തീര്‍ന്നു പോയി എന്ന് ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു.