In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

റോബിന്‍ ഹൂഡ്

Saturday, October 3, 2009



ആഡംബരവും വര്‍ണപ്പൊലിമയുമ് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ജോഷി ചിത്രങ്ങളില്‍ നിന്നും ശരാശരി മലയാളികള്‍ പ്രതീക്ഷിക്കുന്നത്. ആ നിലക്ക് റോബിന്‍ ഹൂഡ് തെറ്റില്ലാത്ത ഒരു ചിത്രമാണെന്ന് തന്നെ പറയാം. മേല്‍പറഞ്ഞ സ്ഥിരം ഫോര്‍മുലകളെ കാലത്തിനൊത്ത് മാറിയ സിനിമ സാധ്യതകളുപയോഗിച്ചു വീണ്ടും വീണ്ടും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നു എന്നതാണ് ജോഷിയിലെ മുഖ്യധാരാ സംവിധായകന്റെ വിജയം. കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിലെ ജോഷി ചിത്രങ്ങളില്‍ വെറും നാലേ നാല് നായകന്മാര്‍ മാത്രം!! (മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് - എല്ലാം സൂപ്പര്‍ താരങ്ങളായ ശേഷം മാത്രം!!‍) പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് നുകരുന്നത് എന്ന് തിരിച്ചറിഞ്ഞ പുതിയ മലയാളി പ്രേക്ഷകന് അത് കൊണ്ട് തന്നെ ജോഷി പ്രിയങ്കരനാകുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് വേഗതയുടെയും ആഡംബരത്തിന്റെയും ഭ്രമിപ്പിക്കുന്ന, തങ്ങളുടെ എത്താപ്പിടിയില്‍ നില്‍കുന്ന ലോകങ്ങളിലേക്ക് കൂട് മാറാന്‍ കൊതിക്കുന്ന സാധാരണക്കാരനെ, പ്രത്യേകിച്ച് യുവാക്കളെ റോബിന്‍ ഹൂഡ് നിരാശപ്പെടുത്തില്ല. തകര്‍പ്പന്‍ ടൈറ്റില്‍ ഗ്രാഫിക്സോടുകൂടി തുടങ്ങുന്ന ചിത്രം  പ്രിത്വിരജിന്റെ സൂപ്പര്‍ പദവിയിലേക്കുള്ള ഉയര്‍ച്ചയെ വിളിച്ചറിയിക്കുന്ന ഏറ്റവും പുതിയ കൊമ്പുവിളിയായി മാറുന്നു. റോബിന്‍ ഹൂഡ് പക്ഷെ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ആരുടേയും മനസ്സില്‍ തിരിച്ചു വരാന്‍ സാധ്യതയില്ല. സംവ്രത, ഭാവന തുടങ്ങിയ ആള്‍രൂപങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങി. നരേന്റെ തെറ്റില്ലാത്ത പ്രകടനവും ജയസൂര്യയുടെ കാക്കിയും ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല. ഒടുവില്‍ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ അവ്യക്തമായ കടും നിറങ്ങള്‍ മാത്രം ബാക്കി വെച്ചുകൊണ്ട് മറ്റൊരു ജോഷി സിനിമ കൂടി കടന്നു പോകുന്നു.

1 comments:

PV said...

ജോഷി-യെ പോലുള്ളവര്‍ക്ക് ഇപ്പോഴും അരങ്ങു ഒരുക്കുന്ന ഒരു സിനിമാലോകം എന്നെങ്കിലും നന്നാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ജോഷിയുടെ 4 നായകന്മാരെ പറ്റി പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞു: "എവരല്ലാതെ bankable stars വേറെ ഇല്ലല്ലോ". ഞാന്‍ പറഞ്ഞു, "ഇല്ല :( പ്രത്യേകിച്ചും പുള്ളിയുടെ ചിത്രങ്ങളിലെ പോലെ ഘനമുള്ള കഥപാത്രങ്ങള്‍ ആവുമ്പോള്‍ :)"

:( കഷ്ടം

October 5, 2009 at 9:24 AM