In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ചിന്തിപ്പിക്കുന്ന ചോദ്യം...

Tuesday, January 26, 2010

ഒരു അത്യാവശ്യ കാര്യത്തിനു നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചാണ് ആ നാല് പേരെ ഞാന്‍ പരിചയപ്പെട്ടത്. നാഗര്‍കോവിലിന്റെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ അവരുടെ അവസാന സെമെസ്റെരിന്റെ പ്രോജെക്ടു ചെയ്യാന്‍ വരികയാണ്. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ മദ്രാസ്‌ ഐ ഐ ടീയില്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു.


ഐ ഐ ടി ഒരു സംഭവമാണ് എന്ന പൊതു വിശ്വാസം കാരണം പൊതുജനത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. (അക്കരെപ്പച്ച...) അത് കൊണ്ടുതന്നെ പല ഫോളോ അപ്പ്‌ ചോദ്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. "ഏതു കോഴ്സ്?" "എത്ര വര്‍ഷം ആയി?" "നല്ല കോഴ്സ് ആണോ?" "എപ്പോ പാസ് ആകും?" "ശമ്പളം എത്രയൊക്കെ കിട്ടും?" "ബീ ടെക്കുകാരുടെ ശമ്പളം?" ഇതൊക്കെയാണ് സ്ഥിരം ചോദ്യങ്ങളുടെ രീതി. ഒരു മാതിരി എല്ലാം കേട്ടിടുണ്ട് എന്നാ മൂഡില്‍ ഇരുന്ന എന്റെ തലയില്‍ ഇടി വെട്ടിയ പോലെ ആണ് ഒരു പയ്യന്‍ ആ ചോദ്യം എറിഞ്ഞത്.


"മെറിറ്റ്‌ ആണോ പേമെന്റ് ആണോ?"


മക്കളുടെ വിദ്യാഭ്യാസം മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരച്ഛന്‍ ഇങ്ങനെ ചോദിച്ചാല്‍ മനസ്സിലാക്കാം. എഞ്ചിനീയറിംഗ് പഠിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പ്ലസ്‌ ടു വിദ്യാര്‍ഥി ഇത് ചോദിച്ചാലും ക്ഷമിക്കാം. എന്നാല്‍ അവസാന സെമെസ്റെര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഒരാള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആകും. കാരണം വലിയ ഒരളവു വരെ അത് അറിയുന്ന കാര്യങ്ങളുടെയും ചിന്തിക്കുന്ന രീതിയുടെയും കുഴപ്പമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനുള്ള ഒരു ഓപ്ഷന്‍ എന്ന നിലയില്‍ ഐ ഐ ടിയെ കാണുന്ന അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഒരാള്‍ ആദ്യം ചോദിക്കേണ്ടത് എന്തെല്ലാം കോഴ്സ് ഉണ്ടെന്നും നിലവാരം എങ്ങനെ ഉണ്ടെന്നുമൊക്കെ ഉള്ള നേരത്തെ പറഞ്ഞ തരം ചോദ്യങ്ങളാണ്. അതിനു പകരം ആദ്യത്തെ ചോദ്യം തന്നെ മെരിട്ടിനെ പറ്റി ചോദിക്കുമ്പോള്‍ അതില്‍ ഒരു ശെരികേട്‌ തോന്നുന്നില്ലേ? നമ്മുടെ നാട്ടില്‍ , മക്കളെ എങ്ങനെയെങ്കിലും എഞ്ചിനീയര്‍ ആക്കുക എന്നാ ഒറ്റ ലക്ഷ്യത്തില്‍ ജീവിക്കുന്ന ഒരുപാട് അച്ഛന്മാരും അമ്മമാരും മക്കളെ വളര്‍ത്തി കൊണ്ട് വരുന്ന രീതിയുടെയും, സ്വന്തം കഴിവുകളെയും ഭാവി ജോലിയെയും പറ്റി ചിന്തിക്കേണ്ട പ്രായത്തില്‍ അതിനു പകരം മേറിട്ടിന്റെയും പെമെന്റിന്റെയും സമവാക്യങ്ങള്‍ക്കിടയില്‍ കിടന്നു നട്ടം തിരിയുന്ന ഒരു തലമുറയുടെയും പ്രശ്നമായി ഇത് മാറുന്നില്ലേ?


( ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ചത് തിരുവനന്തപുരത്ത് ആണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ ചോദ്യം പിന്നെയും ചോദിച്ചു. "മെറിറ്റ്‌ ആണോ പേമെന്റ് ആണോ?" എന്ന്. ഏതു കോളേജ്? ഏതു ബ്രാഞ്ച്? ഇതൊന്നും അറിയണ്ട!! )


കുറഞ്ഞ പക്ഷം എഞ്ചിനീയറിംഗ് കോളേജില്‍ കയറി കഴിഞ്ഞാലെങ്കിലും മറക്കേണ്ട ഒരു കാര്യമാണ് ഈ മെരിറ്റും പെമെന്റും. കാരണം അതിന്റെ അപ്പുറത്ത് ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള അല്പം കൂടി വിശാലമായി ചിന്തിക്കേണ്ട കാലമാണത് എന്നാണ് എന്റെ വിശ്വാസം.. (ചിന്തിച്ചു തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലം...) അതിനു പകരം ഉള്നാടുകളില്‍ കേട്ടിപൊക്കുന്ന കോളേജുകളില്‍ മാര്‍ക്ക്‌ വാങ്ങാനായി മാത്രം പലപ്പോഴും പഠിക്കുന്ന വിദ്യാര്‍ഥികള്‍ പുറം ലോകത്തെ പറ്റി കൂടുതല്‍ വായിക്കാനും അടുത്തറിയാനും ശ്രമിക്കാറുണ്ടോ? മാര്‍ക്ക്‌ പ്രധാനമാണ്. സംശയമില്ല. എന്നാല്‍ അതിനപ്പുറം ഒരു ജോലിക്കോ ഉപരി പഠനത്തിനോ വേണ്ട കഴിവുകളെ പറ്റിയും ഉള്ള സാധ്യതകളെ പറ്റിയും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുവാനും പരിശീലനം നല്‍കുവാനും സര്‍വോപരി കൂടുതല്‍ അറിയാന്‍ ഉള്ള ഒരു ഡ്രൈവ് അവരില്‍ ഉണ്ടാക്കുകയും ചെയ്യാന്‍ എത്ര കോളേജുകള്‍ മുന്കൈയ്യേടുക്കുന്നുണ്ട്? കേരളത്തില്‍ ഇപ്പോള്‍ 114 എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട് എന്നാണ് ആ കൂട്ടത്തിലെ ഒരു പയ്യന്‍ പറഞ്ഞത്. അതിനു പുറമെയാണ് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നവര്‍. സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു ഇന്നലെന്കില്‍ നാളെ ഒരു ജോലിയില്‍ കയറി വളരെണ്ടവര്‍. ആ വളര്‍ച്ചയില്‍ അവരെ സഹായിക്കാന്‍ പോകുന്നത് ഇന്ന് വാങ്ങുന്ന മാര്‍ക്കുകള്‍ ആണോ? അതോ ഇന്ന് വായിക്കുന്ന പുസ്തകങ്ങളും പത്രങ്ങളുമോ? എഞ്ചിനീയര്‍ ആകാന്‍ താല്പര്യം ഉണ്ടോ എന്ന വിഷയം തന്നെ നമുക്ക് മറക്കാം. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഏറ്റവും സാധ്യതയുള്ളത് എന്ന് തോന്നിക്കുന്ന മേഖലയിലേക്ക് പോകാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കുന്നു എന്ന് നമുക്ക് വാദിക്കാം. എങ്കില്‍ പോലും നേരെ ചൊവ്വേ ചിന്തിക്കാന്‍ ഉള്ള കഴിവെങ്കിലും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനെങ്കിലും കോളേജുകള്‍ക്ക്‌ ബാധ്യതയില്ലേ? ചുരുക്കം ചില കോളേജുകള്‍ ഒഴികെ മറ്റുള്ളവ ഇതിനൊക്കെ മിനക്കെടുന്നുണ്ടോ?


(ഞാന്‍ കണ്ടത് ഒരു വണ്‍ ഓഫ് കേസ് ആയിരിക്കാം. ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.)
രണ്ടു വരികള്‍ കൂടി ചേര്‍ത്തു കൊള്ളുന്നു:

  • 48% of engineers from II tier engineering colleges do not get a job - Ma Foi Consultants (2006) (അല്പം പഴയ കണക്കാണ്)
  • World bank and FICCI finds that only 36% of EMPLOYERS are satisfied with the employability of graduates. A big 64% finds them UNEMPLOYABLE.
വാല്‍ : ഈ ലക്കം ബോബനും മോളിയും വീക്കിലിയില്‍ കാര്‍ട്ടൂണുകളെകാള്‍ തമാശയായി തോന്നിയതു ഒരു പരസ്യമാണ്. ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ ബോധവല്‍ക്കരണം നടത്താനായി ഒരു പള്ളീലച്ചന്‍ നിര്‍മിക്കുന്ന ഒരു സിനിമയുടെ പരസ്യം. ഫുള്‍ പേജ്. ഗംഭീരം. ഒരു തലമുറയും രക്ഷപ്പെടും, മലയാള സിനിമയും രക്ഷപ്പെടും. ഒരു വെടിക്ക് രണ്ടു പക്ഷി... വേ ടു ഗോ...

6 comments:

PV said...

എന്ജിനിയറിങ്ങിനെ എന്തിനു പറയുന്നു, എംബിഎ കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്‌? ഞാന്‍ നോക്കിയിട്ട് ഏതോ കാലത്ത സിലബസ്സുകള്‍ പഠിപ്പിക്കുന്നതും, പിള്ളേര്‍ മാര്‍ക്കിനു വേണ്ടി പഠിക്കുന്നതും ആണ് സംഭവിക്കുന്നത്‌. Entrepreneurship എന്നൊക്കെ സംസാരം ഉണ്ടാവാറുണ്ടെങ്കിലും നടക്കുന്നത് വിദ്യ- അഭ്യാസം മാത്രമാണ്. ഇങ്ങനെയാണോ മാനേജ്മെന്റ്റ് വിദ്യാഭ്യാസം വേണ്ടത്?

പിന്നെ, അച്ചന്‍റെ ചിത്രത്തിന് വേണ്ടി നമുക്ക് കണ്ണില്‍ എണ്ണയൊഴിച്ച്, അഞ്ചാറു മെഴുകുതിരിയും കത്തിച്ചു കാത്തിരിക്കാം... കുഞ്ഞാടുകളുടെ കണ്ണ് തുറപ്പിച്ചു, നേര്‍വഴിക്കു നടത്തുന്ന ഒരു ഉത്തമ കുടുംബ ചിത്രം ആയിരിക്കട്ടെ അതെന്നു നമുക്ക് ഈ വേളയില്, ഈ സന്ദര്‍ഭത്തില്, ഈ അവസരത്തില് പ്രത്യാശിക്കാം...
ആമേന്‍...

January 26, 2010 at 4:56 AM
ബിനോയ്//HariNav said...

പയ്യന്‍‌സേ നല്ല ലേഖനം. പണ്ടുകാലത്ത് പുരനിറഞ്ഞ് നില്‍ക്കുന്ന പെണ്ണുങ്ങള്‍ ടൈപ്പ് പഠിക്കാന്‍ പോയിരുന്ന ഗൗരവമേ ഇന്ന് പലര്‍ക്കും എഞ്ചിനീയറിങ്ങ് പഠനത്തോടുള്ളു. പള്ളീലച്ചന്‍റെ "പട"ത്തെക്കുറിച്ചുള്ള വാല്‍ ലേഖനത്തോട് ചേര്‍ത്തുവെച്ചത് നന്നായി. ചിന്താശേഷിയില്ലാത്ത മൊണ്ണകള്‍ മാത്രമുള്ള ലോകമാണ് എന്നും പൗരോഹിത്യത്തിന്‍റെ സ്വപ്നം.

തൊഴിലഥിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്

January 26, 2010 at 11:40 PM
അരുണ്‍ കരിമുട്ടം said...

എന്‍റെ പയ്യന്‍സേ, ഈ ചോദ്യം പലരോടും ഞാനും ചോദിച്ചിട്ടുണ്ട് എന്നതാ സത്യം.
അത്ര മിടുക്കനാണോ എന്ന അര്‍ത്ഥത്തിലാണെന്ന് മാത്രം!!
ലവനും അങ്ങനെ ചോദിച്ചതാണെങ്കിലോ>?

January 27, 2010 at 8:52 PM
പയ്യന്‍ / Payyan said...

ഹഹ... അരുണ്‍ സാര്‍ ... കമന്റിനു നന്ദി ... ആ ചോദ്യം ചോദിക്കുന്നതല്ല പ്രശ്നം... ആദ്യത്തെ ചോദ്യം തന്നെ അതാകുമ്പോള്‍ ഒരു പ്രയാസം... കുറെയേറെ പീ ജി കോഴ്സ്കള്‍ പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിനെ പറ്റി ഒന്നും ചോദിക്കാതെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ ഒരു പിശക് തോന്നിയത് കൊണ്ടാണ് ഈ അഭിപ്രായം പറഞ്ഞത്...

(പിന്നെ എന്നെ നേരില്‍ കണ്ടവരാരും മെരിട്ടിനെ പറ്റി ആലോചിക്കുകയേ ഇല്ല... "നീയും ഐ ഐ ടീയിലോ?" എന്നതാണ് ഞാന്‍ സാധാരണ കേള്‍ക്കുന്ന ഒരു ചോദ്യം ;) )

January 28, 2010 at 2:16 AM
Joseph Antony said...

പയ്യന്‍, നല്ല പോസ്റ്റ്. വായനക്കാരെ പീഡിപ്പിക്കുന്ന ഈ ടെംപ്ലേറ്റ് ഒന്ന് മാറ്റാമോ..

January 28, 2010 at 9:54 PM
പയ്യന്‍ / Payyan said...

കുറ്റങ്ങളും കുറവുകളും പരിഹരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു... കമന്റുകളും നിര്‍ദ്ദേശങ്ങളും നല്‍കിയ എല്ലാവര്ക്കും നന്ദി... :)

January 29, 2010 at 9:59 AM