In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ചിന്തിപ്പിക്കുന്ന ചോദ്യം...

Tuesday, January 26, 2010

ഒരു അത്യാവശ്യ കാര്യത്തിനു നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചാണ് ആ നാല് പേരെ ഞാന്‍ പരിചയപ്പെട്ടത്. നാഗര്‍കോവിലിന്റെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ അവരുടെ അവസാന സെമെസ്റെരിന്റെ പ്രോജെക്ടു ചെയ്യാന്‍ വരികയാണ്. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ മദ്രാസ്‌ ഐ ഐ ടീയില്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു.


ഐ ഐ ടി ഒരു സംഭവമാണ് എന്ന പൊതു വിശ്വാസം കാരണം പൊതുജനത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. (അക്കരെപ്പച്ച...) അത് കൊണ്ടുതന്നെ പല ഫോളോ അപ്പ്‌ ചോദ്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. "ഏതു കോഴ്സ്?" "എത്ര വര്‍ഷം ആയി?" "നല്ല കോഴ്സ് ആണോ?" "എപ്പോ പാസ് ആകും?" "ശമ്പളം എത്രയൊക്കെ കിട്ടും?" "ബീ ടെക്കുകാരുടെ ശമ്പളം?" ഇതൊക്കെയാണ് സ്ഥിരം ചോദ്യങ്ങളുടെ രീതി. ഒരു മാതിരി എല്ലാം കേട്ടിടുണ്ട് എന്നാ മൂഡില്‍ ഇരുന്ന എന്റെ തലയില്‍ ഇടി വെട്ടിയ പോലെ ആണ് ഒരു പയ്യന്‍ ആ ചോദ്യം എറിഞ്ഞത്.


"മെറിറ്റ്‌ ആണോ പേമെന്റ് ആണോ?"


മക്കളുടെ വിദ്യാഭ്യാസം മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരച്ഛന്‍ ഇങ്ങനെ ചോദിച്ചാല്‍ മനസ്സിലാക്കാം. എഞ്ചിനീയറിംഗ് പഠിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പ്ലസ്‌ ടു വിദ്യാര്‍ഥി ഇത് ചോദിച്ചാലും ക്ഷമിക്കാം. എന്നാല്‍ അവസാന സെമെസ്റെര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഒരാള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആകും. കാരണം വലിയ ഒരളവു വരെ അത് അറിയുന്ന കാര്യങ്ങളുടെയും ചിന്തിക്കുന്ന രീതിയുടെയും കുഴപ്പമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനുള്ള ഒരു ഓപ്ഷന്‍ എന്ന നിലയില്‍ ഐ ഐ ടിയെ കാണുന്ന അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഒരാള്‍ ആദ്യം ചോദിക്കേണ്ടത് എന്തെല്ലാം കോഴ്സ് ഉണ്ടെന്നും നിലവാരം എങ്ങനെ ഉണ്ടെന്നുമൊക്കെ ഉള്ള നേരത്തെ പറഞ്ഞ തരം ചോദ്യങ്ങളാണ്. അതിനു പകരം ആദ്യത്തെ ചോദ്യം തന്നെ മെരിട്ടിനെ പറ്റി ചോദിക്കുമ്പോള്‍ അതില്‍ ഒരു ശെരികേട്‌ തോന്നുന്നില്ലേ? നമ്മുടെ നാട്ടില്‍ , മക്കളെ എങ്ങനെയെങ്കിലും എഞ്ചിനീയര്‍ ആക്കുക എന്നാ ഒറ്റ ലക്ഷ്യത്തില്‍ ജീവിക്കുന്ന ഒരുപാട് അച്ഛന്മാരും അമ്മമാരും മക്കളെ വളര്‍ത്തി കൊണ്ട് വരുന്ന രീതിയുടെയും, സ്വന്തം കഴിവുകളെയും ഭാവി ജോലിയെയും പറ്റി ചിന്തിക്കേണ്ട പ്രായത്തില്‍ അതിനു പകരം മേറിട്ടിന്റെയും പെമെന്റിന്റെയും സമവാക്യങ്ങള്‍ക്കിടയില്‍ കിടന്നു നട്ടം തിരിയുന്ന ഒരു തലമുറയുടെയും പ്രശ്നമായി ഇത് മാറുന്നില്ലേ?


( ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ചത് തിരുവനന്തപുരത്ത് ആണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ ചോദ്യം പിന്നെയും ചോദിച്ചു. "മെറിറ്റ്‌ ആണോ പേമെന്റ് ആണോ?" എന്ന്. ഏതു കോളേജ്? ഏതു ബ്രാഞ്ച്? ഇതൊന്നും അറിയണ്ട!! )


കുറഞ്ഞ പക്ഷം എഞ്ചിനീയറിംഗ് കോളേജില്‍ കയറി കഴിഞ്ഞാലെങ്കിലും മറക്കേണ്ട ഒരു കാര്യമാണ് ഈ മെരിറ്റും പെമെന്റും. കാരണം അതിന്റെ അപ്പുറത്ത് ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള അല്പം കൂടി വിശാലമായി ചിന്തിക്കേണ്ട കാലമാണത് എന്നാണ് എന്റെ വിശ്വാസം.. (ചിന്തിച്ചു തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലം...) അതിനു പകരം ഉള്നാടുകളില്‍ കേട്ടിപൊക്കുന്ന കോളേജുകളില്‍ മാര്‍ക്ക്‌ വാങ്ങാനായി മാത്രം പലപ്പോഴും പഠിക്കുന്ന വിദ്യാര്‍ഥികള്‍ പുറം ലോകത്തെ പറ്റി കൂടുതല്‍ വായിക്കാനും അടുത്തറിയാനും ശ്രമിക്കാറുണ്ടോ? മാര്‍ക്ക്‌ പ്രധാനമാണ്. സംശയമില്ല. എന്നാല്‍ അതിനപ്പുറം ഒരു ജോലിക്കോ ഉപരി പഠനത്തിനോ വേണ്ട കഴിവുകളെ പറ്റിയും ഉള്ള സാധ്യതകളെ പറ്റിയും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുവാനും പരിശീലനം നല്‍കുവാനും സര്‍വോപരി കൂടുതല്‍ അറിയാന്‍ ഉള്ള ഒരു ഡ്രൈവ് അവരില്‍ ഉണ്ടാക്കുകയും ചെയ്യാന്‍ എത്ര കോളേജുകള്‍ മുന്കൈയ്യേടുക്കുന്നുണ്ട്? കേരളത്തില്‍ ഇപ്പോള്‍ 114 എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട് എന്നാണ് ആ കൂട്ടത്തിലെ ഒരു പയ്യന്‍ പറഞ്ഞത്. അതിനു പുറമെയാണ് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നവര്‍. സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു ഇന്നലെന്കില്‍ നാളെ ഒരു ജോലിയില്‍ കയറി വളരെണ്ടവര്‍. ആ വളര്‍ച്ചയില്‍ അവരെ സഹായിക്കാന്‍ പോകുന്നത് ഇന്ന് വാങ്ങുന്ന മാര്‍ക്കുകള്‍ ആണോ? അതോ ഇന്ന് വായിക്കുന്ന പുസ്തകങ്ങളും പത്രങ്ങളുമോ? എഞ്ചിനീയര്‍ ആകാന്‍ താല്പര്യം ഉണ്ടോ എന്ന വിഷയം തന്നെ നമുക്ക് മറക്കാം. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഏറ്റവും സാധ്യതയുള്ളത് എന്ന് തോന്നിക്കുന്ന മേഖലയിലേക്ക് പോകാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കുന്നു എന്ന് നമുക്ക് വാദിക്കാം. എങ്കില്‍ പോലും നേരെ ചൊവ്വേ ചിന്തിക്കാന്‍ ഉള്ള കഴിവെങ്കിലും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനെങ്കിലും കോളേജുകള്‍ക്ക്‌ ബാധ്യതയില്ലേ? ചുരുക്കം ചില കോളേജുകള്‍ ഒഴികെ മറ്റുള്ളവ ഇതിനൊക്കെ മിനക്കെടുന്നുണ്ടോ?


(ഞാന്‍ കണ്ടത് ഒരു വണ്‍ ഓഫ് കേസ് ആയിരിക്കാം. ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.)
രണ്ടു വരികള്‍ കൂടി ചേര്‍ത്തു കൊള്ളുന്നു:

  • 48% of engineers from II tier engineering colleges do not get a job - Ma Foi Consultants (2006) (അല്പം പഴയ കണക്കാണ്)
  • World bank and FICCI finds that only 36% of EMPLOYERS are satisfied with the employability of graduates. A big 64% finds them UNEMPLOYABLE.
വാല്‍ : ഈ ലക്കം ബോബനും മോളിയും വീക്കിലിയില്‍ കാര്‍ട്ടൂണുകളെകാള്‍ തമാശയായി തോന്നിയതു ഒരു പരസ്യമാണ്. ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ ബോധവല്‍ക്കരണം നടത്താനായി ഒരു പള്ളീലച്ചന്‍ നിര്‍മിക്കുന്ന ഒരു സിനിമയുടെ പരസ്യം. ഫുള്‍ പേജ്. ഗംഭീരം. ഒരു തലമുറയും രക്ഷപ്പെടും, മലയാള സിനിമയും രക്ഷപ്പെടും. ഒരു വെടിക്ക് രണ്ടു പക്ഷി... വേ ടു ഗോ...

വാചകമടിയും വളച്ചൊടിക്കലും

Sunday, January 10, 2010

ഹോ...ഈ പത്രക്കാരെ കൊണ്ടു തോറ്റു...ഞാന്‍ എന്ത് ചെയ്യുവാണെന്നു നോക്കി നടക്കുവാ അവന്മാര് പത്രത്തില്‍ കൊടുക്കാന്‍...
അതു മാത്രമോ? കഞ്ഞികുടി മുട്ടിക്കുന്ന രീതിയില്‍ അല്ലേ ഇവന്മാരുടെ വളച്ചൊടിക്കല്‍... നെഹ്രുവിന്റെ നയം തെറ്റാണെന്നു താന്‍ പറഞ്ഞു പോലും... ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെ അതൊക്കെ അതെപടി പ്രസിദ്ധീകരിക്കാന്‍ പാടുമോ? തന്നെ പോലെ ബുദ്ധിയും വിവരവും ഉള്ളവരൊക്കെ ഇരിക്കുമ്പോള്‍ അവര് കേള്‍ക്കാന്‍ വേണ്ടി താന്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും... അതൊക്കെ എടുത്തു ബ്ലഡി ഇന്ത്യന്‍സ്‌ വായിക്കുന്ന ഡൂക്കിലി പത്രങ്ങളില്‍ അച്ചടിച്ചാല്‍ എന്തു ചെയ്യും... ഇവിടുള്ളവര്‍ അറിയാനുള്ള കാര്യങ്ങള്‍ ഞാന്‍ 140 അക്ഷരങ്ങളില്‍ എന്നും അടിച്ചു തരുന്നില്ലേ? ലണ്ടനില്‍ പറയുന്നത് ലണ്ടനിലും ഇന്ത്യയില്‍ പറയുന്നത് ഇന്ത്യയിലും ഒതുങ്ങി നില്‍ക്കണം. അതാണ്‌ നയം. നയം പ്ലസ്‌ തന്ത്രം ഈസ്‌ നയതന്ത്രം. വെരി വെരി പ്രോബ്ലം തമ്പുരാന്‍ ആണ് താനിപ്പോള്‍... തന്ത്രമൊക്കെ തനിക്കറിയാം... ഇത്രയും വിവരമുള്ള താന്‍, “നായ്ക്കോലം കെട്ടിയാല്‍ കുരക്കണം” എന്ന ചൊല്ല് കേട്ടിട്ടില്ല എന്നാണോ ഈ മാധ്യമ മണ്ടന്മാരുടെ വിചാരം?? അങ്ങനെ അങ്ങോട്ട്‌ കൊച്ചാക്കല്ലേ... പണ്ടത്തെ പോലെയൊന്നും അല്ല... വിശുദ്ധ പശുക്കളെയൊക്കെ ഇപ്പൊ തനിക്ക് തിരിച്ചറിയാം... കേട്ടോടാ നികൃഷ്ട മാധ്യമമേ... നിന്നെയൊക്കെ ആ നൂറ്റി നാല്‍പ്പതില്‍ കണ്ടോളാം...

ടോപ്‌ 20...

Tuesday, December 1, 2009

മേഘെ ധക്കെ ധാര ഞാന്‍ കണ്ടിട്ടില്ല.

ചാരുലതയും ഞാന്‍ കണ്ടിട്ടില്ല.

പഥേര്‍ പാഞ്ചാലി ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട്.

ഷോലേ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച നാലാമത്തെ സിനിമയാണ് ഞാന്‍ കാണുന്നത് എന്നു പക്ഷെ അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നും അങ്ങനെ ഒരു അഭിപ്രായം എത്ര സിനിമാപ്രേമികള്‍ പറയും എന്നു എനിക്ക് സംശയമുണ്ട്‌.

നായകന്‍ കണ്ടിട്ട് രണ്ടു മാസം പോലും ആകുന്നില്ല. ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രസ്‌ ചെയ്യാതെ കാണാന്‍ വളരെ ബുദ്ധിമുട്ടിയ ഒരു ചിത്രം ആയിരുന്നു എനിക്കത്. ഒരുപാട് കേട്ടിരുന്നെങ്കിലും വലിയ മെച്ചമൊന്നും എനിക്ക് തോന്നിയില്ല. മറ്റെതോക്കെയോ ചിത്രങ്ങള്‍ ഓര്‍മ വരികയും ചെയ്തു.

ഇന്ത്യയില്‍ കഴിഞ്ഞ നൂറോളം കൊല്ലങ്ങളില്‍ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച 20  ചിത്രങ്ങളില്‍ അവസാനം പറഞ്ഞ ഈ രണ്ടു സിനിമകളും ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അതു സര്‍വ്വേ നടത്തിയ രീതിയുടെ കുഴപ്പം തന്നെയാണ്. ഇന്റെര്‍നെറ്റിലൂടെ പലപ്പോഴും നടത്തുന്ന ഇത്തരം "ഈസി സര്‍വ്വേകള്‍ " എന്തിനാണ് എന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഏറ്റവും മികച്ച സിനിമകളെ താരതമ്യം ചെയ്യാനോ? അതോ തല്കാലത്തെക്കൊരു പബ്ലിസിറ്റി കിട്ടാനോ? രണ്ടു സിനിമകളെ താരതമ്യം ചെയ്യുന്നത് തികച്ചും അര്‍ത്ഥശൂന്യം ആയൊരു ഏര്‍പ്പാടാണ്. ഗൌരവപൂര്‍വ്വം സിനിമ എന്ന മാധ്യമത്തെ സമീപിക്കുന്നവര്‍ ഇങ്ങനെ ഒരു നടപടിക്കു തുനിയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ള സര്‍വ്വേകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള ഒരു പൊടിക്കൈ മാത്രമാകുന്നു. ഷോലെയും നായകനുമൊക്കെയുള്ള ഒരു ലിസ്റ്റ് "ദേശീയ " മാധ്യമങ്ങള്‍ക്ക് തത്കാലത്തെക്കെങ്കിലും കൊട്ടിഘോഷിക്കാനുള്ള ഒരു വാര്‍ത്ത ആകും. (ഇതെഴുതുന്ന നേരം കൊണ്ടു അതു സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. ടി വി ഇല്ലാത്ത ഒരു സെറ്റപ്പില്‍ ജീവിക്കുന്നത് എന്റെ ഭാഗ്യം) ബിഗ്‌ ബി, കിംഗ്‌ ഓഫ് സൌത്ത് എന്നൊക്കെ പറഞ്ഞു ചാനല്‍ കൂലികള്‍ തൊള്ളയിടും . ഫിലിം ഫെസ്റിവല്‍ നടക്കുന്നു എന്നു മെട്രോ നിവാസികളും ബാക്കി നാട്ടുകാരുമൊക്കെ അറിയും. ബ്രാന്‍ഡ്‌ ഇക്വിറ്റിയും വര്‍ദ്ധിക്കും. കൊള്ളാം.

വാര്‍ത്ത എന്താണ് എന്നു അറിയാനുള്ള ഭാഗ്യം ഇയ്യിടെയായി വളരെ കുറച്ചെ കിട്ടുന്നുള്ളൂ. മറിച്ചു വാര്‍ത്ത എന്തല്ല എന്നു അറിയാന്‍ വളരെ എളുപ്പവും. ഇത് പോലെ ഉള്ള ചവറുകളുടെ അടുത്ത് തന്നെയാണ് ഇങ്ങനെയുള്ള സര്‍വ്വേകളുടെയും സ്ഥാനം. അപ്പപ്പോള്‍ ഓരോ കാര്യം സാധിക്കാന്‍ അപ്പപ്പോള്‍ ഓരോ നമ്പറുകള്‍. കഷ്ടം...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...

എട്ടു കോടിയുടെ പെലിക്കന്‍

Sunday, November 15, 2009



ഇത് പെലിക്കന്‍ (കൊക്കോ കുളക്കോഴിയോ പോലെ ഉണ്ട് കാണാന്‍. പയ്യന്‍ പക്ഷി ശാസ്ത്രത്തില്‍ വിദഗ്ധന്‍ അല്ല. അതു കൊണ്ടു കൂടുതല്‍ അറിയില്ല. എന്തായാലും ലവന്‍ തിരോന്തരം മൃഗശാലയില്‍ ഉണ്ട്.)

ഒരു മാതിരി എല്ലായിടത്തും കാണാന്‍ കിട്ടും എന്നു വിക്കിപീടിക പറയുന്നു.

ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി നാശനഷ്ടം?




ഇത് ബ്യുഗാറ്റി  വേറോണ്‍ 

വില എട്ടു കോടി. 987 ബി എച്ച് പി എഞ്ചിന്‍.  മണിക്കൂറില്‍ 400 കിലോമീറ്ററില്‍ അധികം വേഗതയില്‍ പോകാനുള്ള ശേഷി.

ലോകത്തെ ഏറ്റവും എക്സോട്ടിക് കാറുകളില്‍ ഒന്ന്.

ആകെ നിര്‍മ്മിച്ചിട്ടുള്ളത് വെറും മുന്നൂറെണ്ണം.

അമേരിക്കയില്‍ ആകെയുള്ളത് പതിനഞ്ചെണ്ണം.

അതിലൊരെണ്ണം കൊണ്ടിടാന്‍ കണ്ട സ്ഥലമോ?



വണ്ടി ഓടിക്കുന്നതിന്റെ ഇടയില്‍ ഒരു പെലിക്കന്‍ എങ്ങാണ്ട് പെട്ടെന്ന് മുമ്പില്‍ വന്നു എന്നും അപ്പോള്‍ വണ്ടി വെട്ടിച്ചു എന്നും അപ്പോള്‍ കയ്യില്‍ നിന്നും തെന്നിപ്പോയ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞപ്പോളാണ് വണ്ടി തോട്ടില്‍ പോയത് എന്നും ആണ് ഓടിച്ച ചങ്ങായി പറയുന്നത് (കൊക്കിനെയൊന്നും വീഡിയോയില്‍ കണ്ടില്ല. പേല വന്നപ്പോള്‍ ഊരാന്‍ പറഞ്ഞതായിരിക്കും ). എന്തായാലും അണ്ണന് പണി കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ടയര്‍ മാറ്റാന്‍ മാത്രം $10000 ചിലവുള്ള ഒരു സാധനം ആണ് ഇത്. ഫസ്റ്റ് സര്‍വീസ് മാത്രം $20000 ആണ് എന്നു പറയുമ്പോള്‍ ആലോചിച്ചു നോക്കണം...) എങ്ങാനും മൊത്തം സെറ്റപ്പ് ആക്കി തിരിച്ചുകിട്ടിയാല്‍ തന്നെ വണ്ടി ഇനി അണ്ണന്‍ റോട്ടില്‍ ഇറക്കുമെന്ന് തോന്നുന്നില്ല. ഒരു കോഴിയെങ്ങാനും മുമ്പില്‍ ചാടിയാല്‍ തീര്‍ന്നില്ലേ...

ഉറവിടങ്ങള്‍ ഇവിടെയും ഇവിടെയും

ക്യാപിറ്റലിസം : എ ലവ് സ്റ്റോറി

Thursday, November 12, 2009



ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം" വിജയിക്കുന്നുണ്ട്. അമേരിക്കയുടെ ഭരണത്തില്‍പ്പോലും ഗോള്‍ഡ്‌മാന്‍ സാക്സ് പോലെയുള്ള സ്ഥാപനങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ മൂര്‍ പുറത്തുകൊണ്ടുവരുന്നു. അതിവൈകാരികതയുടെ അംശങ്ങളുണ്ടോ എന്നു ചിലപ്പോളെങ്കിലും തോന്നുമെങ്കിലും, പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു ലോകത്ത് ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഈ രീതിയില്‍ തന്നെ കാര്യങ്ങള്‍ പറയണം എന്നു സംവിധായകന്‍ കരുതുന്നുണ്ടാകും. മുതലാളിത്ത അമേരിക്കയിലും ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുണ്ട് എന്നും മൂര്‍ കാണിച്ചു തരുന്നു. ( ബാങ്കുകാര്‍ വീടൊഴിപ്പിക്കാന്‍ വന്നാല്‍ നിങ്ങള്‍ വീടൊഴിയരുത് എന്നു സെനറ്റില്‍ പ്രഖ്യാപിച്ച ഒരു അംഗം ഉണ്ടായിരുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു.) ഒബാമയുടെ പ്രസിഡന്റ്‌ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുമ്പോളും മുതലാളിത്ത ശക്തികള്‍ക്കെതിരെ പിടിച്ചു നില്ക്കാന്‍ ഒബാമക്ക് സാധിക്കുമോ എന്നു പരോക്ഷമായെങ്കിലും മൂര്‍ വ്യാകുലപ്പെടുന്നു.

"ക്യാപിറ്റലിസം : എ ലവ് സ്റ്റോറി" ഒരു സംഭവമാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ചില വസ്തുതകളെപ്പറ്റി വിക്കിപീടികയില്‍ സംശയങ്ങളും രേഖപ്പെടുത്തി കണ്ടു. പക്ഷെ അതില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്ന കട ബാധ്യതകളെയും അതില്‍ നിന്നും പല തരത്തില്‍ ലാഭം ഊറ്റി കുടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയും പറ്റിയുള്ള നടുക്കുന്ന പല ചിത്രങ്ങളും "ക്യാപിറ്റലിസം" നമുക്ക് തരുന്നുണ്ട്. മാത്രമല്ല, മുതലാളിത്തത്തിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം ജനാധിപത്യം ആണെന്നും മൂര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ജീവിത രീതികളില്‍ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം എന്ത് കൊണ്ടു ജാഗരൂകരായിരിക്കണം എന്നതിന്റെ തെളിവാണ് "ക്യാപിറ്റലിസം" നമുക്ക് കാണിച്ചു തരുന്നത്. ഇന്നു നാം ശ്രദ്ധിച്ചില്ലെങ്കില്‍ നാളത്തെ ഡോകുമെന്ററികളിലെ കഥാപാത്രങ്ങള്‍ നമ്മളായിരിക്കും. (അപ്പോളേക്കും ഇങ്ങനെയുള്ള ഡോകുമെന്ററികള്‍ പോലും പുറത്തു വരാത്ത തരത്തില്‍ മുതലാളിത്തത്തിന്റെ ഉരുക്കുമുഷ്ടി നമ്മളെയൊന്നാകെ  വരിഞ്ഞു മുറുക്കി കഴിഞ്ഞിരിക്കും. )

ജ്വാല...

Monday, November 9, 2009





വയനാട്ടിലെ ഒരു ക്യാമ്പ്‌ ഫയര്‍ ആയിരുന്നു ഇത്