In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ബ്ലോഗുധര്‍മ്മം!!

Thursday, October 22, 2009

മണലില്‍ എഴുതുന്നവനുമായി രണ്ടാഴ്ച മുമ്പ് നടന്ന ഒരു തര്‍ക്കം ഓര്‍മയില്‍ നിന്ന് മായും മുമ്പെയാണ് ഈ പോസ്റ്റു കാണുവാനിടയായത്. ഇത് എഴുതിയ ആളെയോ എഴുതാനുണ്ടായ സാഹചര്യമോ എനിക്കറിയില്ല. അറിയാന്‍ താല്പര്യവുമില്ല. എന്നാല്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് വിഷയം എന്നത് കൊണ്ട് എന്റേതായ ചില ചിന്തകള്‍ കുറിച്ചിടുന്നു എന്നുമാത്രം. ഇത് ഒന്നിനോടുമുള്ള പ്രതികരണമല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമാണ് ഒരു ബ്ലോഗ്‌ എന്ന മണലന്റെ  പരാമര്‍ശത്തില്‍ നിന്നാണ് ഞങ്ങളുടെ തര്‍ക്കം ചൂട് പിടിച്ചത്. ജനാധിപത്യത്തോടല്ല, അരാജകത്വത്തോടാണ് ബ്ലോഗിന് അടുപ്പം കൂടുതല്‍ എന്നാണു എന്റെ അഭിപ്രായം.അതിരുകളില്ലാത്ത സ്വാതന്ത്ര്യം കല്പിച്ചു കൊടുക്കുന്ന ഒരു മാധ്യമത്തെ ജനാധിപത്യപരമായ രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ നടത്തേണ്ട വിട്ടു വീഴ്ചകള്‍ ഒരു ബ്ലോഗിന്റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിനെതിരാനു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗ്‌ നിലനില്‍ക്കുന്നത് എഴുത്തുകാരന് വേണ്ടി മാത്രമാണ്. വായനക്കാരന്‍  ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കില്‍ അയാളുടെ അഭിപ്രായമെന്ത് എന്നീ വിഷയങ്ങള്‍ ബ്ലോഗിനെയും ബ്ലോഗറെയും സംബന്ധിച്ച് അപ്രസക്തമാണ്. മറ്റു മാദ്ധ്യമങ്ങളില്‍ നിന്ന് ബ്ലോഗിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാകണം. എനിക്ക് തോന്നുന്നതെന്തും (അത് പൊതുവായ ചുരുക്കം ചില നിയമങ്ങള്‍ക്കനുസരിച്ച് ആയിരിക്കുന്നിടത്തോളം കാലം) വാക്കിലൂടെയും വരകളിലൂടെയും, വീഡിയോയിലൂടെയും പ്രദര്ഷിപ്പികാനുള്ള സ്വാതന്ത്ര്യം മറ്റൊരു മാധ്യമവും നല്‍കില്ല. ഈ പറഞ്ഞ നിയമങ്ങള്‍ മറ്റു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കര്‍ക്കശവും എണ്ണമറ്റവയുമാണ്. മാത്രമല്ല അവയെ നിയന്ത്രിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളുടെ എണ്ണവും ശക്തിയും പോലും അധികമാണ്.

ഒരു ബ്ലോഗ്‌ (ഒരാളുടെ മാത്രം എന്നു അനുമാനം) ഒരു വ്യക്തിയുടെ മാത്രം താല്‍പര്യങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രകടനമാണ്. അതിനു പിന്നില്‍ ഒരു community / combined effort ഇല്ല. മാറിയ കാലത്തിനനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങളും മാറുമ്പോഴും അവയുടെ സാമൂഹിക പ്രാധാന്യം നഷ്ടമാകാതിരിക്കുനതിന്റെ ഒരു പ്രധാന കാരണം അവയുടെ പിന്നിലുള്ള ഈയൊരു അറിയപ്പെടുന്ന കൂട്ടായ്മയാണ് എന്നു ഞാന്‍ വാദിക്കും. ആലോചിച്ചു നോക്കൂ , വീരേന്ദ്രകുമാറിന്റെ മാത്രം ലേഖനങ്ങളും അദ്ദേഹം തിരഞ്ഞെടുക്കുന്ന വാര്‍ത്തകളും മാത്രം വരുന്ന ഒരു മാതൃഭൂമി, അത് എത്ര കുറഞ്ഞ വിലയില്‍ ആണെങ്കിലും, ആളുകള്‍ വായിക്കുമോ? മുതലാളി ആരായാലും, അറിയപ്പെടുന്ന ഒരു സംഘം ആളുകളുടെ കൂട്ടായ പ്രയത്നത്തില്‍ നിന്നുണ്ടാകുന്ന പത്രം വാങ്ങുന്ന വായനക്കാരന്‍ വിശ്വസിക്കുന്നത് ആ കൂട്ടായ്മയുടെ നന്മയിലാണ്. (നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്നു നൂറു ശതമാനം ബോധ്യം ഉള്ളപ്പോഴും ആളുകള്‍ നമ്മുടെ നാട്ടില്‍ പത്രം വാങ്ങുന്നില്ലേ?) അത് കൊണ്ട് തന്നെയാണ് ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാമൂഹിക പ്രതിബധത കല്പിച്ചു കിട്ടുന്നതും.

സമൂഹത്തില്‍ വളരെ ഭൌതികമായി തൊട്ടറിയാന്‍ സാധിക്കുന്ന ഈ സാന്നിധ്യത്തിന് ലഭിക്കുന്ന പ്രാധാന്യം ഒരു പുകമറക്കു പിന്നില്‍ അജ്ഞാതനായി നിന്ന് പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍ക്ക് ലഭിക്കില്ല. അത് കൊണ്ട് തന്നെ ബ്ലോഗുകളില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നീ തീരുമാനങ്ങള്‍ തികച്ചും അപ്രസക്തമായി തീരുന്നു. ബ്ലോഗറുടെ സ്വാഭിപ്രായത്തില്‍ മാത്രം ഊന്നി നില്‍ക്കുന്ന ഒന്നാണ് അത്. നര്‍മ്മം എഴുതണം എന്നുള്ളയാള്‍ക്ക് അതും, സമൂഹത്തിനോട് പ്രതികരിക്കണം എന്നുള്ളയാള്‍ക്ക് അതും ചെയ്യാന്‍ ഒരൊറ്റ ബ്ലോഗ്‌ മതി. ഇന്നിന്റെ മാധ്യമം ആണു ബ്ലോഗ്‌. ഈ നിമിഷത്തിന്റെ മാധ്യമം. തോന്നിവാസത്തിന്റെയും  അരാജകത്വത്തിന്റെയും മാധ്യമം. അത് കൊണ്ട് തന്നെയാണ് ബെര്‍ളിയെ പോലെയുള്ളവര്‍ ഏറ്റവും വായിക്കപ്പെടുന്നവരാക്കുന്നതും.

സമൂഹത്തിനെ നേര്‍വഴിക്കു നടത്താനും അത് പോലെ തന്നെ വഴി തെറ്റിക്കാനും ഒരു ബ്ലോഗര്‍ക്ക് അവകാശമുണ്ട്‌. കാരണം നേര്‍വഴിയേത് തെറ്റായ വഴിയേത് എന്നുള്ള കാഴ്ചപ്പാടുകള്‍ തികച്ചും വ്യക്തിപരമാണ് എന്നതാണ് ഓരോ ബ്ലോഗിന്റെയും അടിസ്ഥാനശില.
[ അതുകൊണ്ടു തന്നെയാണ് ഇതെങ്ങാനും വായിക്കുന്നവരുടെ ഗതിയോര്‍ത്ത് ലേശം പോലും ദുഖമില്ലാതെ ഇത്രയും എഴുതാന്‍ എനിക്ക് സാധിക്കുന്നതും :) ]

2 comments:

ചന്ദ്രശേഖരന്‍. പി said...

ശ്രദ്ധിക്കപ്പെടേണ്ട ഒരു നിരീക്ഷണം തന്നെയാണ്‌ ഇത്‌.

October 22, 2009 at 10:13 AM
Prasanth Vijay said...

ഇതിനുള്ളത് വഴിയേ വരും... :)

November 8, 2009 at 2:11 AM