In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ജനാധിപത്രം

Monday, October 26, 2009

(ഇന്നത്തെ ഹിന്ദുവിലെ ശ്രീ സായിനാഥിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം)
പയ്യന്‍ : "പത്രക്കാരന്‍ സണ്ണി മരിച്ചു " എന്നാണ് കേട്ടിരുന്നത്...
പത്രക്കാരന്‍ സണ്ണി : ശരിയാണ്. പത്രക്കാരന്‍ സണ്ണി ഇപ്പോളില്ല. ഇപ്പോള്‍ ഞാന്‍ പത്ര കണ്‍സല്‍ട്ടന്റ്റ്‌ സണ്ണിയാണ്.
പയ്യന്‍ : മനസ്സിലായില്ല.
പ. സ : അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പത്രങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കും ഉപദേശം നല്‍കി ജീവിക്കുന്നു.
പയ്യന്‍ : അപ്പോള്‍ ഭാരിച്ച ജോലിയായിരിക്കും.
പ. സ : അങ്ങനെയില്ല. പണ്ട് പത്രം മൊത്തമായും ചില്ലറയായും വില്പനയായിരുന്നു. ഇപ്പോള്‍ പത്ര താളുകളിലെ കോളങ്ങള്‍ വില്‍ക്കുന്നു.
പയ്യന്‍ : വീണ്ടും മനസ്സിലായില്ല. എഡിറ്റര്‍ ആണോ?
പ. സ : ഡേയ് പയ്യന്‍, താനേത് ലോകത്തിലാണ് ജീവിക്കുന്നത്  ?എന്റെ പട്ടി ആകും എഡിറ്റര്‍ ... ഐ ആം എ കണ്‍സല്‍ട്ടന്റ്റ്‌‌...ഏതു വാര്‍ത്തകള്‍, ആരുടെ പേരുകള്‍, ആരെക്കുറിച്ചുള്ള ഫീച്ചറുകള്‍, അവക്കുള്ള വിലയെത്ര ഇതെല്ലാം തീരുമാനിക്കുന്നവര്‍ക്ക് ഞാന്‍ ഉപദേശം നല്‍കുന്നു...
പയ്യന്‍ : വിലയോ? ഇതെന്താ മീന്‍ ചന്തയോ?
പ. സ :  അങ്ങനെ പറയാന്‍ പറ്റില്ല . ചാകരയില്ലെങ്കില്‍ മീന്‍കാര്‍ക്ക് ബുദ്ധിമുട്ടാണ് . പക്ഷെ നമുക്ക്‌ എന്നും ചാകര തന്നെ.
പയ്യന്‍ : അപ്പോള്‍ പത്രങ്ങളുടെ സാമൂഹിക പ്രതിബദ്ധത?
പ. സ : മുടക്കുമുതലിന് മുകളില്‍ ലാഭം ഉണ്ടാക്കുക എന്നതാണ് എല്ലാ സ്ഥാപനങ്ങളും ചെയ്യേണ്ടത്. കയ്യില്‍ ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ലാഭം പരമാവധി വര്‍ധിപ്പിക്കുക. അതാണ്‌ മുതലാളിത്ത വ്യവസ്ഥയുടെ ഒരേയൊരു നിയമം. അങ്ങനെ ലാഭം കൂടുമ്പോള്‍ സമൂഹം താനേ അഭിവൃദ്ധിപ്പെടും. ഇതൊക്കെ ഇനി താന്‍ എന്ന് പഠിക്കും?
പയ്യന്‍ : എന്നാലും ചരിത്രം നിങ്ങളെ എങ്ങനെ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?
പ. സ : എടൊ, ചരിത്രം സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ചരിത്രത്തിലെ കഥാപാത്രങ്ങളുടെ റോള്‍ മാത്രമേ ഉള്ളു സമൂഹത്തിനു.
പയ്യന്‍ : ശരിയാണ്. അബദ്ധമാണ് ചരിത്രം എന്നു പ്രൊഫ ടോയെന്‍ബിയുടെ ശിഷ്യനായ സര്‍ ചാത്തു പറഞ്ഞിട്ടുണ്ട്.
പ. സ : കാലയവനികയില്‍ കാലു തട്ടി വീണു കഴിഞ്ഞയാളാണ് ചാത്തവന്‍. വീണവര്‍ക്ക് വോയിസ്‌ ഇല്ല.
പയ്യന്‍ : എന്നാലും?
പ. സ : സീ മിസ്റ്റര്‍ പയ്യന്‍...ഇതാണ് ശരി. ഉദാഹരണത്തിന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഒരു സേവനം ചെയ്തിട്ടാണ് ഞാന്‍ ഇപ്പൊ തിരിച്ചു എത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തില്‍ നിന്ന്.
പയ്യന്‍ : എങ്ങനെ?
പ. സ : തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവരുടെ പണി എളുപ്പമാക്കി കൊടുക്കുക എന്ന മഹത്തായ പത്രധര്‍മം. പത്രത്തില്‍ കോളങ്ങള്‍ വാങ്ങി സ്വന്തം വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നവനാണ് ഏറ്റവും കാശുള്ളവന്‍ എന്നു മനസ്സിലാക്കാന്‍ വായിക്കുന്നവന് വലിയ ബുദ്ധിയൊന്നും വേണ്ട. കാശുള്ളവനെ ജയിപ്പിക്കാതെ ഒരുത്തനും ഗതി പിടിക്കില്ല. അങ്ങനെ കാശുള്ളവനെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിനെ സഹായിക്കുക എന്നതാണ് ഇന്ന് പത്രങ്ങള്‍ ചെയ്യുന്നത്.
പയ്യന്‍ : അപ്പൊ പിന്നെ പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമെന്ത്?
പ. സ : ഒരു വ്യത്യാസവുമില്ല. ഉത്സവക്കാലത്ത് രണ്ടും കൂടുതല്‍ ആയിരിക്കുകയും ചെയ്യും.
പയ്യന്‍ : അപ്പൊ കേരളത്തിലും ഇനി ഇങ്ങനെ ആകുമോ കാര്യങ്ങള്‍?
പ. സ : ഇനി എന്താവാന്‍? കൂലിക്ക് എഴുത്ത് ഇവിടെ ഇപ്പോളെ ഉണ്ടല്ലോ... ഇതിനെ ഒന്ന് തേച്ചുമിനുക്കി എടുത്താല്‍ മതി. കൂടെ കൂടുന്നോ?
പയ്യന്‍ : പൈംപീക വൃത്തി ചെയ്യേണ്ട ഗതികേട് വന്നിട്ടില്ല. വരാതിരിക്കട്ടെ എന്ന് പ്രാര്ഥിക്കുന്നു. ആള്‍ ദി ബെസ്റ്റ്

ബ്ലോഗുധര്‍മ്മം!!

Thursday, October 22, 2009

മണലില്‍ എഴുതുന്നവനുമായി രണ്ടാഴ്ച മുമ്പ് നടന്ന ഒരു തര്‍ക്കം ഓര്‍മയില്‍ നിന്ന് മായും മുമ്പെയാണ് ഈ പോസ്റ്റു കാണുവാനിടയായത്. ഇത് എഴുതിയ ആളെയോ എഴുതാനുണ്ടായ സാഹചര്യമോ എനിക്കറിയില്ല. അറിയാന്‍ താല്പര്യവുമില്ല. എന്നാല്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് വിഷയം എന്നത് കൊണ്ട് എന്റേതായ ചില ചിന്തകള്‍ കുറിച്ചിടുന്നു എന്നുമാത്രം. ഇത് ഒന്നിനോടുമുള്ള പ്രതികരണമല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമാണ് ഒരു ബ്ലോഗ്‌ എന്ന മണലന്റെ  പരാമര്‍ശത്തില്‍ നിന്നാണ് ഞങ്ങളുടെ തര്‍ക്കം ചൂട് പിടിച്ചത്. ജനാധിപത്യത്തോടല്ല, അരാജകത്വത്തോടാണ് ബ്ലോഗിന് അടുപ്പം കൂടുതല്‍ എന്നാണു എന്റെ അഭിപ്രായം.അതിരുകളില്ലാത്ത സ്വാതന്ത്ര്യം കല്പിച്ചു കൊടുക്കുന്ന ഒരു മാധ്യമത്തെ ജനാധിപത്യപരമായ രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ നടത്തേണ്ട വിട്ടു വീഴ്ചകള്‍ ഒരു ബ്ലോഗിന്റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിനെതിരാനു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗ്‌ നിലനില്‍ക്കുന്നത് എഴുത്തുകാരന് വേണ്ടി മാത്രമാണ്. വായനക്കാരന്‍  ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കില്‍ അയാളുടെ അഭിപ്രായമെന്ത് എന്നീ വിഷയങ്ങള്‍ ബ്ലോഗിനെയും ബ്ലോഗറെയും സംബന്ധിച്ച് അപ്രസക്തമാണ്. മറ്റു മാദ്ധ്യമങ്ങളില്‍ നിന്ന് ബ്ലോഗിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാകണം. എനിക്ക് തോന്നുന്നതെന്തും (അത് പൊതുവായ ചുരുക്കം ചില നിയമങ്ങള്‍ക്കനുസരിച്ച് ആയിരിക്കുന്നിടത്തോളം കാലം) വാക്കിലൂടെയും വരകളിലൂടെയും, വീഡിയോയിലൂടെയും പ്രദര്ഷിപ്പികാനുള്ള സ്വാതന്ത്ര്യം മറ്റൊരു മാധ്യമവും നല്‍കില്ല. ഈ പറഞ്ഞ നിയമങ്ങള്‍ മറ്റു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കര്‍ക്കശവും എണ്ണമറ്റവയുമാണ്. മാത്രമല്ല അവയെ നിയന്ത്രിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളുടെ എണ്ണവും ശക്തിയും പോലും അധികമാണ്.

ഒരു ബ്ലോഗ്‌ (ഒരാളുടെ മാത്രം എന്നു അനുമാനം) ഒരു വ്യക്തിയുടെ മാത്രം താല്‍പര്യങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രകടനമാണ്. അതിനു പിന്നില്‍ ഒരു community / combined effort ഇല്ല. മാറിയ കാലത്തിനനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങളും മാറുമ്പോഴും അവയുടെ സാമൂഹിക പ്രാധാന്യം നഷ്ടമാകാതിരിക്കുനതിന്റെ ഒരു പ്രധാന കാരണം അവയുടെ പിന്നിലുള്ള ഈയൊരു അറിയപ്പെടുന്ന കൂട്ടായ്മയാണ് എന്നു ഞാന്‍ വാദിക്കും. ആലോചിച്ചു നോക്കൂ , വീരേന്ദ്രകുമാറിന്റെ മാത്രം ലേഖനങ്ങളും അദ്ദേഹം തിരഞ്ഞെടുക്കുന്ന വാര്‍ത്തകളും മാത്രം വരുന്ന ഒരു മാതൃഭൂമി, അത് എത്ര കുറഞ്ഞ വിലയില്‍ ആണെങ്കിലും, ആളുകള്‍ വായിക്കുമോ? മുതലാളി ആരായാലും, അറിയപ്പെടുന്ന ഒരു സംഘം ആളുകളുടെ കൂട്ടായ പ്രയത്നത്തില്‍ നിന്നുണ്ടാകുന്ന പത്രം വാങ്ങുന്ന വായനക്കാരന്‍ വിശ്വസിക്കുന്നത് ആ കൂട്ടായ്മയുടെ നന്മയിലാണ്. (നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്നു നൂറു ശതമാനം ബോധ്യം ഉള്ളപ്പോഴും ആളുകള്‍ നമ്മുടെ നാട്ടില്‍ പത്രം വാങ്ങുന്നില്ലേ?) അത് കൊണ്ട് തന്നെയാണ് ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാമൂഹിക പ്രതിബധത കല്പിച്ചു കിട്ടുന്നതും.

സമൂഹത്തില്‍ വളരെ ഭൌതികമായി തൊട്ടറിയാന്‍ സാധിക്കുന്ന ഈ സാന്നിധ്യത്തിന് ലഭിക്കുന്ന പ്രാധാന്യം ഒരു പുകമറക്കു പിന്നില്‍ അജ്ഞാതനായി നിന്ന് പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍ക്ക് ലഭിക്കില്ല. അത് കൊണ്ട് തന്നെ ബ്ലോഗുകളില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നീ തീരുമാനങ്ങള്‍ തികച്ചും അപ്രസക്തമായി തീരുന്നു. ബ്ലോഗറുടെ സ്വാഭിപ്രായത്തില്‍ മാത്രം ഊന്നി നില്‍ക്കുന്ന ഒന്നാണ് അത്. നര്‍മ്മം എഴുതണം എന്നുള്ളയാള്‍ക്ക് അതും, സമൂഹത്തിനോട് പ്രതികരിക്കണം എന്നുള്ളയാള്‍ക്ക് അതും ചെയ്യാന്‍ ഒരൊറ്റ ബ്ലോഗ്‌ മതി. ഇന്നിന്റെ മാധ്യമം ആണു ബ്ലോഗ്‌. ഈ നിമിഷത്തിന്റെ മാധ്യമം. തോന്നിവാസത്തിന്റെയും  അരാജകത്വത്തിന്റെയും മാധ്യമം. അത് കൊണ്ട് തന്നെയാണ് ബെര്‍ളിയെ പോലെയുള്ളവര്‍ ഏറ്റവും വായിക്കപ്പെടുന്നവരാക്കുന്നതും.

സമൂഹത്തിനെ നേര്‍വഴിക്കു നടത്താനും അത് പോലെ തന്നെ വഴി തെറ്റിക്കാനും ഒരു ബ്ലോഗര്‍ക്ക് അവകാശമുണ്ട്‌. കാരണം നേര്‍വഴിയേത് തെറ്റായ വഴിയേത് എന്നുള്ള കാഴ്ചപ്പാടുകള്‍ തികച്ചും വ്യക്തിപരമാണ് എന്നതാണ് ഓരോ ബ്ലോഗിന്റെയും അടിസ്ഥാനശില.
[ അതുകൊണ്ടു തന്നെയാണ് ഇതെങ്ങാനും വായിക്കുന്നവരുടെ ഗതിയോര്‍ത്ത് ലേശം പോലും ദുഖമില്ലാതെ ഇത്രയും എഴുതാന്‍ എനിക്ക് സാധിക്കുന്നതും :) ]

സായാഹ്നം

Saturday, October 17, 2009


ആന്ധ്രയിലെ തട റെയില്‍വേ സ്റ്റേഷനിലെ ഒരു സായാഹ്നം

ചായക്കോപ്പയിലെ വിപ്ലവം

Friday, October 16, 2009

കേരള ചരിത്രത്തിലെ എല്ലാ സുപ്രധാന ഇടതു മുന്നേറ്റങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തിയാണ് ചായ. ദിനേശ് ബീഡി, പരിപ്പ് വട, പ്രത്യയശാസ്ത്രം മുതലായ കാറ്റലിസ്റ്റുകള്‍ ചായയുടെ കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് വിപ്ലവത്തിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇടതു പ്രസ്ഥാനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പാനീയമില്ല (മദ്യം ഒരു പ്രസ്ഥാനമായതിനാല്‍ കണക്കില്‍ പെടില്ല). ഇപ്രകാരമുള്ള "പ്രമാദമാന" ചായയിലൂടെ തന്നെ ഇടതു പക്ഷത്തെ കുളം തോണ്ടാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ കമ്മ്യൂനിസ്ടുകാര്‍ നോക്കി നില്‍ക്കുമോ?

കാര്യം യുവരാജാവൊക്കെ ആണെങ്കിലും, ചായക്കടയിലൊക്കെ തൊട്ടാല്‍ കളി മാറും. അതൊക്കെ ഇടതു പക്ഷത്തിന്റെ കുത്തകയാണ് കേരളത്തില്‍ . ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പോലും റോഡ്‌ സൈഡില്‍ നിന്ന് ചായ കുടിച്ചതായി കേട്ടുകേള്‍വിയില്ല. ധൈര്യമില്ല അവര്‍ക്കൊന്നും. അപ്പൊ പിന്നെ എങ്ങാണ്ട് നിന്നും വന്ന ഒരു പയ്യന്‍ ചായക്കടയില്‍ കേറി ചായ ചോദിക്കുക! ചായക്കടക്കാരന്‍ ഉടനെ ചായ കൊടുക്കുക! പാളയത്തില്‍ തന്നെ പടയോ? ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നഗ്നമായ ലംഘനം. അത് കണ്ടു കൊണ്ടിരിക്കാന്‍ പിണറായി നയിക്കുന്ന അച്ചടക്കമുള്ള പാര്‍ടിക്ക് പറ്റില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൂട്ടിക്കുക തന്നെ. കേസ് പിന്നാലെ വന്നോളും. അതുണ്ടാക്കാനാണോ പാട്. 

ഇതൊരു ശക്തമായ താക്കീതാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. പണക്കാരന്‍ പണക്കാരനെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ പാവങ്ങളും പണക്കാരനും തമ്മില്‍ എന്ത് വ്യത്യാസം? വര്‍ഗ സമരം നടക്കണമെങ്കില്‍ വര്‍ഗം വേണം. അതു നിലനിര്‍ത്താന്‍ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍ ? ദശാബ്ദങ്ങളായി കേരളത്തില്‍ സമാധാനപരമായി നിലനില്‍ക്കുന്ന  ഇടതു കക്ഷികള്‍ പിന്നെ എന്തിനു വേണ്ടി ശബ്ദമുയര്‍ത്തും? ജീവിക്കാന്‍ ലക്‌ഷ്യം ഇല്ലാതാകുന്ന കമ്മ്യൂനിസ്ടുകാര്‍ പിന്നെ കാശിക്കു പോകേണ്ടി വരും. അതു കൊണ്ട് "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്". അവിടെ നിന്നോളണം. ചായ കുടിക്കാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ വല്ല യു. പീയിലോ ബീഹാറിലോ പോയി ദളിതരെ തപ്പി കണ്ടു പിടിക്കണം. ഈ ഏരിയയില്‍ കണ്ടു പോകരുത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഇവിടെ അങ്ങനെ ആര്‍ക്കെങ്കിലും ചായ കൊടുക്കാന്‍ ഞങ്ങള് സമ്മതിക്കുകേല.

(എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഹാരം കഴിച്ച ഹോട്ടല്‍ അടച്ചുപൂട്ടിയത് സര്‍ക്കാരിനും, സിപി.എമ്മിനും അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

രാഹുല്‍ ഗാന്ധി ടാറ്റാ സഫാരി കാര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ടാറ്റായെ പോലും ബംഗാളില്‍ നിന്നും തുരത്തിയത്. പിന്നാണ് ഒരു ചായക്കട...) 

ആറാമിന്ദ്രിയം

Tuesday, October 13, 2009

ടെക്നോളജി-യില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വ്യവസായങ്ങള്‍ മാറേണ്ടി വരും എന്നുള്ളതിന്‌ എന്റെ പ്രൊഫസര്‍ കാണിച്ചു തന്ന ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്നത്‌.



എപ്പടി? ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്-ഇല്‍ ഷെയര്‍ വാങ്ങി തീരുമായിരുന്ന നല്ല ഒന്നാന്തരം ഗുജറാത്തി ബുദ്ധിയാണ് ഇതിന്റെ പിന്നില്‍ . പയ്യന്റെ പേര് പ്രണവ് മിസ്ത്രി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും ബോംബെ IIT-യിലും ഇപ്പോള്‍ MIT-യിലും എത്തി നില്‍ക്കുകയാണ്‌ കക്ഷി. സിക്സ്ത് സെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഇപ്പോളും ശൈശവ ദശയില്‍ മാത്രമാണ്. ഇതുപോലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളില്‍ എത്തിച്ചാല്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ആലോചിക്കാന്‍ പോലും വയ്യ. അനന്തം, അജ്ഞാതം, അവര്‍ണനീയം എന്നുതന്നെ പറയേണ്ടി വരും.

(ഈ വീഡിയോക്ക്  കുറഞ്ഞത് ആറു മാസമെങ്കിലും പഴക്കമുണ്ട്.)

പ്രണവ് മിസ്ത്രിയുടെ ഹോം പേജ്

പേര് = പൊന്ന്

Monday, October 12, 2009



അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. എല്ലാത്തിനോടും ഒരു പുച്ഛം. രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും വോട്ട് കൊടുക്കും ). പത്രക്കാരോട് പുച്ഛം (എന്നാലും വാങ്ങി വായിക്കും). സ്വാമിമാരോടും സ്വാമിനിമാരോടും പുച്ഛം (എന്നാലെന്താ അനുസരണയോടെ Q വരെ നില്‍ക്കും "ദിവ്യ" ദര്‍ശനം കിട്ടാന്‍). എന്തിനു പേരുകളോട് പോലും പുച്ഛം.  മക്കള്‍ക്ക്‌ പേരിടാന്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചാല്‍  പേരൊന്നും കിട്ടിയില്ലെങ്കിലും "ഒരു പേരിലെന്തിരിക്കുന്നു" എന്ന ഒരു ഡയലോഗ് തീര്‍ച്ചയായും കിട്ടും.

അതിനൊക്കെ തമിഴന്മാരെ കണ്ടു പഠിക്കണം. പേരിടാന്‍ അവരെ കഴിഞ്ഞേ ഉള്ളു. "ഉടനടി തലം വഴിപ്പതിവ് തിട്ടം" എന്ന് ബസ്‌ ടിക്കറ്റില്‍ അടിച്ചു കണ്ടതിന്റെ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം എടുത്ത അനുഭവത്തില്‍ പറയുകയാണ്‌ (Online Ticket Reservation System എന്നതിന് മലയാളം പരിഭാഷയുണ്ടോ? ഉണ്ടോ? ഉണ്ടോ? ).  ഇപ്പൊ ദാ ഇംഗ്ലിഷ് മുതലായ ഭാഷകളെ ബോര്‍ഡുകളില്‍  നിന്ന് മാത്രമല്ല, നാട്ടില്‍ നിന്ന് തന്നെ ഇല്ലായ്മ ചെയ്യാന്‍ ഉള്ള പുതിയ പദ്ധതി വരുന്നു. (ഉറവിടം : ഇന്നത്തെ ടൈംസ്‌ )



സംഭവം ചെന്നൈയില്‍ ആണ്. അടുത്ത ഒരു കൊല്ലം ചെന്നൈയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സിക്കല്‍ തമിഴ്‌ പേരുകളിടാന്‍ വീട്ടുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ മേയറുടെ ബുദ്ധി. തമിഴ്‌ പേര് വീഴുന്ന പിള്ളേര്‍ക്കെല്ലാം ഓരോ 1 ഗ്രാം സ്വര്‍ണ്ണ മോതിരം!! ഇതിനായി സ്വര്‍ണകടക്കാരില്‍ നിന്നും ഒക്ടോബര്‍ 23 മുതല്‍ ടെണ്ടര്‍ വരെ വിളിച്ചു കഴിഞ്ഞു. വെറും വാക്കല്ല എന്ന് മനസ്സിലായില്ലേ. മോതിരത്തില്‍ che ma (ചെന്നൈ മാനഗരാട്ചി) എന്നും എഴുതിയിരിക്കും (അതെന്തിനാണ് എന്ന് മനസ്സിലായില്ല. ഇതെന്താ കോര്‍പറേഷന്‍ വക വണ്ടിയോ?). മോതിരം 916 ആയിരിക്കും എന്നും ഉറപ്പ്. പിള്ളേര് വളരുന്നതനുസരിച്ച്‌ മോതിരവും പുതുക്കി കൊടുക്കുമോ എന്നറിയില്ല. പേര് മാറ്റും എന്ന് വിരട്ടിയാല്‍ ചിലപ്പോ കിട്ടുമായിരിക്കും. എന്തായാലും പേരിനെന്തു വില എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാ റെഡി.

(കോര്‍പ്പറേഷന്‍, സ്വര്‍ണകടക്കാരന്‍ എന്നിവര്‍ എടുത്ത ശേഷം 916-il ബാക്കി എത്ര ഉണ്ടാകുമോ ആവോ. ആ ബാക്കിയും വല്ല TASMAC കടയിലും തീരാന്‍ ആണ് സാധ്യത. അതാണല്ലോ സോഷ്യലിസം.)

ന്റെ ചങ്ങായീ... ങ്ങള് ആരാണ്??

Sunday, October 11, 2009



രാഹുല്‍ ഗാന്ധി ആരാണ് എന്ന് തീരുമാനിക്കേണ്ട കാലമായിരിക്കുന്നു. ചങ്ങാതിയല്ല എന്ന് കോഴിക്കോട്ടു വെച്ച് തീരുമാനമായി. അപ്പൊ ശത്രുവാണോ എന്ന് ചോദിച്ചാല്‍ പിന്നെ അത് മതി നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ ചരിത്രവും പൊക്കി പിടിച്ചു യൂത്ത് കോണ്‍ഗ്രസ്‌ ജാഥ നടത്താന്‍. അപ്പൊ യുവരാജാവ് ആണല്ലേ എന്ന് ചോദിച്ചാല്‍ (ലക്ഷപ്രഭു കടലിലാണോ കിടക്കുന്നത് എന്ന പഞ്ചാബി ഹൌസ് ചോദ്യം പോലെ)  യുവരാജാവ് കുടിലിലാണോ കിടക്കുന്നത് എന്ന് വിവരമില്ലാത്ത നാട്ടുകാര്‍ ചോദിക്കും. പ്രത്യേകിച്ച് പോകുന്നിടത്തൊക്കെ ventilator വരെ ഒഴിച്ചിടുമ്പോള്‍ . എന്നാല്‍ ഒരു സാധാരണ പാര്‍ലമന്റ്‌ മെമ്പര്‍ ആണ് എന്ന് വിനീതമായി മൊഴിഞ്ഞാല്‍ , കാറും തൂക്കി പിറകെ നടക്കുന്ന വ്യോമസേനക്ക് പിന്നെ പീതാംബരകുറുപ്പിന്റെ പിന്നാലെ വരെ പോകേണ്ടി വന്നെന്നിരിക്കും. ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാണ് എന്ന് പറഞ്ഞാല്‍ ഗൂഗിളും വിക്കിപീടികയുമൊക്കെ തല്ലിന് വരും (ഓര് പറയാണ്‌ ബാല്യത്തിനും പ്രായപൂര്‍ത്തിക്കുമിടയില്‍ ഉള്ള പ്രായമാണ് യൌവനം എന്ന്. യൂത്തന്മാര് കേള്‍ക്കണ്ട). സമുന്നതനായ രാഷ്ട്രീയ നേതാവാണ്‌ എന്ന് പറഞ്ഞാല്‍ ക്ലാസ്സ്‌ മുടക്കി അച്ചന്മാര് അനുവാദം കൊടുത്തത് രാഷ്ട്രീയ കവലപ്രസംഗത്തിനാണോ എന്ന് ക്ഷുദ്രജീവികളായ  കമ്മ്യൂണിസ്റ്റുകാര്‍ ചോദിക്കും. (കാര്യം കാണാന്‍ അച്ചന്മാര്‍ക്ക് അറിയുന്നത് പോലെ അവറ്റകള്ക്കുണ്ടോ  അറിയുന്നു.) ചുരുക്കത്തില്‍ ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്നതാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. കുറ്റം പറയുന്നവര്‍ ഇത് വല്ലതും അറിയുന്നുണ്ടോ...