In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...

2 comments:

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

November 27, 2009 at 11:50 PM
ഭൂതത്താന്‍ said...

സംപൂജ്യന്‍ തന്നെ ...എന്തോരം പൂജ്യം ആണ് ...ഇതുപോലെ കൂടുതല്‍ പൂജ്യം ഉണ്ടായിരുന്ന പൂജ്യന്‍ അല്ലെ ..റെയില്‍വേ ഓടിച്ചു കളിച്ചത് ....പൂജ്യന്മാര്‍ വാഴട്ടെ ...ഹ ഹ

December 1, 2009 at 12:17 AM