In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ഒരു കഥാനായകന്റെ കൊലപാതകം

Thursday, April 22, 2010

കണ്ണുകള്‍ക്കു മുകളില്‍ വീണു കിടന്നിരുന്ന "നെപ്പോളിയന്‍" ബ്രാണ്ടിയുടെ നേര്‍ത്ത തിരശ്ശീലയിലൂടെ അയാള്‍ കണ്ടു. കട്ടിലിന്റെ അങ്ങേ തലക്കല്‍ ഇരുണ്ട ഒരാള്‍രൂപം.


"ആരാത്?" ഒരു ഒച്ചിന്റെ സൂക്ഷ്മതയോടെ വാക്കുകളെ പുറന്തള്ളിക്കൊണ്ട് അയാള്‍ ചോദിച്ചു.


"ഞാന്‍ നിങ്ങള്‍ എഴുതുന്ന കഥയിലെ നായകനാണ്." മറുപടി അയാളുടെ കാതുകളിലൂടെ അരിച്ചിറങ്ങി.


അഞ്ചാമത്തെ പെഗ്ഗിനപ്പുറത്തെക്ക് അയാള്‍ക്കു ഓര്‍മയില്ലായിരുന്നു. എഴുതിക്കൊണ്ടിരുന്ന കടലാസുകള്‍ക്കിടയില്‍ നിന്നും കട്ടിലിലേക്ക് എപ്പോളോ അയാള്‍ വീണിരുന്നു.


"തന്നോടാരാ കഥയില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞത്?" സുഖകരമായ അര്‍ദ്ധബോധാവസ്ഥയെ വിടാതെ പുണര്‍ന്നു കൊണ്ട്, തെല്ലൊരു ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു.


"ഞാന്‍ വെറുതെ ഇറങ്ങിയതാണ്."


നല്ലൊരു രാത്രി നശിപ്പിക്കാന്‍ കയറി വന്നവന്‍ തന്‍റെ തന്നെ സൃഷ്ടിയാണല്ലോ എന്നയാള്‍ വെറുതെ ഓര്‍ത്തു. ഉറക്കമാണെങ്കില്‍ പോയിത്തുടങ്ങി. അയാള്‍ പതുക്കെ കട്ടിലില്‍ നിന്നെഴുന്നേറ്റു.


"തനിക്കു ഞാന്‍ പേരിട്ടിരുന്നോ?" വെള്ളത്തിന്‍റെ കുപ്പി വായിലേക്കു കമഴ്ത്തുന്നതിനു മുമ്പ് അയാള്‍ ചോദിച്ചു.


"ഇപ്പോള്‍ എന്റെ പേര് ലാല്‍ എന്നാണ്"


അയാള്‍ പതുക്കെ ജനല്‍ തുറന്നു. മുറിക്കുള്ളിലേക്ക് പരന്നിറങ്ങിയ നിലാവില്‍ അയാള്‍ അവനെ സൂക്ഷിച്ചു നോക്കി. ശരിയാണ്. ഇതു തന്‍റെ നായകന്‍ തന്നെ. ഇരുപത്തഞ്ചിനോടടുത്തു പ്രായം. മെലിഞ്ഞ ശരീരം. പൊടിമീശ. ഇതവന്‍ തന്നെ.


"ഓ ലാല്‍... അതു ഞാന്‍ തല്‍ക്കാലത്തേക്ക് വെച്ച പേരാണ്. പേരുകളൊക്കെ അവസാനം മാറ്റാം."


"എനിക്കീ പേര് തന്നെ മതി."


അയാള്‍ക്കു ചിരി വന്നു. "പേര് മുതല്‍ ആയുസ്സു വരെ തീരുമാനിക്കുന്നത് ഞാനാണ്. കഥാപാത്രങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല."


ലാലിന്‍റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല. അവന്‍ കട്ടിലില്‍ നിന്നെഴുന്നെല്‍ക്കാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അവന്‍റെ ആ ഇരിപ്പ് അയാള്‍ക്കു രസിച്ചില്ല.


"നിന്‍റെ രേവതിക്ക് സുഖമാണോ?" സ്രഷ്ടാവിന്‍റെ ധാര്‍ഷ്ട്യത്തോടെ ചുണ്ടു കോട്ടിക്കൊണ്ടു അയാള്‍ ചോദിച്ചു. "അവളെ നീ വിവാഹം കഴിക്കുമോ?"


"ഞങ്ങളുടെ പ്രണയം പരിശുദ്ധമാണ്. വിവാഹത്തെക്കുറിച്ച് എനിക്കറിയില്ല."


"ഹാഹാഹാ..." അയാള്‍ പൊട്ടിച്ചിരിച്ചു. "അതു കൊള്ളാം. പക്ഷെ വിവാഹം കഴിക്കാന്‍ പോയിട്ട് സത്യസന്ധമായ പ്രേമം അനുഭവിക്കാന്‍ പോലും അവള്‍ക്കു വിധിയില്ലല്ലോ. കാരണം നീ അവളെ ചതിക്കാന്‍ പോകുകയല്ലേ,"


"ഞങ്ങളുടെ പ്രണയത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല." നിര്‍വികാരതയോടെ ലാല്‍ പറഞ്ഞു.


അയാള്‍ക്ക് തമാശയാണു തോന്നിയത്. തന്‍റെ പേനത്തുമ്പില്‍ നിന്നും ഇറങ്ങി വന്നവന്‍ തന്നോട് സിനിമാ ഡയലോഗ് പറയുന്നു. വേണമെങ്കില്‍ രണ്ടു വരിയില്‍ ഇവന്റെ കഥ അവസാനിപ്പിച്ചു ചവറ്റുകുട്ടയില്‍ എറിയാം. പെട്ടെന്നയാള്‍ക്ക് ഭയങ്കരമായ പുച്ഛം തോന്നി.


"അവളെ വഞ്ചിച്ചു മറ്റൊരുവളെ വിവാഹം കഴിക്കാനാണ് നിന്‍റെ വിധി. അതു മാറ്റാന്‍ നിന്നെക്കൊണ്ടു പറ്റും എന്നാണോ?"


"അതാണു എനിക്കുള്ള വിധിയെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ഞങ്ങളുടെ പ്രണയത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല."


അയാള്‍ക്കു ദേഷ്യം വന്നു തുടങ്ങി. പക്ഷെ അതു മുഖത്തു കാണിക്കാതെ അയാള്‍ അടുത്ത പെഗ് ഒഴിച്ചു.


"മാംസനിബദ്ധമാണ് രാഗം." ചിന്തിക്കുന്നതുപോലെ ഭാവിച്ചു കൊണ്ട്‌ അയാള്‍ പറഞ്ഞു. "അവളെ പ്രാപിച്ച ശേഷം നീ അവളെ മറന്നു മറ്റൊരു സുന്ദരിയുടെ പിന്നാലെ പോകും. അവളാകട്ടെ ഒരു മഹാരോഗം വന്നു വിരൂപിയായിത്തീരുകയും ചെയ്യും. അപ്പോളോ?"


"ഞങ്ങളുടെ പ്രണയത്തിനു ഈ കഥയോടു ബന്ധമില്ല." മുഖത്തു യാതൊരു ഭാവവുമില്ലാതെ ലാല്‍ പറഞ്ഞു. "ഞങ്ങളെ മാത്രമാണ് നിങ്ങള്‍ ആദ്യം സൃഷ്ടിച്ചത്. അപ്പോള്‍ കഥയുണ്ടായിരുന്നില്ല. ഞാന്‍ ആദ്യം കണ്ടത് അവളെയായിരുന്നു. അവളെന്നെയും. ഞങ്ങളുടെ ചുറ്റുമുള്ള പ്രപഞ്ചം പോലും പിന്നീടാണുണ്ടായത്. അപ്പോള്‍ പിന്നെങ്ങിനെ ഞങ്ങളുടെ പ്രണയത്തെ നശിപ്പിക്കാനാകും? നിങ്ങള്‍ക്കത്‌ സാധിക്കില്ല."


അയാള്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ടു താന്‍ നിര്‍മ്മിച്ചെടുത്ത കഥാനിയമങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു മാറ്റിയെഴുതപ്പെട്ടതു പോലെ അയാള്‍ക്കു തോന്നി. അയാളുടെ മനസ്സില്‍ അസൂയ തികട്ടി വന്നു.


"എങ്കില്‍ എനിക്കതൊന്നു കാണണം." അയാള്‍ പറഞ്ഞു. തോല്‍വി സമ്മതിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.


ഒറ്റ വലിക്ക് ഗ്ലാസ്‌ കാലിയാക്കിയ ശേഷം അയാള്‍ തന്‍റെ കടലാസുകളെല്ലാം തിടുക്കത്തില്‍ വാരിക്കൂട്ടി എഴുത്തു തുടങ്ങി. കഥാകൃത്തിന്റെ പരിപൂര്‍ണമായ ആധിപത്യത്തെ ചോദ്യം ചെയ്ത കഥാപാത്രത്തെ നിലക്ക് നിര്‍ത്താനുള്ള വന്യമായ ഒരു വെറിയായിരുന്നു അയാള്‍ക്ക്‌. സിഗരറ്റു പുകയുടെ മേഘങ്ങള്‍ക്കിടയിലൂടെ കടലാസിന്റെ ഊഷരതയിലേക്ക് അയാളുടെ വെള്ളി കെട്ടിയ പേന വീശിയിറങ്ങി. ഒടുവില്‍ തന്‍റെ മനസ്സിനൊത്ത രീതിയില്‍ കഥ മുഴുവനാക്കിയ ശേഷം നിര്‍വൃതിയോടെ അയാള്‍ അവനെ തിരിഞ്ഞു നോക്കി.


അവനില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നിരുന്നു. അഥവാ അയാള്‍ വരുത്തിയിരുന്നു. മധ്യവയസ്സു കടന്ന അവന്‍റെ മുഖത്തു ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കഷണ്ടി അതിക്രമിച്ചു കയറി നിറുകയിലേക്ക് എത്തിയിരുന്നു. മങ്ങിയ നിലാവത്ത് അവന്‍റെ കണ്ണടയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ഫ്രെയിം ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു.


"ഇപ്പോള്‍ എന്തു പറയുന്നു?" വിജയിയുടെ മുഖഭാവത്തോടെ അയാള്‍ ചോദിച്ചു. "ഇപ്പോളുമുണ്ടോ നിനക്ക് പ്രണയം? അവളെ കാണണമോ നിനക്ക്? കണ്ടാലൊരു പക്ഷെ നീ കരഞ്ഞെന്നിരിക്കും." വൃത്തികെട്ട ഒരു സന്തോഷം അയാളുടെ മുഖത്തു തെളിഞ്ഞു.


"അവളെ നിങ്ങള്‍ കുഷ്ഠ രോഗിണിയാക്കി. എനിക്കറിയാം." ലാല്‍ പറഞ്ഞു. പ്രായം അവന്‍റെ ശബ്ദത്തെ കനപ്പിച്ചിരുന്നു. "എനിക്കൊരു സന്തുഷ്ടമായ ദാമ്പത്യവും നിങ്ങള്‍ തന്നിരിക്കുന്നു. പക്ഷെ അവളോടുള്ള എന്‍റെ പ്രണയവും എന്നോടുള്ള അവളുടെ പ്രണയവും അതു പോലെ തന്നെ നിലനില്‍ക്കുന്നു." അവന്‍റെ വാക്കുകളില്‍ ഒരു കുസൃതിയുടെ ലാഞ്ഛനയുണ്ടായിരുന്നു.


അയാളുടെ കണ്ണുകളില്‍ ഇരുട്ടു കയറി. ഒരു നിമിഷത്തേക്ക് അയാളുടെ മനസ്സു സ്തംഭിച്ചു പോയി. സ്വന്തം സൃഷ്ടിയാല്‍ അപഹാസ്യനാക്കപ്പെട്ടു എന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല. ദേഷ്യവും അപമാനവും അയാളുടെ സമനില തെറ്റിച്ചു.


"മതി നിന്‍റെ കളി. നിന്നെ ഉള്‍പ്പെടെ എല്ലാത്തിനെയും ഞാന്‍ തീര്‍ക്കാന്‍ പോകുന്നു." ആക്രോശിച്ചു കൊണ്ടു അയാള്‍ തന്‍റെ മേശപ്പുറത്തു നിന്നും കടലാസുകെട്ടുകള്‍ കീറിയെറിഞ്ഞു. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ വെളുത്ത കടലാസു കഷണങ്ങള്‍ വെളിച്ചത്തിന്റെ കീറുകള്‍ പോലെ പറന്നു നടന്നു. അവയുടെ ഇടയില്‍ നിന്നു കൊണ്ടു ശൂന്യമായ തന്‍റെ കട്ടിലിലേക്കു നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.


"എവിടെയാണ് നീ ലാല്‍? എവിടെ നിന്‍റെ കാമുകി? എവിടെ പോയി നിങ്ങളുടെ ഉദാത്തവും അനശ്വരവുമായ പ്രണയം? തോല്‍വി സമ്മതിക്കാന്‍ പോലും നീ ബാക്കിയില്ലാതെ പോയല്ലോ ലാല്‍... നീ തോറ്റിരിക്കുന്നു."


"ഇനിയും താങ്കള്‍ക്കു മനസ്സിലായില്ലേ?" അയാളെ ഞെട്ടിച്ചു കൊണ്ടു ലാലിന്‍റെ ശബ്ദം അടച്ചിട്ട മുറിക്കുള്ളില്‍ പ്രതിധ്വനിച്ചു. "ഞാന്‍ ഇവിടെയുണ്ട്. എന്‍റെ പ്രണയിനിയും ഇവിടെ തന്നെയുണ്ട്. ഒന്നും മാറിയിട്ടില്ല. ഒന്നും. നിങ്ങള്‍ക്കു ഞങ്ങളെ നശിപ്പിക്കാനാകില്ല."


അയാള്‍ തന്‍റെ കട്ടിലിലേക്കു മറിഞ്ഞു വീണു. തനിക്ക് ചുറ്റും മുറി ചെറുതാകുന്നതു പോലെ അയാള്‍ക്ക്‌ തോന്നി. നിലത്തു കിടന്നിരുന്ന കടലാസു കഷണങ്ങളിലും ജനാലക്കരികിലും ഭിത്തിയിലെ ക്ലോക്കില്‍ നിന്നുമെല്ലാം പല പ്രായത്തിലുള്ള ഒരായിരം ലാല്‍മാര്‍ അയാളെ നോക്കി പരിഹസിച്ചു ചിരിച്ചു.


"ഇല്ല. ഇല്ല. ഞാന്‍ സമ്മതിക്കില്ല." അയാള്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. "അതെ. എനിക്കറിയാം. എന്തു ചെയ്യണമെന്നു എനിക്കറിയാം." ഭയപ്പെടുത്തുന്ന ഒരു ചിരി അയാളുടെ മുഖത്തു വിരിയുകയും ഉടന്‍ തന്നെ മായുകയും ചെയ്തു. ചാരി വെച്ചിരുന്ന ബാല്‍ക്കണി വാതില്‍ തള്ളി തുറന്നുകൊണ്ട് അയാള്‍ പറഞ്ഞു. "അങ്ങനെ തോല്‍ക്കാന്‍ എനിക്കു മനസ്സില്ല. നിന്നെ ഇല്ലാതാക്കാന്‍ എനിക്കറിയാം." പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ പുറത്തേക്കോടി.


"നഷ്ട പ്രണയങ്ങളുടെ ഉറ്റ തോഴന്‍" ആറാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത വിവരം അടുത്ത ദിവസം എല്ലാ പത്രങ്ങളും അനുശോചന ലേഖനം സഹിതം പ്രസിദ്ധീകരിച്ചു.

20 comments:

PV said...

ഇത് പോലെയുള്ള ഐറ്റംസ് കയ്യില്‍ വച്ചോണ്ട് നടക്കുവായിരുന്നോ ഇത്രയും കാലം, ദുഷ്ടാ! ഞാന്‍ ഹരിതനിറമായി മാറിയിരിക്കുന്നു :P

കഥാകൃത്തായി നെടുമുടിയെയും ലാലായി പ്രിഥ്വിയെയും ഞാന്‍ കാസ്റ്റ് ചെയ്യുന്നു... ;) ഇനി ഒന്നൂടെ വായിച്ചു നോക്കിയേ :)

April 22, 2010 at 2:39 AM
PV said...

പറഞ്ഞത് കുറഞ്ഞോ എന്നൊരു സംശയം :( അതാ വീണ്ടും...

ഒന്നാന്തരം ഭാഷ. നല്ല ശൈലി...
സിഗരറ്റു പുകയുടെ മേഘങ്ങള്‍ക്കിടയിലൂടെ കടലാസിന്റെ ഊഷരതയിലേക്ക് അയാളുടെ വെള്ളി കെട്ടിയ പേന വീശിയിറങ്ങി
അടി!!! :)

April 22, 2010 at 2:42 AM
Ashly said...

nice !!

April 22, 2010 at 2:58 AM
Unknown said...

നായകന്‍ നീ തന്നെ..കലക്കി.. :)

April 22, 2010 at 2:59 AM
Ranjith Vijayan said...

പ്രണയം അനശ്വരം, അല്ലെ? ഒരു Masterpiece തന്നെ!!!

April 22, 2010 at 5:32 AM
Ranjith Vijayan said...

@WOS: എഴുത്തുകാരന്‍ ലാലേട്ടന്‍ തന്നെ. മാറ്റം അനിവാര്യം.
പിന്നെ പുകയും മദ്യവും, ഈര്‍ഷ്യയും ഒക്കെ ലാലേട്ടന്‍ അല്ലാണ്ട് ആരാ ഇത്ര നന്നായി ചെയ്യുന്നത്?

April 22, 2010 at 5:35 AM
MMC said...

Dey, ninakku vattayo atho am I seeing the beginnings of a clear winner of a writer or have I gone mad?!

April 22, 2010 at 8:06 AM
INDULEKHA said...

അസാധ്യമായി എഴുതിയിരിക്കുന്നു.
എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സംഭാഷണങ്ങള്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
ഈ ത്രെഡ് അല്പം കൂടി വികസിപ്പിക്കാം എന്ന് തോന്നുന്നു .
ശബ്ദ് എന്ന ഹിന്ദി സിനിമ ഓര്‍ത്തു പോയി ..

April 22, 2010 at 8:38 AM
ക്രിസൺ ജേക്കബ്/Chrison Jacob said...

കിടിലോൽക്കിടിലം... അതിമനോഹരം... കയ്യടി!!!!

April 22, 2010 at 9:30 AM
പയ്യന്‍ / Payyan said...

@Sand : നന്ദി... കഥാകൃത്തായി ലാലേട്ടനെയും ലാലായി പൃഥ്വിയും ആയാലോ? ;)

@Haddock @Rakesh @Ranjith: എല്ലാവര്ക്കും നന്ദി... :)

@MMC : എനിക്ക് വട്ടില്ല... ;) (അങ്ങനെയല്ലേ പറയൂ...)

@Chrison: അപ്പ്‌ളാസിനു നന്ദി... :D

@Indulekha : നന്ദി... ശരിയാണ്. കുറച്ചു കൂടി വികസിപ്പിച്ചു എഴുതണം എന്ന് ഞാനും ആലോചിച്ചിരുന്നു. പിന്നെ എന്തോ തോന്നി ഇങ്ങനെയാക്കി... :D

April 23, 2010 at 3:13 AM
അനില്‍ ചോര്‍പ്പത്ത് said...

ഒരു ലഹരി വന്നു വായിചപ്പൊ..നല്ല ഭാഷ (ആധുനികരെ അനുസ്മരിപ്പിക്കുന്നുന്ദെന്കിലുമ്).. ഈന്ഗനെ നല്ല സാധനന്ഗലൊക്കെ പുരത്തു വരട്ടെ..'കഥാനായികയെ കാല്പനികമായി പ്രെമിക്കുന്ന് കഥാനായകനൊടുളള കഥാക്രിത്തിന്ടെ അസൂയ' എന്ന് ഒരു മാനമ് ന്ജാന് ചുമ്മാ കൊടുക്കട്ടേ. കാരണമ് കാല്പനികമയി ജീവനുളള കഥാക്രിത്തെന്നല്ല ആര്ക്കുമ് പ്രെമിക്കാന് ആവില്ലല്ലൊ? മുകുന്ദന്ടെ 'കെശവന്ടെ വിലാപന്ഗളി'ല് ഇന്ഗനെ കഥാക്രിത്തുമ് കഥാനായകനുമ് കന്ടുമുട്ടുന്നുന്ട്. വായിചില്ലെന്കില് ഒന്നു വായിച്ചു നോക്കൂ..

April 23, 2010 at 3:54 AM
jayanEvoor said...

നന്നായെഴുതി.
നല്ല ശൈലി.

April 24, 2010 at 4:06 AM
കൂതറHashimܓ said...

ആദ്യായിട്ടാണ് ഞാന്‍ ഇവിടെ, നല്ല കഥ.
തുടര്‍ന്നും എഴുതുക, ആശംസകള്‍.. :)

April 24, 2010 at 8:28 AM
പട്ടേപ്പാടം റാംജി said...

നല്ലൊരു പ്രത്യേക ശൈലി.
അവതരണം എനിക്കിഷ്ടായി ഒറ്റവായനയില്‍.

April 24, 2010 at 11:52 AM
പയ്യന്‍ / Payyan said...

@അനിലന്‍: ആധുനികം എന്ന്‍ വെച്ചാല്‍ "ഗുരുവായൂരപ്പനു ജലദോഷമായിരുന്നു" എന്നൊക്കെ പറയുന്ന സെറ്റപ്പ് അല്ലെ ;) കേശവന്റെ വിലാപങ്ങള്‍ വായിച്ചിട്ടില്ല. കേട്ടിട്ടേ ഉള്ളൂ. വായിക്കാം. കൈയ്യിലുണ്ടെങ്കില്‍ തരിക. :)

@ജയന്‍ഏവൂര്‍ @സലാഹ് @റാംജി: നന്ദി. അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. :)

@ഹാഷിം: നന്ദി. ഇനിയും വരിക. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. :)

April 24, 2010 at 1:02 PM
കണ്ണനുണ്ണി said...

നല്ല എഴുത്താണല്ലോ..ശരിക്കും...
കഥ പറഞ്ഞ രീതി ഇഷ്ടായി ട്ടോ

April 25, 2010 at 1:59 AM
OTTAYAAN said...

Kollaam...Theme nannaayi..bhaashayum !! Execution kurachoodey hrasvam akkaam aayirunnu-pidichulakunnava ennu thonunnu-sambhaashanangalil kurachoodey sredhikkaam aayirunnu.

Positive aayi ulla vilayiruthal aayi edukkanam glass mate :)

April 29, 2010 at 2:51 AM
Unknown said...

കഥകള്‍ എഴുതുമ്പോള്‍ ഇങ്ങനെ ഉള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ടോ ....കഥാപാത്രങ്ങളെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തി ചിന്തിക്കുന്നത് കൊണ്ടാവും അല്ലെ ?

May 6, 2010 at 12:35 AM
Abhilash said...

edey, nammukkithu oru short-film aakkkiyaalloo?? :) valare tight aayi?

May 19, 2010 at 4:49 AM
Kamran said...

Nice articlei really like
http://fashion-pakistan-mantra.blogspot.com

November 3, 2010 at 11:39 PM