ക്യാപിറ്റലിസം : എ ലവ് സ്റ്റോറി
In പ്രതികരണം, In സിനിമThursday, November 12, 2009
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം" വിജയിക്കുന്നുണ്ട്. അമേരിക്കയുടെ ഭരണത്തില്‍പ്പോലും ഗോള്‍ഡ്മാന്‍ സാക്സ് പോലെയുള്ള സ്ഥാപനങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ മൂര്‍ പുറത്തുകൊണ്ടുവരുന്നു. അതിവൈകാരികതയുടെ അംശങ്ങളുണ്ടോ എന്നു ചിലപ്പോളെങ്കിലും തോന്നുമെങ്കിലും, പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു ലോകത്ത് ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഈ രീതിയില്‍ തന്നെ കാര്യങ്ങള്‍ പറയണം എന്നു സംവിധായകന് കരുതുന്നുണ്ടാകും. മുതലാളിത്ത അമേരിക്കയിലും ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുണ്ട് എന്നും മൂര്‍ കാണിച്ചു തരുന്നു. ( ബാങ്കുകാര് വീടൊഴിപ്പിക്കാന്‍ വന്നാല്‍ നിങ്ങള്‍ വീടൊഴിയരുത് എന്നു സെനറ്റില്‍ പ്രഖ്യാപിച്ച ഒരു അംഗം ഉണ്ടായിരുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു.) ഒബാമയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുമ്പോളും മുതലാളിത്ത ശക്തികള്‍ക്കെതിരെ പിടിച്ചു നില്ക്കാന് ഒബാമക്ക് സാധിക്കുമോ എന്നു പരോക്ഷമായെങ്കിലും മൂര്‍ വ്യാകുലപ്പെടുന്നു.
"ക്യാപിറ്റലിസം : എ ലവ് സ്റ്റോറി" ഒരു സംഭവമാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ചില വസ്തുതകളെപ്പറ്റി വിക്കിപീടികയില്‍ സംശയങ്ങളും രേഖപ്പെടുത്തി കണ്ടു. പക്ഷെ അതില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്ന കട ബാധ്യതകളെയും അതില്‍ നിന്നും പല തരത്തില്‍ ലാഭം ഊറ്റി കുടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയും പറ്റിയുള്ള നടുക്കുന്ന പല ചിത്രങ്ങളും "ക്യാപിറ്റലിസം" നമുക്ക് തരുന്നുണ്ട്. മാത്രമല്ല, മുതലാളിത്തത്തിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം ജനാധിപത്യം ആണെന്നും മൂര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ജീവിത രീതികളില്‍ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം എന്ത് കൊണ്ടു ജാഗരൂകരായിരിക്കണം എന്നതിന്റെ തെളിവാണ് "ക്യാപിറ്റലിസം" നമുക്ക് കാണിച്ചു തരുന്നത്. ഇന്നു നാം ശ്രദ്ധിച്ചില്ലെങ്കില്‍ നാളത്തെ ഡോകുമെന്ററികളിലെ കഥാപാത്രങ്ങള്‍ നമ്മളായിരിക്കും. (അപ്പോളേക്കും ഇങ്ങനെയുള്ള ഡോകുമെന്ററികള്‍ പോലും പുറത്തു വരാത്ത തരത്തില്‍ മുതലാളിത്തത്തിന്റെ ഉരുക്കുമുഷ്ടി നമ്മളെയൊന്നാകെ വരിഞ്ഞു മുറുക്കി കഴിഞ്ഞിരിക്കും. )
Related Posts:
Subscribe to:
Post Comments (Atom)
2 comments:
ശ്രീമാന്‍ മൂറന്റെ പഴയ സിനിമകള്‍ കയ്യിലുണ്ട്. പക്ഷെ, കണ്ടിട്ടില്ല. അതുകൊണ്ട് പുള്ളിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റിയും ക്രാഫ്ടിനെപ്പറ്റിയും കമന്റാന്‍ നിര്‍വാഹമില്ല. പക്ഷെ പുള്ളിക്ക് കിട്ടിയിട്ടുള്ള ഇമേജ് അനുസരിച്ചാണ് പുള്ളിയുടെ ചിത്രങ്ങള്‍ എങ്കില്‍, ശരിയായ ഒരു പ്രതിപക്ഷത്തിന്റെ ജോലി ആണ് അവ ചെയ്യുന്നത്. കലാകാരന്റെ ധര്‍മം സമൂഹത്തോട് നിരന്തരം ചോദ്യങ്ങള്‍ ഉയര്ത്തിക്കൊണ്ടിരിക്കലാണ് എന്ന് ഞാന്‍ കരുതുന്നു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് സമൂഹത്തിന്റെ collective responsibility-യും... ഇന്ത്യയില്‍ ആരുണ്ട്, ഇത് പോലെ ഒരു ചലച്ചിത്രകാരന്?
November 12, 2009 at 10:16 AMമുന്‍പ് "ഫാരന്‍ഹീറ്റ് 9/11 കണ്ട് മൂറമ്മാവന്റെ ഇഷ്ടക്കാരനായതാണ്. പുതിയ പടം കണ്ടിട്ടില്ല. പരിചയപ്പെടുത്തലിന് നന്ദി :)
November 13, 2009 at 1:41 AMPost a Comment