In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire."

അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ അത്യാഗ്രഹിക്കാം എന്ന് നമ്മുടെ താരങ്ങളും ഉപതാരങ്ങളും സംവിധായകരും പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഊര് വിലക്ക്, കത്തെഴുത്ത്, ചേരിപ്പോര്, അവാര്‍ഡ്‌ ദുരന്തം, അതിനിടയില്‍ കുറെ ഫാന്‍സ്‌.. ആഹാ..

മലയാള സിനിമ ഇങ്ങനെ ഉന്നതങ്ങളിലേക്ക് കയറുമ്പോള്‍ തൊട്ടപ്പുറത്തെ തമിഴകത്തില്‍ അടുത്ത കാലത്ത് പുറത്തു വന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടു പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെത്തി - വെങ്കട്ട് പ്രഭുവിന്റെ ഗോവയും പുതുമുഖ സംവിധായകന്‍ സി എസ് അമുദത്തിന്റെ തമിഴ്‌ പടവും. മുക്കിനും മൂലക്കും ഫാന്‍സ്‌ അസ്സോസിയേഷനുകള്‍  ഉള്ള, താരാരാധനയില്‍ അധിഷ്ഠിതമായ, തമിഴ്‌ നാട്ടിലെ സിനിമാ സംസ്കാരത്തെ മുഖമടച്ചു പുച്ച്ചിക്കുന്ന സിനിമകളാണ് ഇവ രണ്ടും - പ്രതേകിച്ചു "തമിഴ്‌ പടം". താരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിയുകയും അവരുടെ പാര്‍ടികള്‍ക്ക് വോട്ടു കുത്തുകയും ചെയ്യുന്ന സ്വന്തം സംസ്കാരത്തെ നോക്കി ചിരിക്കാന്‍ ഉള്ള പക്വത തമിഴ്‌ സിനിമയ്ക്കു വന്നു കഴിഞ്ഞു. താരങ്ങളെ കളിയാക്കിയതിന് ആരും പോസ്റ്റര്‍ കീറിയതായിട്ടോ തീയേറ്റര്‍ കത്തിച്ചതായിട്ടോ കേട്ടില്ല. നേരെ മറിച്ചു ഈ സിനിമകള്‍ കണ്ട നടന്‍ അജിത്‌ തന്റെ പുതിയ സിനിമയുടെ ടൈറ്റിലില്‍ നിന്നും ultimate superstar എന്ന പ്രയോഗം എടുത്തു കളഞ്ഞതായും വായിച്ചു.

ചിത്രങ്ങളുടെ നിലവാരം എന്ത് തന്നെ ആയാലും, വളരെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും അവയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികച്ചതാകാനും ഉള്ള ഒരു പ്രഫഷണല്‍ ത്വര തമിഴ്‌ സിനിമയില്‍ അടുത്ത കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ തയ്യാറായുള്ള നിര്‍മാതാക്കളും, കൂടുതല്‍ ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കാണുന്ന കൂടുതല്‍ ആളുകളും തമിഴ്നാടിലുണ്ടാകാം. നിരാകരിക്കുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ നടത്താന്‍ തയാറുള്ള സംവിധായകര്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. പുതിയ രീതികളും പുതിയ ഇതിവൃത്തങ്ങളും ഉണ്ടായാല്‍ കാണാന്‍ ആളുകളും ഉണ്ടാകും.  "തമിഴ്‌ പടം" തകര്‍ത്തോടുന്നത് മള്‍ട്ടിപ്ലെക്സുകളില്‍ മാത്രമല്ല. ഇരുപതു രൂപ ടിക്കെട്ടുകളുള്ള ചെറിയ തീയെറ്റരുകളിലും അത്ര തന്നെ ആളുകള്‍ ഇരച്ചു കയറുന്നു. ( ഇവര്‍ക്കൊന്നും ഫാന്‍സ്‌ വികാരങ്ങളില്ലേ? ) അങ്ങനെ പുതുമകളില്‍ നിന്നും പുതുമകളിലേക്ക് നീങ്ങുന്ന തമിഴ്‌ (ബോളിവുഡില്‍  പോലും... ) സിനിമയുടെ അണിയറകളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്കു ടെക്നിഷ്യന്മാര്‍ മലയാളികളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകര്‍. കൂടുതല്‍ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണോ ഇവരെല്ലാം മലയാളത്തില്‍ നിന്നും പോയത്? അതോ നല്ല സംരംഭങ്ങള്‍ ലഭിക്കാത്തത് കൊണ്ടും കൂടിയോ?

എവിടെ വെച്ചാണ് മലയാള സിനിമയ്ക്കു ദിശാബോധം നഷ്ടപ്പെട്ടത്? surrogate pregnancy ഏറ്റെടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനോ വ്യഥകള്‍ (ദശരഥം - 1989) പോലെയുള്ള സീരിയസ് ആയ വിഷയങ്ങളെപ്പറ്റി  20 കൊല്ലം മുമ്പ് തന്നെ സിനിമ ചെയ്ത ഒരു മുഖ്യധാരാ സിനിമ പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടായിരുന്നു. നിര്‍മാതാവിന്റെയും പ്രേക്ഷകന്റെയും വികാരങ്ങളെ ഒരേ പോലെ കണക്കിലെടുത്തു കൊണ്ട് തന്നെ നല്ല കുടുംബ സിനിമകളും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്ന ഒരു പ്രസ്ഥാനം. ആ സ്ഥിതിയില്‍ നിന്നും (ഒരു പ്രശസ്ത നിരൂപകന്റെ വാക്കുകളില്‍ പറഞ്ഞാല്‍) സൂപ്പര്‍ താരങ്ങളുടെ വെറും ശരീരാരാധനയിലെക്കും സ്റ്റീരിയോടൈപ്പ് കഥകളിലെക്കും അഭിനേതാക്കളുടെ ഊര് വിലക്കിലേക്കും തരം താഴാന്‍ മാത്രം എവിടെയാണ് പിഴച്ചത്?  ടി വി യുടെ വരവോടെ ആളുകള്‍ക്ക് സിനിമ മതിയായോ? (എങ്കില്‍ എങ്ങനെ ബാക്കി സിനിമ വുഡ്സ് ഇപ്പോളും പണം വാരുന്നു?) അതോ വരേണ്യ ബ്രാഹ്മണ്യത്തിന്റെ മഹദ്‌വല്ക്കരണത്തിനെതിരെ വിദ്യാസമ്പന്നനായ മലയാളി മുഖം തിരിച്ചതാണോ? (തേങ്ങാക്കൊലയാണ്...) അതോ ഒരു വ്യവസായത്തിന്റെ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങള്‍ മറന്നു പോയത് കൊണ്ടോ? താരങ്ങള്‍ ഫാന്‍സുകാരെ വളര്‍ത്തിയത് കൊണ്ടോ? അതോ തിരക്കഥയില്ലാത്തത് കൊണ്ടോ? (കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കൊണ്ട് കള്ളനോട്ടടിക്കുന്ന ഒരു നായക കഥാപാത്രത്തെ ഇയ്യിടെ ഒരു സിനിമയില്‍ കണ്ടു!!!) മുതിര്‍ന്ന സൂപ്പറുകള്‍ വഴി മാറാത്തത് കൊണ്ടോ? യൂണിയനുകളുടെ ഇടപെടലുകള്‍ കൊണ്ടോ? അതോ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് സര്‍വീസ് നടത്തുന്നത് കൊണ്ടോ? അതോ പ്രേക്ഷകരുടെ മാറിയ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടോ?

പത്തു പതിനഞ്ചു കൊല്ലം കൊണ്ട് സംഭവിച്ച അപചയത്തിന്റെ കണക്ക് നോക്കുമ്പോള്‍ പിശകുകള്‍ ഒരുപാട് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഏറ്റവും വേദനാജനകമായ വസ്തുത പാഠങ്ങള്‍ പഠിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ്. (പ്രേക്ഷകര്‍ ഒഴികെ... അവര്‍ പാഠം പഠിച്ചു കഴിഞ്ഞു) ഈ ബഹളം മുഴുവന്‍ വെക്കുന്ന ശ്രീ തിലകന്‍ തന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നാ സിനിമയില്‍ വിളിച്ചിട്ട് പിന്നീട് പിന്‍വാങ്ങി എന്ന് പറയുന്നു. ജോഷി ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. മലയാള സിനിമയുടെ ഈ ഗതിക്ക് കൈയ്യയച്ചു സഹായം ചെയ്ത ഒരു സംവിധായകന്‍. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ വെറും അഞ്ചു സൂപ്പര്‍ താരങ്ങളെ (പൃഥ്വിരാജ് ഉള്‍പ്പെടെ) നായകരാക്കി വെച്ചു മാത്രം സിനിമ ചെയ്തയാള്‍. (ഏതു സിനിമ എന്നതിലുപരി തെറ്റിനെതിരെ ഉള്ള യുദ്ധമാണിത് എന്ന് ശ്രീ തിലകന്‍ പറയുമായിരിക്കും. സമ്മതിക്കുന്നു.) ഇനി അഥവാ അദ്ദേഹത്തെ തിരിച്ചെടുത്താലും സിനിമയോ കഥാപാത്രമോ മികച്ചതായിരിക്കും എന്ന് തോന്നുന്നുണ്ടോ? (എനിക്ക് ഒരു പ്രതീക്ഷയുമില്ല.) കുറെ ഫോറിന്‍ കാറുകള്‍, ചെറിയ ഫ്രോക്കും ടോപ്പുമിട്ട നായികമാര്‍, അമാനുഷരായ നായകര്‍, ചാവാന്‍ വിധിക്കപ്പെട്ട എതെങ്കിലും ഒരു സഹചാരി, വഞ്ചന - പ്രതികാരം, ബിജുക്കുട്ടന്‍ and/or സുരാജ് and/or സലിംകുമാര്‍...

ഇതൊക്കെ തന്നെയല്ലേ പ്രശ്നങ്ങളും. ഈ വക സാധനങ്ങള്‍ കാണാന്‍ പ്രേക്ഷകന് മലയാള സിനിമയ്ക്കു പോകേണ്ട ആവശ്യമില്ല. ഇതിലും ചെറിയ ഫ്രോക്കും വലിയ കാറുകളും കൊണ്ട് തമിഴും തെലുന്കുമൊക്കെ ക്യു നില്‍പ്പുണ്ട്. മലയാള സിനിമയുടെ യു എസ് പി ഇതൊന്നും ആയിരുന്നില്ല. ശക്തമായ കഥകളും, കാമ്പുള്ള കഥാപാത്രങ്ങളും, സരസവും ഒരളവു വരെ ശുദ്ധവുമായ നര്‍മ്മവും ഒക്കെയായിരുന്നു മലയാളികളെ കൊട്ടകകളില്‍ എത്തിച്ചിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ കാണുവാന്‍ മലയാളികള്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ അഭിരുചികള്‍ മാറിയിട്ടുണ്ടാകും. പക്ഷെ ആ മാറ്റത്തിന് ഒരു കാരണം നല്ല സിനിമകളുടെ അഭാവം കൂടിയായിരുന്നു. സ്വന്തം വീട്ടില്‍ നല്ലത് ലഭിക്കാതാകുകയും പുറത്തു നിന്ന് പലവക സാധനങ്ങള്‍ കൂടുതല്‍ കിട്ടി തുടങ്ങുകയും ചെയ്തപ്പോള്‍ ‍(ഇന്റര്‍നെറ്റ്‌, ഡി വി ഡികള്‍), നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ പതുക്കെ മലയാള സിനിമയെ വിട്ടു പോയി. പുതിയ ഇഷ്ടങ്ങളുമായി പഴയ തലമുറ പോവുകയും, പുതിയ തലമുറയുടെ അഭിരുചികളെ സ്വാധീനിക്കാന്‍ തക്കവിധം സ്വയം മാറാന്‍ കഴിയാതാവുകയും ചെയ്തതോടെ മലയാള സിനിമയുടെ ശനിദശ പൂര്‍ത്തിയായി. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇനി സാധിക്കില്ല. പുതിയ തലമുറയെ ഒട്ടു സ്വാധീനിക്കാനും പറ്റുന്നില്ല. അങ്ങനെ ടി വിയിലെ പരസ്യങ്ങളിലൂടെയും "പുതിയ സിനിമ" പരിപാടികളിലൂടെയും ആളുകളെ തീയേട്ടരുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദയനീയാവസ്ഥയിലേക്ക് നമ്മുടെ സിനിമ എത്തി ചേര്‍ന്നിരിക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ തീയെറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കു ഇനി കഴിയുമോ? എനിക്ക് സംശയമുണ്ട്. മലയാള സിനിമയുടെ "പുതിയ മുഖം" അന്യ ഭാഷാ ചിത്രങ്ങളുടെ പഴകി ദ്രവിച്ച പഴയ മുഖംമൂടികളുടെ മിനുക്കു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു.
 

എങ്കിലും പ്രതീക്ഷിക്കുന്നു ഞാനിപ്പോളും. നാട്ടുമാടമ്പിമാരെ തിരശീലയിലേക്ക്‌ തുറന്നുവിട്ട രഞ്ജിത്തിലും, ബ്ലെസ്സിയിലും ഒക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു... പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

(ക്രിസ്മസ് രാത്രിയില്‍ തിരുവനന്തപുരത്തെ അജന്ത തീയേറ്ററില്‍ ചട്ടമ്പിനാട് കാണാന്‍ കയറി. ആദ്യ ദിവസം. തീയെറ്റരില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിനു ശേഷം രണ്ടാഴ്ച മുമ്പ് ഒരാവശ്യത്തിന് നാട്ടില്‍ ചെന്നപ്പോള്‍ ടി വിയില്‍ ഏതോ പെങ്കൊച്ച് ചട്ടമ്പി നാടിനെ പറ്റി കഷ്ടപ്പെട്ട് പൊക്കി പറയുന്നു. ദയനീയം.)

4 comments:

Ranjith said...

ദയനീയം തന്നെ. നല്ല സിനിമ എതാണ് എന്ന് തിരിച്ചറിയാനുള്ള ഒരു ആസ്വാദകന്റെ കഴിവ് കളയുന്ന വല്ലിയ ഒരു പങ്കു മേല്പറഞ്ഞ പോലെ ഉള്ള പടങ്ങല്‍ക്കുണ്ട് എന്നുള്ള ദുഖകരമായ വസ്തുത എല്ലാരേം നടുകുന്നു. വളരെ പ്രതീക്ഷയോടെ ഓരോ പടത്തെയും സ്വീകരിക്കുന്ന എന്നെ പോലെ ഒരാള്‍ ഒരു സാധാരണ (പഴയ നല്ല പടങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോള്‍) സിനിമ വരെ നല്ലതാണു എന്ന് പറഞ്ഞു ചെലവാക്കിയ കാശിനു വേലയുണ്ടാക്കുന്നു. അല്ലാണ്ടെന്തു പറയാന്‍.

February 11, 2010 at 3:07 AM
Writings on Sand said...

മലയാള സിനിമ നന്നാവില്ല. അതിനെപ്പറ്റി ഓര്‍ത്തു കരയുകയും വേണ്ട. ആത്മഹത്യ ചെയ്യുന്നവര്‍ സഹതാപം അര്‍ഹിക്കുന്നില്ലതന്നെ. പറ്റുമെങ്കില്‍ ഒന്ന് ചെയ്യുക- ഈ ചട്ടമ്പിത്തരങ്ങള്‍ തിയറ്ററില്‍ പോയി കാണാതിരിക്കുക. ഈ സൂപ്പറും ഡ്യൂപ്പറും എല്ലാം പണിയില്ലാതെ വീട്ടില്‍ ഇരിക്കട്ടെ. പട്ടിണി കിടക്കട്ടെ. തെണ്ടട്ടെ. ആള്‍ക്കാരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങട്ടെ. അപ്പൊ തനിയെ വരും നന്നാവാനുള്ള ചിന്തകള്‍. ഇന്ത്യയിലെ ഏറ്റവും അധപ്പതിച്ച ചലച്ചിത്ര വ്യവസായം കേരളത്തിലേതാണെന്ന് ഉറപ്പിച്ചു പറയാം. Marathiയിലൊക്കെ ഈ അടുത്തുള്ള കാലത്ത് ഒന്നാന്തരം ചിത്രങ്ങള്‍ (കലാപരമായും, കമ്പോളനിലവാരത്തിലും) ഉണ്ടായി അത്രേ. ഈ പരിവര്‍ത്തനം നമ്മള്‍, കാഴ്ചക്കാര്‍ വിചാരിച്ചാലേ ഉണ്ടാവൂ. വാക്കുകള്‍ ഒരുപാട് പാഴായിപ്പോയിക്കഴിഞ്ഞു. ഇനി പ്രവൃത്തിയാണ് വേണ്ടത്. "ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്" എന്ന് ഉപഭോക്തൃസമൂഹം ഒരുമിച്ചു പറഞ്ഞെങ്കില്‍ മാത്രമേ ഒരു വ്യവസായം മാറ്റത്തിന് തയ്യാറാവൂ... ബെഞ്ച്മാര്‍ക്കുകള്‍ ഉയരുന്നത് അപ്പോള്‍ മാത്രമാണ്.

PS: അതിമനോഹരമായ ലേഖനം, പയ്യന്‍ :) ഒരുപാട് പേരുടെ ഹൃദയവേദനയാണ് ഇത്, അതില്‍ നിന്ന് ഉണ്ടാവുന്ന രോഷവും...

February 11, 2010 at 5:54 AM
പയ്യന്‍ / Payyan said...

@രഞ്ജിത്ത്: കമന്റിനു നന്ദി... നമ്മളൊക്കെ പറഞ്ഞു പറഞ്ഞു സ്വന്തം കാശിനു വിലയുണ്ടാക്കുക തന്നെയാണ്, സംശയമില്ല. അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഹിറ്റുകള്‍ മിക്കവയും തികച്ചും ശരാശരിയോ അതില്‍ താഴെയോ നിലവാരമുള്ളതായിരുന്നു.

@ മണല്‍ : മറാത്തി സിനിമയെ പറ്റി പറഞ്ഞതിനോട് യോജിക്കുന്നു. ഹരിശ്ചന്ദ്ര ഫാക്ടറി പോലയുള്ള നല്ല ചിത്രങ്ങള്‍ അവിടെ നിന്നും വരുന്നുണ്ട്. നര്‍മത്തിന്റെ ഭാഷയില്‍ പോലും. അതിനുള്ള കാരണം സ്വന്തം വീട് വിറ്റും അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ താല്പര്യം ഉള്ള സംവിധായകര്‍ ഉള്ളതുകൊണ്ടാണ്. സിനിമയോടുള്ള സത്യസന്ധമായ സ്നേഹം. അത്രയൊന്നും ആഗ്രഹിക്കുന്നില്ല.പക്ഷെ ഇവിടെ ചെയ്യുന്ന ജോലിയെയും വ്യവസായത്തെയും മനസ്സിലാക്കുന്നവരെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. :(

February 11, 2010 at 8:05 AM
Writings on Sand said...

പറയാന്‍ മറന്നു:
പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

ഇന്നലെ രാത്രി കസിന്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ മരണങ്ങളെ പറ്റിയും മലയാള സിനിമയുടെ ജീര്‍ണാവസ്ഥയെപ്പറ്റിയും സംസാരിച്ചു. ചേട്ടനും ഇതേ വാചകം പറഞ്ഞു... :(

സുകൃതക്ഷയം :(

February 11, 2010 at 10:37 AM